മുനിസിപ്പൽ സ്റ്റേഡിയം പരിസരം വൃത്തിയാക്കിത്തുടങ്ങി

Mail This Article
പാലക്കാട് ∙ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തെ വെള്ളക്കെട്ടും കാടും നീക്കാൻ നഗരസഭ നടപടി തുടങ്ങി. വർഷങ്ങളായി സ്റ്റേഡിയം പരിസരം കാടു കെട്ടിക്കിടക്കുകയാണ്. ഒപ്പം അഴുക്കുവെള്ളക്കെട്ടും ഉണ്ട്. സുൽത്താൻപേട്ട–സ്റ്റേഡിയം റോഡിനോടു ചേർന്ന ഭാഗത്തു മൂന്നാൾ പൊക്കത്തിൽവരെയാണു പാഴ്ച്ചെടികൾ പടർന്നു കിടക്കുന്നത്. ഈ ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കിത്തുടങ്ങി. നഗരത്തിലെ കണ്ണായ പ്രദേശമാണ് ഇത്തരത്തിൽ കാടുകെട്ടി ഉപയോഗശൂന്യമായി കിടക്കുന്നത്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണു ശുചീകരണ പ്രവൃത്തികൾ.
വെള്ളക്കെട്ട് പരിഹരിക്കാൻ കത്തു നൽകും
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിനു ചുറ്റും വെള്ളക്കെട്ടാണ്. പരിസരത്തെ അഴുക്കുവെള്ളവും മഴവെള്ളവും മുഴുവൻ ഒഴുക്കുന്നത് ഇവിടേക്കാണ്. അറ്റ വേനലിൽ പോലും ജലം കെട്ടിക്കിടക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ചാലുകളിൽ നിന്നുള്ള വെള്ളവും ഇവിടേക്കാണു കവിഞ്ഞൊഴുകുന്നത്. ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ പിഡബ്ല്യുഡിക്കു കത്തു നൽകും.ശാസ്ത്രീയ ചാൽ സംവിധാനം വഴി സ്റ്റേഡിയം പരിസരത്തെ മലിനജലക്കെട്ടു പരിഹരിക്കാനാണു ശ്രമം. പിഡബ്ല്യുഡി ചാലും നവീകരിക്കേണ്ടതുണ്ട്.
വീണ്ടും കാട് പിടിക്കാതിരിക്കാൻ
മുനിസിപ്പൽ സ്റ്റേഡിയത്തിനു ചുറ്റുമുള്ള സ്ഥലം വീണ്ടും കാടുകെട്ടുന്നത് ഒഴിവാക്കാനും പദ്ധതി പരിഗണിക്കുന്നുണ്ട്. പൂന്തോട്ടം അടക്കമുള്ള വിശദ പദ്ധതികളാണ് ആലോചിക്കുന്നത്.