ദർശനപുണ്യം തേടി തീർഥാടകർ; സന്നിധാനത്തേക്കുള്ള ചരക്കു നീക്കം മന്ദഗതിയിൽ
Mail This Article
ശബരിമല ∙ മോട്ടർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് ഉള്ള ട്രാക്ടറുകൾ കുറവ്. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ചരക്കു നീക്കം മന്ദഗതിയിലായി. ശർക്കരയുമായി വന്ന ട്രാക്ടർ ഞായറാഴ്ച രാത്രി സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട് 13ാം വളവിൽ മറിഞ്ഞു. ഇതേ തുടർന്നു വനം വകുപ്പ് നിയന്ത്രണം കടുപ്പിച്ചു. മോട്ടർ വാഹന വകുപ്പിന്റെ പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ട്രാക്ടറുകൾ ഒന്നും ഓടാൻ പാടില്ലെന്ന് അവർ നിയന്ത്രണം കടുപ്പിച്ചു. ചരക്കു കയറ്റി പന്തളം രാജാ മണ്ഡപത്തിനു സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയ എല്ലാ ട്രാക്ടറും അവർ പരിശോധിച്ചു.
13 എണ്ണത്തിനു മാത്രമാണ് പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളത്. അവ മാത്രം ഓടാൻ അനുവദിച്ചു. മറ്റു ട്രാക്ടറുകൾ എല്ലാം പമ്പയിൽ കിടക്കുകയാണ്. തിങ്കളാഴ്ച റാന്നിയിൽ നിന്നു ജോയിന്റ് ആർടിഒ എത്തി പമ്പയിൽ ഉള്ള ട്രാക്ടറുകൾ പരിശോധിച്ചു. പോരായ്മകൾ കണ്ടെത്തിയവ അടിയന്തരമായി പണി ചെയ്ത് ഫിറ്റ്നസ് എടുക്കാൻ നിർദേശിച്ചു. അല്ലാത്തവയുടെ സർട്ടിഫിക്കറ്റ് മെയിൽ ചെയ്തു കൊടുക്കുമെന്ന് അറിയിച്ചാണ് അവർ പോയത്.
എന്നാൽ അപാകത ഇല്ലെന്നു കണ്ട ട്രാക്ടറുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്നലെ സന്ധ്യ വരെയും എത്തിയില്ല. ഇതുകാരണം സന്നിധാനത്തേക്ക് വഴിപാട് സാധനങ്ങൾ, ഹോട്ടലുകൾ, അന്നദാന മണ്ഡപം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങളുടെ നീക്കവും കാര്യമായി നടക്കുന്നില്ല.
‘റാന്നി, എരുമേലി വഴി പമ്പയ്ക്ക് ചെങ്ങന്നൂരിൽ നിന്ന് സർവീസ് വേണം’
ശബരിമല ∙ തീർഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി ചെങ്ങന്നൂരിൽ നിന്ന് റാന്നി, എരുമേലി വഴി പമ്പയ്ക്ക് സർവീസ് തുടങ്ങണമെന്ന ആവശ്യം ശക്തം. കന്നി അയ്യപ്പന്മാർ എരുമേലി പേട്ട തുള്ളിയ ശേഷം ശബരിമല എത്തി ദർശനം നടത്തുന്നതാണ് ആചാരം. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തീർഥാടകർക്കു ചെങ്ങന്നൂരിൽ നിന്ന് എരുമേലിക്കു നേരിട്ട് ബസ് സൗകര്യം ഇല്ല. കെഎസ്ആർടിസി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പമ്പയ്ക്കാണ് പ്രധാനമായും സർവീസ് നടത്തുന്നത്.
ട്രെയിനിൽ എത്തുന്ന തീർഥാടകർ എരുമേലിയിൽ പോകണമെങ്കിൽ ഇപ്പോൾ കോട്ടയത്ത് ഇറങ്ങേണ്ട സ്ഥിതിയാണ്. ശബരിമലയുടെ കവാടമായിട്ടാണ് ചെങ്ങന്നൂരിനെ വിളിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നു പമ്പയ്ക്ക് നേരിട്ട് ബസ് കിട്ടുമെന്ന പ്രത്യേകതയുള്ളതിനാൽ തീർഥാടകർ ചെങ്ങന്നൂർ ഇറങ്ങാനാണു താൽപര്യം കാണിക്കുന്നത്. എന്നാൽ എരുമേലി വഴി പമ്പയ്ക്ക് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് താൽപര്യമില്ല. 45 പേരുള്ള സംഘം ഉണ്ടെങ്കിൽ ബസ് ബുക്ക് ചെയ്ത് പോകാനാണ് കെഎസ്ആർടിസി പറയുന്നത്.
നാലും അഞ്ചും പേർ മാത്രമുള്ള സംഘത്തിന് ഇത് സാധിക്കില്ല.അതിനാൽ അവർ നേരെ പമ്പയിൽ എത്തി ദർശനം നടത്തുന്നു. ആചാരം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ വിഷമം തീർഥാടകർ പങ്കുവച്ചു. ചിലർ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ എരുമേലിക്കു പോകുന്നു.
അങ്ങനെ അഞ്ചാംദിവസം സ്പെഷൽ പൊലീസെത്തി; സേവനം തുടങ്ങി
റാന്നി ∙ ശബരിമല തീർഥാടനം തുടങ്ങി അഞ്ചാം നാളിൽ സ്പെഷൽ പൊലീസെത്തി. ഇന്നലെ മുതൽ അവർ സേവനം ആരംഭിച്ചു. എല്ലാ വർഷവും തീർഥാടന കാലത്ത് റാന്നി ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്പെഷൽ പൊലീസിനെ നിയമിച്ചിരുന്നു. എന്നാൽ തീർഥാടക തിരക്കാരംഭിച്ചിട്ടും ഗതാഗത കുരുക്കു വർധിച്ചിട്ടും അവരുടെ സേവനം ലഭിച്ചിരുന്നില്ല. ഇത് ഇന്നലെ മനോരമയിൽ ചിത്രം സഹിതം വാർത്തയായിരുന്നു.
റാന്നി സ്റ്റേഷനിൽ പൊലീസുകാർ കുറവായതിനാൽ ടൗണിൽ സേവനത്തിനു നിയോഗിക്കാനും കഴിഞ്ഞിരുന്നില്ല. റാന്നി സ്റ്റേഷനിലെ സേവനത്തിനു 10 പേരെയാണ് നിയമിച്ചിരിക്കുന്നത്. പെരുമ്പുഴ ടൗൺ, കണ്ടനാട്ടുപടി, റാന്നി ബ്ലോക്കുപടി, മന്ദിരം, പ്ലാച്ചേരി, ഇട്ടിയപ്പാറ എന്നിവിടങ്ങളിലാണ് അവരെ ഇന്നലെ മുതൽ സേവനത്തിനു നിയോഗിച്ചത്.