കുഴികളുടെ പെരുമയിൽ തിരുവല്ല സ്റ്റാൻഡ്

Mail This Article
തിരുവല്ല ∙ വലിയ കുഴികൾ. അതിൽ നിറഞ്ഞ് ഇന്നലത്തെ മഴയിൽ പെയ്ത വെള്ളം. പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് തിരുവല്ലയിലെ നഗരസഭാ സ്വകാര്യ ബസ് സ്‌റ്റാൻഡ്. ദിവസവും നൂറിൽ അധികം ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. സ്റ്റാൻഡിനുള്ളിൽ 15 വലിയ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നു. മഴ പെയ്താൽ ബസ് സ്റ്റാൻഡ് വലിയ കുളമായി മാറുമെന്ന് ബസ് കണ്ടക്ടർ ടിജോ പറഞ്ഞു.
മഴവെള്ളത്തിന് പുറമെ ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടിയും വെള്ളം കുഴികളിൽ നിറയുന്നു. യാത്രക്കാർക്കും ബസ് തൊഴിലാളികൾക്കും കുഴികൾ പേടി സ്വപ്നമാണ്. ബസിൽ നിന്ന് ഇറങ്ങുമ്പോൾ കുഴികളിൽ വീണ് പരുക്ക് പറ്റിയവരുണ്ട്. കുഴികളിൽ വീണ് വാഹനങ്ങളുടെ പ്ലേറ്റ് ഒടിയുന്നത് നിത്യസംഭവമാണന്ന് ബസ് കണ്ടക്ടർ രമേശ് പറഞ്ഞു.
പ്ലേറ്റ് മാറണമെങ്കിൽ 25000 രൂപയിൽ അധികം ചെലവ് വരും. ഇത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും ബസ് ജീവനക്കാർ പറഞ്ഞു. സ്വകാര്യ ബസ്റ്റാൻഡിന്റെ നവീകരണം നഗരസഭയുടെ പരിഗണനയിലുണ്ടന്ന് നഗരസഭാ അധ്യക്ഷ അനു ജോർജ് പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തതയാണ് നിർമാണത്തിന് തടസ്സമാകുന്നത്. വരുന്ന ബജറ്റിൽ ഇതിനായി തുക നീക്കിവയ്ക്കുമെന്നും അധ്യക്ഷ അറിയിച്ചു.
ബസുകളിൽ നിന്ന് പ്രതിദിനം 20 രൂപാ മുതൽ 30 രൂപാ വരെ സ്റ്റാൻഡ് ഫീസായി പിരിക്കുന്നുണ്ട്. ഇത് പിരിക്കാൻ തിരുവല്ല നഗരസഭ ലേലം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്ന് ശുചിമുറി നിർമിച്ചിട്ട് ഒന്നര വർഷത്തിൽ അധികമായി. എന്നാൽ ഇത് തുറന്ന് കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്റെ പരിസരങ്ങളാണ് പ്രധാനമായും ആവശ്യക്കാർ ഉപയോഗിക്കുന്നത്. സ്റ്റാൻഡിന്റെ പരിസരത്ത് എങ്ങും മാലിന്യമാണ്. ഇവിടെ യാത്രക്കാർക്കായുള്ള വെയിറ്റിംഗ് ഷെഡിന് സമീപം കാട് വളർന്നിട്ടു വെട്ടി മാറ്റാനും നടപടിയില്ല. ഇവിടം നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ്. സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നവീകരണം അനിവാര്യമാണന്ന് യാത്രക്കാർ പറയുന്നു.