വടികൾ വളച്ച് കെട്ടി ടാർ പായ കൊണ്ട് മൂടിയ ടെന്റ്, മുട്ടിലിഴഞ്ഞ് അകത്തേക്ക്; ഒടുവിൽ വീട് നിർമിച്ചു നൽകി സൗഹൃദ കൂട്ടായ്മ

Mail This Article
പെരുവെമ്പ് ∙ പുഴയിൽ ശ്മശാനത്തിന് അരികിലായി നാലഞ്ച് വടികൾ വളച്ച് കെട്ടി അതിനു മുകളിലൂടെ ടാർ പായ കൊണ്ട് മൂടിയ ചെറിയൊരു ടെന്റ്. അകത്തേക്ക് മുട്ടിലിഴഞ്ഞ് മാത്രമെ കയറാൻ പറ്റൂ. തറ മുഴുവൻ പൂഴി. നിവർന്നു കിടക്കാനുള്ള നീളവുമില്ല. പന്നികളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ് ഇവിടം. പകൽ പോലും ആളുകൾ വരാൻ മടിക്കുന്ന സ്ഥലം. എന്നാൽ ഇതിന് അകത്താണ് കാലങ്ങളായി രവിയും ഭാര്യയും നാലു മക്കളും താമസിച്ചത്. രവിയുടെ അച്ഛൻ നടരാജൻ താമസിക്കുന്നതു കുറച്ചു മാറി കനാൽ വരമ്പിലാണ്. അവിടെയും സ്ഥിതി ഇതുതന്നെ.
ഈ അവസ്ഥ ഇനി മാറുകയാണ്. മൂന്ന് വയസ്സു മുതലുള്ള കുട്ടികളടക്കമുളള ഇവരുടെ ദയനിയ അവസ്ഥയെ കുറിച്ച് അറിഞ്ഞ ചിറ്റൂരിലെ സൗഹൃദ കൂട്ടായ്മയായ ‘വെളിച്ചം’ ഇവർക്ക് വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. കൂട്ടായ്മയിലെ അംഗങ്ങൾ സ്വന്തം കയ്യിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം സ്വരൂപിച്ചാണ് സ്ഥലം വാങ്ങി വീട് നിർമിച്ചത്.
കുട്ടികൾ പഠിക്കുന്ന തത്തമംഗലം ചെന്താമര നഗർ ജിബിയുപി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായവും ഇവർക്ക് കിട്ടി. രണ്ട് കിടപ്പ് മുറികൾ, സ്വീകരണ മുറി, അടുക്കളയും ചേർന്നതാണ് എന്നിവയും പുതിയ വീട്ടിൽ ഉണ്ട്. ഞായറാഴ്ച രാവിലെ വിഷു കൈനീട്ടമായി വീടിന്റെ താക്കോൽ നടരാജന് കൈമാറും.
വർഷങ്ങൾക്ക് മുൻപ് ആന്ധ്രയിലെ കൃഷ്ണഗിരിയിൽ നിന്ന് എത്തിയ നടരാജൻ പിന്നീട് നാട്ടിലേക്ക് തിരിച്ചു പോയില്ല. കുപ്പി പെറുക്കിയും, മറ്റ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റും ഇവിടെ കഴിഞ്ഞു കൂടി. ഇവിടെ വന്ന് അമ്പതു വർഷം കഴിഞ്ഞിട്ടും സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ആധാർ കാർഡ് അടക്കമുളള ഒരു തിരിച്ചറിയൽ രേഖയും ഇല്ല.
ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പാറക്കളത്തെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന് താഴെയുളള പുഴയിലാണ് ഇവർ കഴിയുന്നത്. മഴക്കാലത്ത് പുഴയിൽ വെള്ളം കയറിയാൽ ഇവർ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കയറും. പ്രളയത്തിലടക്കം പല തവണ ടെന്റ് ശക്തമായ പുഴ വെള്ളത്തിൽ ഒലിച്ചു പോയിരുന്നു.