മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ ദമ്പതികൾ അപകടത്തിൽപെട്ടു; ഭാര്യ മരിച്ചു

Mail This Article
കുഴൽമന്ദം ∙ മകന്റെ വിവാഹ ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ച് ഭാര്യ മരിച്ചു. മുണ്ടൂർ വേലിക്കാട് മണ്ടകത്തിൽ ഹൗസിൽ സാറാമ്മ ഫിലിപ്പാണ് (ജോളി– 62) മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് എം.കെ.ഫിലിപ്പിന് (സണ്ണി) പരുക്കേറ്റു. ദേശീയപാത ചരപ്പറമ്പ് പള്ളിക്കു സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കാർ പൂർണമായി തകർന്നു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാർ പാെളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സാറാമ്മ സംഭവസ്ഥലത്തു തന്നെ മരിച്ചു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിലിപ്പിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
സാറാമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് കല്ലടിക്കാേട് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിൽ മരണാനന്തര ചടങ്ങുകൾ നടത്തും. തുടർന്ന് കരിമ്പ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. വ്യാഴാഴ്ച കോട്ടയം മാങ്ങാനത്തായിരുന്നു മകന്റെ വിവാഹം. വിവാഹ ചടങ്ങ് കഴിഞ്ഞ് മുണ്ടൂർ വേലിക്കാട്ടെ വീട്ടിലേക്കു വരികയായിരുന്നു സാറാമ്മയും ഫിലിപ്പും. തിങ്കളാഴ്ച മുണ്ടൂർ ഗാലക്സി ഓഡിറ്റോറിയത്തിൽ മകന്റെ വിവാഹ വിരുന്നു സൽക്കാരം നടക്കാനിരിക്കെയാണ് മാതാവിന്റെ വിയോഗം. മക്കൾ: ദിവ്യ, സാമുവൽ ഫിലിപ്പ് (ദീപു). മരുമക്കൾ: ലിബിൻ, രേശ്മ ചെറിയാൻ.