ADVERTISEMENT

വിഴിഞ്ഞം ∙ പ്രകൃതി ഭംഗിയുള്ള ആഴിമല കടൽത്തീരത്ത് ശിവ രൂപ വിസ്മയം. പിന്നിൽ അല തല്ലുന്ന കടലിനു മേലെ തല ഉയർത്തി നിൽക്കുന്നത് കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവ രൂപം.ഗംഗയെ ആവാഹിച്ച് ജഡയിൽ ചൂടുന്ന ഭാവമുള്ള ഗംഗാധരേശ്വര രൂപം കാഴ്ചക്കു സജ്ജമായി.പാറമേൽ ഇരിക്കുന്ന ശിവരൂപത്തിന്റെ നാലു കൈകളിലൊന്നു ത്രിശൂലം മുറുകെ പിടിച്ചും മറ്റൊന്ന് ജഡയിൽ ചൂഡിയും വലം കൈളിലൊന്നിൽ ഉടുക്കും മറ്റൊരു കൈ തുടയിൽ വിശ്രമിച്ചും ഉള്ള രൂപത്തിനു ആകെ ഉയരം 58 അടി.

ജഡ അഴിച്ചിട്ട രൂപത്തിൽ മുഖം തെല്ലുയർത്തിയ നിലയിലാണ്. ജഡയിൽ ഗംഗാദേവിയെ കുടിയിരുത്തിയ നിലയും കാണാം. കഴുത്തിൽ നാഗത്തെക്കൂടാതെ രുദ്രാക്ഷവും തലയോട്ടികളിലുമുള്ള മാലകളും. ചടുലമാർന്ന ഭാവത്തോടെയുള്ള മിഴിവൊത്ത ശില്പം കാഴ്ചക്കാരുടെ മനസിൽ തങ്ങും. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് നേതൃത്വത്തിലാണ് കഴിഞ്ഞ ആറു വർഷത്തെ കഠിനാധ്വാനത്തിന്റെയും തപസ്യ പോലുള്ള അർപ്പണ ബോധത്തിന്റെയും പ്രതിരൂപമായി ഗാംഭീര്യമേറിയ ശിവ രൂപം ഉയർന്നത്.

ആഴിമല ശിവക്ഷേത്രത്തിലും കടൽ തീരത്തിനും മധ്യത്തെ പാറക്കൂട്ടങ്ങൾക്ക് മുകളിലാണ് ശിവ രൂപം. കാറ്റിന്റെ ഗതിവിഗതികൾ മനസിലാക്കി കോൺക്രീറ്റിലാണ് ശില്പ നിർമാണം.ശിവ രൂപത്തിനു പിന്നിലെ വിശാലമായ കടൽപ്പരപ്പും നീലാകാശവും കാഴ്ചക്കു വീണ്ടും ചാരുതയേകും.

താഴെ ധ്യാന മണ്ഡപം:

ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാന മണ്ഡപവും ഒരുങ്ങുന്നു. ശിവരൂപത്തിനു വശത്തെ ചെറു ഗുഹാകവാടത്തിലൂടെ പ്രവേശിച്ചു 27 പടിക്കെട്ടുകളോടെയാണ് ഇതിലേക്കുള്ള വഴി. ചുവരുകളിൽ ശില്പ ചാരുത കാണാം. അർദ്ധനാരീശ്വര രൂപവും, ശിവന്റെ ശയനരൂപവും ശില്പ രൂപത്തിൽ കാണാം. ക്ഷേത്ര ഐതിഹ്യവും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ധ്യാനമണ്ഡപം മുതൽ ശിവരൂപം വരെ തറനിരപ്പിൽ നിന്നുള്ള ഉയരം 78 അടി.

ശില്പ ആശയത്തിനു പിന്നിൽ:

മിഴിവാർന്ന ശിവ രൂപം യാഥാർഥ്യമാക്കിയത് പ്രദേശവാസിയും ശില്പകലയിലെ ബിരുദധാരിയുമായ ദേവദത്തൻ(28). ആഴിമല ശിവക്ഷേത്രത്തിലെ മേൽ ശാന്തി ജ്യോതിഷ് ആണ് ശിവരൂപം എന്ന ആശയം മുന്നോട്ടു വച്ചത്. ബിരുദ പഠന കാലത്തു തന്നെ ഈ വലിയ ഉദ്യമത്തിനു ഈ ചെറുപ്പക്കാരൻ തുടക്കമിട്ടു.

ജീവിതത്തിലെ ആദ്യത്തെ വലിയൊരു ദൗത്യം വിജയകരമായി പൂർത്തി ആയതിന്റെ സന്തോഷത്തിലാണ് ദേവദത്തൻ. ശിവരൂപം കാണാനെത്തുന്ന ഭക്തജനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകും എന്ന് ട്രസ്റ്റ് പ്രസിഡന്റ് വി. സത്യശീലൻ, ജനറൽ സെക്രട്ടറി എസ്. വിജേഷ് എന്നിവർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com