അപകടം പതിയിരിക്കുന്ന തിരുവല്ല ബൈപാസ്

Mail This Article
തിരുവല്ല ∙ അപകടം പതിയിരിക്കുന്ന മേഖലയായി ബൈപാസ്. ഇവിടെ അപകടം നടക്കാത്ത ദിവസമില്ലെന്നു മാത്രമല്ല ബൈപാസ് തുറന്നതിനു ശേഷം ഇതുവരെ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ പേർ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നു. അവസാനമായി ബൈക്കിൽ പോകും വഴി ലോറിയുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥി കഴിഞ്ഞ ദിവസം മരിച്ച സംഭവമാണ്. മന്ത്രിയുടെ വാഹനം വരെ അപകടത്തിൽ പെട്ടിട്ടും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. ബൈപാസിൽ ഏറ്റവുമധികം അപകടം നടക്കുന്നത് മല്ലപ്പള്ളി റോഡുമായി ചേരുന്ന ഭാഗത്താണ്.
ഇവിടെയാണ് കഴിഞ്ഞ ദിവസം മരിച്ച കുറ്റപ്പുഴ കാട്ടിൽപറമ്പിൽ ജെറിൻ രാജനും (21) അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളി ഭാഗത്തു നിന്നു വന്ന ജെറിൻ സഞ്ചരിച്ച ബൈക്ക് ബൈപാസിലേക്കു കടന്ന ഉടനെ രാമൻചിറ ഭാഗത്തേക്കു പോയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. ഈ ഭാഗത്ത് അപകടങ്ങൾ നടക്കുന്നത് ഏറെയും സിഗ്നൽ പ്രവർത്തിക്കാത്ത രാത്രി 8 മുതൽ രാവിലെ 8 മണി വരെയുള്ള സമയത്താണ്. ഉന്നത നിലവാരത്തിൽ നിർമിച്ച ബൈപാസിനെ മുറിച്ചുകടക്കുന്ന തിരുവല്ല - മല്ലപ്പള്ളി റോഡ് ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ്.
89 കോടി രൂപ അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നിർമാണവും തുടങ്ങിയിട്ടില്ല. ബൈപാസ് വഴി പോകുന്ന വാഹനങ്ങൾക്ക് മല്ലപ്പള്ളി റോഡും അതുവഴി വരുന്ന വാഹനങ്ങളും കാണാൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. നാലു റോഡും ചേരുന്ന ഭാഗത്തിന്റെ മൂന്നു വശവും ഒരു ബസിനെക്കാളും ഉയരത്തിൽ കാടാണ്. റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നുള്ള ബൈപാസ് റോഡ് മല്ലപ്പള്ളി റോഡിൽ ചേരുന്ന ഭാഗത്ത് ഇരുവശവും ഉയർന്ന പുരയിടവും കാടുമൂടികിടക്കുന്നതുമാണ്.
റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നു ബൈപാസ് 90 ഡിഗ്രി വളവു തിരിഞ്ഞാൽ മല്ലപ്പള്ളി റോഡിലേക്കെത്തുന്നത്. വളവു തിരിഞ്ഞാൽ 5 സെക്കൻഡ് പോലും വേണ്ട മല്ലപ്പള്ളി റോഡിലെത്താൻ. ഇതുകാരണം മല്ലപ്പള്ളി റോഡിൽ നിന്നുള്ള വാഹനങ്ങൾ പെട്ടെന്നാണ് ബൈപാസ് വഴി വരുന്ന വാഹനത്തിനു മുന്നിലെത്തുന്നത്. വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾ സിഗ്നൽ പോലും കാണുന്നത് തൊട്ടടുത്ത് എത്തുമ്പോഴാണ്. വളവും വശങ്ങളിലെ കാടുമാണ് വാഹനങ്ങളെ അപകടത്തിലാക്കുന്നത്. ഇതോടൊപ്പം വാഹനങ്ങളുടെ അമിതവേഗതയും കാരണമാകുന്നുണ്ട്.