കാലവർഷം ശക്തമാകാൻ ഇനിയും ഒരാഴ്ച

Mail This Article
പാലക്കാട് ∙ ജൂൺ രണ്ടാഴ്ച പിന്നിട്ടിട്ടും കനക്കാതെ കാലവർഷം. 63% ആണു പാലക്കാട്ടെ മഴക്കുറവ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ചു ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 176.7 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടതെങ്കിലും കിട്ടിയത് 65.8 മില്ലീമീറ്റർ മാത്രം. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ മഴ കുറവായിരുന്നു. 72% മഴക്കുറവാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായത്.
അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെങ്കിലും കാലവർഷം ശക്തമാകാൻ അടുത്ത ആഴ്ചയാകുമെന്നാണു നിഗമനം. കിഴക്കു ഭാഗത്തേക്കുള്ള മൺസൂൺ കാറ്റിന്റെ തള്ളൽ കുറയുന്നതാണു കാലവർഷം ദുർബലമാകാൻ കാരണം. പശ്ചിമഘട്ട മലനിരകളുടെ ഉയരം വാളയാർ ചുരത്തിനും അനുബന്ധ മേഖലയ്ക്കും ഇല്ല.
ചിറ്റൂർ പോലുള്ള പ്രദേശങ്ങളിൽ കുറഞ്ഞ മഴയ്ക്കു കാരണം ഈ ഉയരക്കുറവാണ്. കാറ്റ് നേരെ പാലക്കാടൻ ചുരത്തിൽ കടക്കുകയും കോയമ്പത്തൂർ ഭാഗത്തേക്കു തിരിയുകയും ചെയ്യുന്നതോടെ ആ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ ഇടയാകുന്നു. സമീപ വർഷങ്ങളിൽ ജില്ലയിൽ മഴ കുറയുന്ന തിനുള്ള കാരണം ഭൂവിനിയോഗത്തിലെ മാറ്റങ്ങളും വനനശീകരണവു മാണെന്നു കാലാവസ്ഥ വിദഗ്ധൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.