എബ്രഹാമിന് ജീവിതം തിരിച്ചുപിടിക്കണം, അന്ന് നാട്ടിലെത്തിയത് കാൽ മുറിഞ്ഞുപോകുന്ന വേദനയുമായി

Mail This Article
കടുത്ത പനിയെ തുർന്നാണ് ഹൈദരാബാദിലെ ജോലി സ്ഥലത്തു നിന്ന് ഈ ക്രിസ്മസ് കാലത്ത് നാട്ടിലേക്ക് പോരാൻ പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോ (സണ്ണി–59) തീരുമാനിക്കുന്നത്. ട്രെയിനിൽ ടിക്കറ്റില്ല. ബസിൽ കയറി 3 ദിവസം കൊണ്ടാണ് തിരുവല്ല വരെ എത്തിയത്. നടക്കാൻ വയ്യ. കാൽ മുറിഞ്ഞുപോകുന്നത്ര വേദന. വന്ന ഉടൻ തന്നെ ആശുപത്രിയിൽ കാണിച്ചു. പ്രമേഹം ബാധിച്ച് വലത്തുകാൽ മുറിച്ചു കളയേണ്ട സ്ഥിതിയിലാണെന്ന് ഡോക്ടർമാർ വിധിയെഴുതി.
ജീവൻ അടപകടത്തിലാണെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും അവർ പറഞ്ഞു. 7 ലക്ഷത്തോളം രൂപയാണ് കാൽ മുറിക്കാനും കൃത്രിമക്കാൽ പിടിപ്പിക്കാനും അവർ ചോദിച്ചത്. പണം കണ്ടെത്താനാകാത്തതിനാൽ വീട്ടിലേക്ക് തിരികെ പോയി. പക്ഷെ അവിടെ എത്തിയതും കാലിലെ അണുബാധ ശരീരത്തെ മുഴുവൻ ബാധിക്കുന്ന സ്ഥിതിയായി. നിലയ്ക്കാതെ ഇക്കിൾ വരുന്നതായിരുന്നു അണുബാധയുടെ ഒരു ലക്ഷണം. കാൽ ഉറുമ്പ് അരിക്കാനും കൂടുതൽ വേദനിക്കാനും തുടങ്ങി. നിലത്തു കാൽ കുത്തുന്നതിനെപ്പറ്റി ചിന്തിക്കാനാവാത്ത സ്ഥിതി. പണം ഇല്ലെങ്കിലും വീണ്ടും ആശുപത്രിയിൽ പോകാതെ മാർഗമില്ലെന്ന സ്ഥിതിയിലാണ് എറണാകുളം മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി ഓങ്കോളജി വിഭാഗം ഡയറക്ടറായ ഡോ. തോമസ് വർഗീസിനെ അടുത്ത ബന്ധുവഴി പരിചയപ്പെടുന്നത്.
പിറ്റേന്നു തന്നെ ആംബുലൻസിൽ എറണാകുളത്തേക്ക്. ആംബുലൻസ് ചാർജ് നൽകിയത് സുഹൃത്തുക്കൾ. കാലിനെ അണുബാധ മാറ്റാൻ ശസ്ത്രക്രിയ ചെയ്തു. തൊലിയും മറ്റും ഇളക്കിയുള്ള ശസ്ത്രക്രിയ. കരിയാൻ കൂട്ടാക്കാത്ത മുറിവുകൾ. ഒടുവിൽ പെരുവിരൽ മുറിച്ചു മാറ്റാതെ തരമില്ലെന്നായി. ശ്വാസതടസ്സം, മൂത്രത്തിലെ അണുബാധി ഉൾപ്പെടെ അനുബന്ധപ്രശ്നങ്ങൾ. രോഗിക്ക് എന്തും സംഭവിക്കാവുന്ന അവസ്ഥ. കാലിനെ രക്ത ഓട്ടം വർധിപ്പിക്കാൻ ഹൈപ്പർബേറിക് ഓക്സിജൻ തെറപ്പിയും തുടങ്ങണെന്ന് ഡോ. തോമസ് വർഗീസ് നിർദേശിച്ചു. ഉണങ്ങാത്ത മുറിവ്, ശസ്ത്രക്രിയാ മുറിവുകൾ, സ്തനാർബുദ ശസ്ത്രക്രിയ മുറിവ്, വെരിക്കോസ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ചികിത്സയാണ് ഹൈപ്പർബേറിക്. മഞ്ഞുമ്മൽ ആശുപത്രിക്കടുത്തുള്ള ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ ഈ ചികിത്സ ലഭ്യമാണ്.
