സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ്: 5 ബിജെപി പ്രവർത്തകർക്ക് ശിക്ഷ

Mail This Article
പുതുശ്ശേരി ∙ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ 5 പ്രതികൾക്ക് 9 വർഷവും 7 മാസവും കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷ. പുതുശ്ശേരി കോവിൽപാളയം സ്വദേശികളായ സുജിത്ത് (29), സതീഷ് (32), പാണ്ഡ്യൻ (32), മോഹനൻ, (34), ഗോകുൽദാസ് (30) എന്നിവർക്കെതിരെയാണു പാലക്കാട് അസി.സെഷൻസ് ജഡ്ജി (പ്രിൻസിപ്പൽ) മിഥുൻ റോയ് ശിക്ഷ വിധിച്ചത്. രാഷ്ട്രീയ വിരോധത്താൽ, സിപിഎം പ്രവർത്തകരായ ലിജോ, സന്ദീപ് എന്നിവരെ കോവിൽപാളയത്തു വച്ച് പ്രതികൾ അടിച്ചു പരുക്കേൽപിച്ചെന്നാണു പ്രോസിക്യൂഷൻ വാദം.
2017 ഏപ്രിൽ 23നാണു കേസിനാസ്പദമായ സംഭവം. അന്നത്തെ കസബ എസ്ഐമാരായിരുന്ന റിൻസ് എം.തോമസ്, അനിൽകുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.മുരളീധരൻ ഹാജരായി. പ്രോസിക്യൂഷൻ 8 സാക്ഷികളെ വിസ്തരിച്ച് 21 രേഖകൾ സമർപ്പിച്ചു. പ്രോസിക്യൂഷൻ നടപടികൾ എഎസ്ഐ യു.അജീഷ്, സീനിയർ സിപിഒ അജീഷ് ബാബു എന്നിവർ ഏകോപിപ്പിച്ചു.