കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിൽ യാത്ര അപകടഭീതിയോടെ

Mail This Article
കോഴഞ്ചേരി ∙ കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിൽ അപകടഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയാതെ വാഹനയാത്രക്കാർ. കുറിയന്നൂർ ഇളപ്പുങ്കൽ–ചിറയിറമ്പ്–മാരാമൺ റോഡിലാണ് അപകടഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയാത്തത്. ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും അനുബന്ധ സൗകര്യമില്ലാത്തതാണ് അപകടക്കെണിയാകുന്നത്. തടിയൂർ – കോഴഞ്ചേരി റോഡ് സന്ധിക്കുന്ന ചിറയിറമ്പ് കവലയിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങൾ ഓടിക്കുന്നത് അപകടമുണ്ടാകുമെന്ന ഭീതിയിലാണ്. ഇരുചക്രവാഹനവും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായതും റോഡ് നവീകരണത്തിനു ശേഷമാണ്. ചിറയിറമ്പ് മാർത്തോമ്മാ പള്ളിയുടെ മുൻവശത്തുകൂടിയുള്ള റോഡിൽനിന്നെത്തുന്ന വെള്ളം ഒഴുകിയെത്തുന്നത് ചിറയിറമ്പ് കവലയിലേക്കാണ്. മണിക്കൂറുകൾ കഴിഞ്ഞാലും വെള്ളക്കെട്ട് ഒഴിയാറില്ല. ഇവിടെ കലുങ്കും ഓടയും നിർമിച്ചാൽ മാത്രമമേ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളൂ.
ചിറയിറമ്പിനും പനച്ചേരിമുക്കിനും ഇടയിലുള്ള കോശിപ്പടിയാണ് അപകടഭീതി സൃഷ്ടിക്കുന്ന മറ്റൊരു സ്ഥലം. പമ്പ ജലസേചന പദ്ധതിയുടെ ഉപകനാലിന്റെ മുകളിലുള്ള കലുങ്കിന് ആവശ്യാനുസരണം വീതിയില്ലാത്തതാണ് ഇവിടത്തെ പ്രശ്നം. ഇരുദിശകളിൽനിന്നെത്തുന്ന വലിയ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയില്ല. ഇടുങ്ങിയ കലുങ്ക് വീതി വർധിപ്പിച്ച് നിർമിക്കാൻ കഴിയുമായിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ നടപടിയെടുക്കാൻ തയാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കലുങ്കിന്റെ തകർന്നുകിടക്കുന്ന സംരക്ഷണഭിത്തിയും പുനരുദ്ധരിച്ചില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. അപകടമൊഴിവാക്കാൻ ആരോ സ്ഥാപിച്ച കൊടി മാത്രമാണുള്ളത്. ഇത് അപകടമൊഴിവാക്കാൻ മതിയാകില്ല. 10 അടിയോളം താഴ്ചയുള്ള കനാലിൽ വാഹനങ്ങൾ പതിച്ച് അപകടത്തിന് സാക്ഷ്യം വഹിക്കാം. റോഡിലെ അടയാളപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള പണികൾ നടത്തിയെങ്കിലും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം അപകടത്തിൽ ചെന്നെത്തിക്കാമെന്നാണ് യാത്രക്കാരുടെ പരാതി.