ഇവിടെ ഫിസിയോ തെറപ്പി വിഭാഗത്തിന്റെ ചുമതലയിലാണ് എച്ച്ബിഒടി ചികിത്സ. 32 ദിവസം നീണ്ട തെറപ്പി ഫലം കണ്ടു. ഒപ്പം ഓങ്കോളജി രംഗത്തെ സർജറി വിദഗ്ധനായ ഡോ. തോമസ് വർഗീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മുറിവു കരിയാനുള്ള പലതരം മരുന്നുകൾ മാറി മാറിയുള്ള ചികിത്സയും തുടർന്നു. ഹൃദ്രോഗം മുതൽ പനി വരെയുള്ള പലതരം വെല്ലുവിളികൾ ഇതിനു പുറമെ. ഗുരുതരാവസ്ഥയിൽ പലതവണ വെന്റിലേറ്ററിലായി. ആദ്യഘട്ടത്തിൽ ഒപ്പം നിൽക്കാൻ സഹോദരൻ തോമസ് ഏബ്രഹാം ഉണ്ടായിരുന്നെങ്കിലും അയിരൂരിലെ കുടുംബവീട്ടിൽ 90 വയസ്സുള്ള മാതാവിനെ പരിചരിക്കേണ്ടതിനാൽ വായ്പൂര് സ്വദേശിയായ തമ്പിയാണ് തുടർന്നു സഹായത്തിനു നിന്നത്. ഇപ്പോൾ കാലിലെ മുറിവു കരിഞ്ഞു. 95% സ്ഥിതി മെച്ചപ്പെട്ടു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഏതാനും ദിവസത്തിനകം ആശുപത്രി വിടാം. എല്ലാ ദിവസവും കാൽ വെച്ചുകെട്ടണം. കാൽ രക്ഷിക്കാനായെങ്കിലും ഏകദേശം 9 ലക്ഷത്തോളം രൂപ ചെലവായി.
അയൽക്കാരായ സുഹൃത്തുക്കളും ചില കുടുംബങ്ങളും അടുത്ത ബന്ധുക്കളും ഇടവകയും കുടുംബയോഗവും പ്രാർഥനാക്കൂട്ടായ്മയും അയിരൂർ വാട്സാപ് കൂട്ടായ്മയും മറ്റും നൽകിയ സഹായംകൊണ്ടാണ് ആശുപത്രിയിലെ കാര്യങ്ങൾ മുമ്പോട്ടു പോയത്. എന്നാൽ ബാക്കി ബിൽതുക കൂടി അടയ്ക്കാനുള്ള മാർഗം തേടുകയാണ് ഏബ്രഹാം ചാക്കോയും സഹോദരനും കുടുംബാംഗങ്ങളും. 20 വർഷത്തോളം ഗൾഫ് മേഖലയിൽ പെട്രോളിയം പ്ലാന്റിലും സ്കാഫോൾഡിങ് മേഖലയിലും ജോലി ചെയ്ത ഏബ്രഹാമിന് സമ്പാദ്യം ഒന്നുമില്ല. കാഞ്ഞീറ്റുകരയിലെ കുടുംബ വീടിനോട് ചേർന്ന് നിർമിച്ച വാർക്ക വീട് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ അഭയമാണ്. സ്കാഫോൾഡിങ് രംഗത്ത് ഏറെ വൈദഗ്ധ്യം തെളിയിച്ച ഏബ്രഹാം ഈ രംഗത്ത് പലരുടെയും ഗുരുസ്ഥാനീയനും ടീം ലീഡറുമായിരുന്നു.
മലയാളി ഉടമസ്ഥതയിൽ പെട്രോളിയം റിഗിലെ ഉപകരാറുകൾ ഏറ്റെടുത്ത ഗൾഫ് അലീഡ് ഇൻഡൽ കമ്പനി ഗൾഫിൽ നിയമക്കുരുക്കിൽ പെട്ടതാണ് പ്രശ്നമായത്. വാഗ്ദാനം ചെയ്ത ശമ്പളം ഇന്നുവരെ കിട്ടിയിട്ടില്ല. കഷ്ടിച്ച് നിത്യച്ചെലവു കഴിച്ചു മുന്നോട്ടുപോകാനായി എന്നു മാത്രം. സൗദി വിട്ട് ബഹ്‌റൈനിലും കുറെക്കാലം ജോലിക്കു ശ്രമിച്ചു. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. കുറച്ചു പണമെങ്കിലും കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായ സ്ഥിതിയാണ്. ഒറ്റയ്ക്കു ജീവിക്കുന്ന ഏബ്രഹാം ചാക്കോയ്ക്ക് മുമ്പിൽ മറ്റു മാർഗങ്ങളില്ല.
സഹോദര പുത്രൻ തുച്ഛമായ ശമ്പളത്തിൽ നിന്നു മാസം തോറും നൽകുന്ന ചെറിയ സഹായമാണ് ഏകാശ്രയം. ഉറ്റ സുഹൃത്തുകളുടെയും മറ്റും സ്നേഹവും കരുതലുമാണ് 2 മാസം പിന്നിടുന്ന ആശുപത്രി വാസത്തിനിടയിലും മുന്നോട്ടു ജീവിക്കാൻ പ്രേരണയേകുന്നത്. ഡോക്ടർമാരുടെ സമർപ്പിത സേവനവും കർശന ചികിത്സയും ദൈവകൃപയുമാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെ വരാൻ കഴിഞ്ഞതിനു പിന്നിലെന്ന് ഏബ്രഹാം വിശ്വസിക്കുന്നു. ആശുപത്രി ചികിത്സയ്ക്ക് ചെലവായ തുകയുടെ ഒരു പങ്കെങ്കിലും സുമനസ്സുകളിൽ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അയിരൂർ ചെറുകോൽപ്പുഴ ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ് ഏബ്രഹാം ചാക്കോയുടെ പേരിൽ അക്കൗണ്ട് ഉള്ളത്.
അക്കൗണ്ട് നമ്പർ: 037401000015745
സ്വിഫ്റ്റ് കോഡ്: IOBAINBB004
ഐഎഫ്എസ്‌സി: IOBA0000374
ഫോൺ, ഗൂഗിൾ പേ നമ്പർ: 8891799838