ആറുവരിപ്പാത വന്നപ്പോൾ ബസ് സ്റ്റോപ്പ് അപ്രത്യക്ഷം; നാട്ടുകാർ ചോദിക്കുന്നു, എവിടെ നിന്നാൽ ബസ് കിട്ടും?

Mail This Article
വടക്കഞ്ചേരി∙ ആറുവരിപ്പാത വന്നതോടെ വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിലെ തേനിടുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപ്രത്യക്ഷമായി, ബസ് സ്റ്റോപ് നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിക്കും നിർമാണ കമ്പനിക്കും നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല. പൊന്തക്കാട് വളർന്ന് നിൽക്കുന്ന സ്ഥലത്ത് ബസ് സ്റ്റോപ് എന്ന ബോർഡ് മാത്രമാണുള്ളത്. ബസുകൾ ദേശീയപാതയിൽ തന്നെ നിർത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രവും സർവീസ് റോഡും നിർമിക്കാത്തതിനാൽ അപകടങ്ങൾ നിത്യ സംഭവമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ നിവേദനം നൽകിയത്.
തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി മുതൽ കണ്ണമ്പ്രയിലേക്ക് തിരിയുന്ന റോഡ് വരെ സർവീസ് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമാണം മാത്രം നടന്നിട്ടില്ല. ഇവിടെ മഴവെള്ളച്ചാലുകൾ നിർമിക്കാത്തതിനാൽ മഴ പെയ്താൽ സമീപത്തെ പത്തോളം വീടുകളിൽ വെള്ളം കയറും. നിരവധി പരാതികളാണ് പ്രദേശത്തുകാർ നൽകിയത്. വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള സർവീസ് റോഡ് പൂർത്തിയാക്കാനും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. സർവീസ് റോഡ് നിർമിക്കാത്തത് മൂലം അപകടങ്ങൾ നിത്യസംഭവമായി. യാതൊരു സുരക്ഷയുമില്ല.
സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടകരമായ സ്ഥലങ്ങളിൽ സുരക്ഷാവേലി നിർമിക്കാത്തതും അപകടം വിളിച്ചുവരുത്തുന്നു. ആറുവരിപ്പാത നിർമാണം തുടങ്ങിയശേഷം ജനകീയ സമരത്തെ തുടർന്ന് കൂട്ടിച്ചേർക്കപ്പെട്ട വാണിയമ്പാറ അടിപ്പാതയുടെ നിർമാണം മാത്രമാണിപ്പോൾ നടക്കുന്നത്. മഴക്കാലത്ത് തേനിടുക്ക് പാലത്തിലും വെള്ളംകെട്ടി നിന്ന് യാത്രാക്ലേശം രൂക്ഷമാണ്. വെള്ളച്ചാലുകൾ മിക്കഭാഗത്തും ഇല്ലാത്തത് മൂലം പറമ്പുകളിൽ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. മാസ്റ്റർ പ്ലാൻ തയാറാക്കി അടുത്ത ജൂൺ മാസത്തിന് മുൻപ് ഇവിടെയുള്ള നിർമാണങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.