സൗകര്യങ്ങളില്ലാതെ വലഞ്ഞ് ശബരിമല തീർഥാടകർ

Mail This Article
റാന്നി ∙ തിരക്കേറിയിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് ശബരിമല തീർഥാടകർ. റാന്നി ടൗണിലെ പ്രധാന ഇടത്താവളമായ രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ കാഴ്ചയാണിത്. ശബരിമലയ്ക്കുള്ള തീർഥാടക തിരക്കു വർധിച്ചതോടെ കേരളത്തിനകത്തും പുറത്തും നിന്നുള്ളവർ രാമപുരം ക്ഷേത്രത്തിൽ വിരി വയ്ക്കാനെത്തുന്നുണ്ട്. വാഹനങ്ങളിലും നടന്നും എത്തുന്നവരാണവർ. ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമിച്ചിട്ടുള്ള ഓഡിറ്റോറിയത്തിലാണ് തീർഥാടകർ വിശ്രമിക്കുന്നത്. അവർക്കു കിടക്കാൻ റാന്നി പഞ്ചായത്ത് ലഭ്യമാക്കിയ പായ മാത്രമാണുള്ളത്. മഴ പെയ്താൽ മേൽക്കൂരയിലെ വെള്ളം ഉള്ളിലെത്തും. പിന്നീട് വിരി വയ്ക്കാനാകില്ല. തീർഥാടകർക്കു സുരക്ഷിതമായി ഇവിടെ കിടക്കാനും കഴിയില്ല. മൊബൈൽ ഫോണുകൾ മോഷണം പോകുന്നത് പതിവായി. ഇന്നലെ രാവിലെയും ഫോൺ നഷ്ടപ്പെട്ടു. മുൻപ് തീർഥാടന കാലത്ത് സ്പെഷൽ പൊലീസിന്റെ സേവനം അമ്പലത്തിൽ ലഭിച്ചിരുന്നു. ഇത്തവണ അതുണ്ടായിട്ടില്ല. തീർഥാടകർക്കു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ആകെയുള്ളത് 3 ശുചിമുറികൾ മാത്രം. തിരക്കേറുമ്പോൾ ഇതു മതിയാകുന്നില്ല. വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണിത്. എംഎൽഎ ഫണ്ടിൽ നിർമിച്ച വിശ്രമ കേന്ദ്രത്തിലെ ശുചിമുറികൾ പ്രയോജനപ്പെടുത്തുന്നില്ല.

റാന്നി മേജർ ജല വിതരണ പദ്ധതിയിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. 12,000 ലീറ്ററിന്റെ സംഭരണിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് തീർഥാടകർ കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും വെള്ളമെടുക്കുന്നത്. വിരിവയ്ക്കുന്നവർ അധികവും ഇവിടെ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുകയാണ്. കൂടാതെ സന്നദ്ധ സംഘങ്ങൾ ഭക്ഷണം തയാറാക്കി നൽകുന്നുണ്ട്. പമ്പാനദിയിലെ പെരുമ്പുഴ ബോട്ടുജെട്ടി, റാന്നി പള്ളിയോടം എന്നീ കടവുകളിലാണ് മുൻപ് തീർഥാടകർ കുളിച്ചിരുന്നത്. ചെളി നിറഞ്ഞിരിക്കുന്നതിനാൽ കടവുകളിൽ ഇപ്പോൾ ഇറങ്ങാനാകുന്നില്ല. ഇതോടെയാണ് തീർഥാടകർ അമ്പലത്തിൽ തന്നെ കുളിയും തുടങ്ങിയത്. വെള്ളം മലിനമാക്കാതിരിക്കാൻ ഇതിനായി 5 ഷവറുകൾ ഉപദേശക സമിതി സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് തീർഥാടകരെത്തുന്ന ഇടത്താവളമായിട്ടും ദേവസ്വം ബോർഡ് ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. മാറിയെത്തുന്ന പ്രസിഡന്റുമാരെല്ലാം പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ഇവിടെ ഒന്നും പ്രവൃത്തിയിലെത്തിയിട്ടില്ല.