സ്വിഫ്റ്റിന്റെ സിറ്റി സർക്കുലർ ബസുകൾ ഓടിക്കാൻ നാലു വനിതകൾ
Mail This Article
തിരുവനന്തപുരം∙ നഗരത്തിലെ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളുടെ ഡ്രൈവർമാരായി നിയമിക്കുന്ന ആദ്യഘട്ട വനിതകളുടെ പരിശീലനം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഏഴു പേരാണ് ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ടതെങ്കിലും നാലു പേരാണ് പരിശീലനം പൂർത്തിയാക്കുന്നത്. ഏഴു പേരിൽ 5 പേർക്കായിരുന്നു വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ഹെവി ലൈസൻസ് ഉള്ളത്. ഇവരിൽ ഒരാൾക്ക് കൈക്കു പരുക്കേറ്റതിനാൽ പരിശീലനം മുടങ്ങി.
മലപ്പുറം സ്വദേശി ഷീന സാം, തൃശൂർ സ്വദേശികളായ ഐ.എം. ശ്രീക്കുട്ടി, ജിസ്ന ജോയി, തിരുവനന്തപുരം സ്വദേശി അനില എന്നിവരാണ് ആദ്യം സ്വിഫ്റ്റിൽ ഡ്രൈവർ സീറ്റിലെത്തുന്നത്. 9 മീറ്റർ നീളമുള്ള 163 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലറിന്റെ ഭാഗമാകുന്നത്. ഇതിലേക്ക് 400 ഡ്രൈവർമാരെയാണ് നിയമിക്കേണ്ടത്. ഇതിൽ നൂറു പേർ വനിതകളായിരിക്കും.
ആദ്യം അപേക്ഷ ക്ഷണിച്ചപ്പോൾ ഹെവി ലൈസൻസുള്ള വനിതകളുടെ എണ്ണം കുറവായിരുന്നു. ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ടെത്താനാണ് സ്വിഫ്റ്റിന്റെ ശ്രമം. നഗരത്തിൽ ചെറുതും വലുതുമായ ബസുകൾ ഓടിച്ച് പരിചയമായശേഷം ഒരു വർഷം കഴിഞ്ഞ് സ്വിഫ്റ്റിന്റെ ദീർഘദൂര ബസുകളിലേക്ക് ഇവരെ നിയോഗിക്കാനാണ് പദ്ധതി.