എ സോൺ കലോത്സവം: പാലക്കാട് വിക്ടോറിയ മുന്നിൽ

Mail This Article
മണ്ണാർക്കാട്∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോത്സവം ഇന്നു സമാപിക്കും. കലോത്സവം നാലാം ദിവസമായ ഇന്നലെ രാത്രി 8 മണി വരെയുള്ള പോയിന്റ് നിലയിൽ 90 പോയിന്റുമായി പാലക്കാട് വിക്ടോറിയ കോളജാണ് മുന്നിൽ. 68 പോയിന്റ് നേടി മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് രണ്ടാം സ്ഥാനത്തും പട്ടാമ്പി എസ്എൻജിഎസ് കോളജ് 62 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. കാണികൾ ഏറെയുണ്ടാകാറുള്ള ഒപ്പന, തിരുവാതിരക്കളി, വട്ടപ്പാട്ട്, കോൽക്കളി, മാർഗംകളി തുടങ്ങിയ ഇനങ്ങൾ ഇന്നാണ്.ഒന്നാം വേദിയായ തസ്രാക്കിൽ ഇന്നലെ കേരളനടനത്തോടെയാണ് തുടക്കം. തുടർന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നാടോടി നൃത്തം അരങ്ങേറി. മലയാള നാടകം ഉൾപ്പെടെയുള്ളവ രാത്രിയാണ് നടത്തിയത്. നാടകം കാണാൻ ആസ്വാദകർ ധാരാളം എത്തി. ദേശഭക്തി ഗാന വേദിയാണ് കാണികളെ കയ്യിലെടുത്തത്. മത്സരിച്ച ടീമുകൾ ഒന്നിനൊന്ന് മെച്ചമായിരുന്നു. സദസ്സും നിറഞ്ഞു കവിഞ്ഞു.
‘വല്ലങ്കി’യിലെ ശബ്ദക്കുറവിന് പ്രതികാരം ‘തരംഗിണി’യിൽ
മണ്ണാർക്കാട്∙ വല്ലങ്കി വേദിയിലെ മൈക്ക് തകരാറിനു പകരംവീട്ടിയത് തരംഗിണി വേദിയിലെ മൈക്ക് ഓഫ് ചെയ്ത്. ഇരുവേദിയിലും സംഘർഷാവസ്ഥ. പൊലീസ് ഇടപെട്ട് പരിഹരിച്ചു. മൂന്നാം വേദിയായ തരംഗിണിയിലാണ് നേരത്തെ ഗ്രൂപ്പ് മാപ്പിളപ്പാട്ട് തീരുമാനിച്ചിരുന്നത്. ഇത് നാലാം വേദിയായ തരംഗിണിയിലേക്കും ഇവിടെ നടത്താൻ നിശ്ചയിച്ചിരുന്ന ദേശഭക്തി ഗാനം വല്ലങ്കിയിലേക്കും മാറ്റി. നാലാം വേദിയിലെ മൈക്കിന് ശബ്ദമില്ലെന്നു പറഞ്ഞ് ഒരുപറ്റം വിദ്യാർഥികൾ പ്രതിഷേധവുമായി രംത്തെത്തി. തർക്കം രൂക്ഷമായപ്പോൾ പൊലീസ് ഇടപെട്ടു. ഇതിൽ പ്രതിഷേധിച്ച് ഒരു വിദ്യാർഥി മൂന്നാം വേദിയിൽ വിക്ടോറിയ കോളജ് ടീം ദേശഭക്തി ഗാനം ആലപിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്ത് ഓടി. ഇതോടെ ഇവിടെയും സംഘർഷാവസ്ഥയായി. രണ്ടിടത്തും പൊലീസ് എത്തി തർക്കം കയ്യാങ്കളിയിലേക്ക് പോകാതെ കാത്തു. വിക്ടോറിയ കോളജ് ടീമിന് വീണ്ടും അവസരം നൽകുകയും ചെയ്തു. വേദി നാലിലെ ശബ്ദക്കുറവ് പരിഹരിക്കാമെന്ന ഉറപ്പിനെ തുടർന്ന് തർക്കം അവസാനിപ്പിച്ചു.
മാപ്പിളപ്പാട്ടിൽ നിറഞ്ഞ് മോയിൻകുട്ടി വൈദ്യരുടെ ഉഹദ്, ബദർ പടപ്പാട്ടുകൾ
മണ്ണാർക്കാട്∙ മാപ്പിളപ്പാട്ട് വേദിയിൽ നിറഞ്ഞുനിന്നത് മോയിൻകുട്ടി വൈദ്യർ. ഭൂരിഭാഗം മത്സരാർഥികളും പാടിയത് മോയിൻകുട്ടി വൈദ്യരുടെ പാട്ടുകളായിരുന്നു. ഉഹദ് പടപ്പാട്ടും ബദർ പടപ്പാട്ടും ഉൾപ്പെടെയുള്ള വൈദ്യരുടെ രചനകൾ വേദിയിലെത്തി. ഒന്നര നൂറ്റാണ്ട് മുൻപ് മലയാളം കലർന്ന തമിഴിലും മലയാളം കലർന്ന സംസ്കൃതത്തിലും അറബിയിലും മോയിൻകുട്ടി വൈദ്യർ രചിച്ച പാട്ടുകളാണ് ഇന്നും മത്സരവേദികളിൽ നിറയുന്നത്.
മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വഖ്യാതി നേടിയ ഗാനരചയിതാവാണ് അദ്ദേഹം. ഇരുപതാമത്തെ വയസ്സിലാണ് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസ കാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചത്. അജ്മീറിലെ രാജാവായ മഹ്സിന്റെ മകൾ ഹുസ്നുൽ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രൻ ബദറുൽ മുനീറും തമ്മിലുള്ള പ്രണയം കൽപനാസൃഷ്‌ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ രചിച്ചത്. ബദർ പടപ്പാട്ട്, കറാമത്ത് മാല, ഉഹദ് പടപ്പാട്ട്, കിളത്തിമാല തുടങ്ങിയ ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റേതായി ഉണ്ട്.

സംഘർഷം, ലാത്തി
മണ്ണാർക്കാട്∙ സംഘാടകരും ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ മത്സരാർഥികളും തമ്മിലുള്ള തർക്കം വാക്കേറ്റത്തിൽ കലാശിച്ചു. വിധിനിർണയുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. പൊലീസ് ചെറിയ തോതിൽ ലാത്തി വീശി ഓടിച്ചു. മിക്ക ഇനങ്ങളിലും ഒരേ കോളജിന് ആദ്യ സ്ഥാനങ്ങൾ ലഭിക്കുന്നുവെന്നായിരുന്നു പരാതി. ഇതിനു ശേഷം വീണ്ടും സംഘർഷമുണ്ടായപ്പോൾ പൊലീസ് ലാത്തി വീശി. ഇന്നലെ രാത്രി ഒന്നാം വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്.