പ്ലാപ്പള്ളി–ആങ്ങമൂഴി റോഡ് പുനരുദ്ധാരണം പൂർത്തിയായി

Mail This Article
സീതത്തോട് ∙ ശബരിമല സമാന്തരപാതയായ പ്ലാപ്പള്ളി–ആങ്ങമൂഴി റോഡിന്റെ ഒന്നാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ടാം ഘട്ട ജോലികൾ വരുന്ന ദിവസം തന്നെ ആരംഭിക്കുമെന്നു മരാമത്ത് വിഭാഗം അധികൃതർ.ഇനി തീർഥാടകർക്കു സുഗമമായി ആങ്ങമൂഴി ഇടത്താവളത്തിലേക്കു പോകാം.നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ ഈ റോഡിന്റെ ഒരു വശത്തു കൂടിയാണ് പോകുന്നത്.പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതായതോടെ റോഡിന്റെ നിർമാണവും മുടങ്ങി.2018 മുതൽ റോഡ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു.
റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. മരാമത്ത് വിഭാഗം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ മാസം സ്ഥലത്ത് എത്തി ജോലികൾ 10ാം തീയതിക്കു മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് റോഡിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്.ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമാണം. ഇതിൽ ഒന്നാം ഘട്ടമായുള്ള ബി.എം ജോലികളാണ് പൂർത്തിയായിരിക്കുന്നത്. ശബരിമല തീർഥാടനത്തിനു മുന്നോടിയായി ബി.സി ജോലികൾ ചെയ്യാനുള്ള തയാറെടുപ്പിലാണ് കരാറുകാർ.
ആങ്ങമൂഴി ജംക്‌ഷൻ വരെയാണ് ടാർ ചെയ്തിരിക്കുന്നത്. ഇതോടെ വടശേരിക്കര–ആങ്ങമൂഴി–പ്ലാപ്പള്ളി റോഡ് പൂർണമായും ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്കു ഉയരും. ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ തന്നെ യാത്ര സുഗമമായതായി ആങ്ങമൂഴി സ്റ്റാൻഡിലെ ഡ്രൈവർമാർ പറയുന്നു. നിലയ്ക്കൽ ബേസ് ക്യാംപിൽ നിന്ന് ഏകദേശം 12 കിലോമീറ്ററോളം സഞ്ചരിച്ചാൽ ആങ്ങമൂഴിയിൽ എത്താം. ബേസ് ക്യാംപിനു ഏറ്റവും അടുത്ത ഇടത്താവളം ആങ്ങമൂഴിയിലേതാണ്. ആങ്ങമൂഴി പഞ്ഞിപ്പാറയിൽ നിന്നാൽ മകരവിളക്ക് ദർശിക്കാൻ കഴിയും. ഈ കാരണങ്ങളാൽ തീർഥാടന കാലത്ത് ഈ റോഡിൽ നല്ല തിരക്കാണ്.