ട്രാക്ടറിൽ നിന്നു വീണ മാലിന്യച്ചാക്കിൽ തട്ടി ബൈക്കപകടം: യുവതിയുടെ രണ്ടാമത്തെ കുഞ്ഞും വെന്റിലേറ്ററിൽ

Mail This Article
പുതുപ്പരിയാരം ∙ പഞ്ചായത്തിന്റെ ട്രാക്ടറിൽ നിന്നു വീണ മാലിന്യച്ചാക്കിൽ തട്ടി ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളിൽ പെൺകുഞ്ഞ് വെന്റിലേറ്ററിൽ. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണു ബന്ധുക്കൾക്കുള്ള വിവരം. കുട്ടി മരുന്നിനോടു പ്രതികരിക്കുന്നുണ്ടെന്നും നേരിയതോതിൽ പാൽ കുടിക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞ് കഴിഞ്ഞദിവസം മരിച്ചു. മുട്ടിക്കുളങ്ങര കൊടിയംകാട് സ്വദേശി വി.വിഷ്ണു– അജീന ദമ്പതികൾ 19നു രാവിലെയാണ് അപകടത്തിൽപ്പെട്ടത്. മാലിന്യം കൊണ്ടുപോകുന്ന പുതുപ്പരിയാരം പഞ്ചായത്തിന്റെ ട്രാക്ടർ നിർത്തിയിട്ടിരുന്നു. ട്രാക്ടറിൽ നിന്നു റോഡിലേക്കു വീണ ചാക്കു തട്ടിയാണ് ബൈക്ക് മറിഞ്ഞത്.
പെൺകുഞ്ഞിന്റെ ആരോഗ്യം പൂർണമായി വീണ്ടെടുത്താൽ മാത്രമേ ആശുപത്രി വിടാനാവൂ. അതിന് ഇനി എത്രദിവസം വേണ്ടിവരുമെന്ന് ആർക്കും നിശ്ചയമില്ല. ചികിത്സയ്ക്ക് വലിയ ചെലവുള്ളതിനാൽ പണമില്ലാതെ ദമ്പതികൾ പ്രതിസന്ധിയിലാണ്. ചികിത്സയ്ക്ക് ഇതുവരെ 1.45 ലക്ഷം രൂപ ചെലവായി. തുടർ ചികിത്സയ്ക്കും ലക്ഷക്കണക്കിനു രൂപ ആവശ്യമാണ്. കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ പ്രയത്നിക്കുന്നുണ്ട്. ചികിത്സാ നിധിയും ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മുട്ടിക്കുളങ്ങര ബ്രാഞ്ചിലാണ് അക്കൗണ്ട്. നമ്പർ: 0737053000003601. ഐഎഫ്എസ്‌സി: SIBL0000737, ഗൂഗിൾ പേ: 9895807008.