ഫിഷറീസ് വകുപ്പിന്റെ ഹോട്ടൽ: കേരള സീ ഫുഡ് കഫേ തുറന്നു

Mail This Article
വിഴിഞ്ഞം∙തൊഴിൽ തീരം പദ്ധതിയിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന് മത്സ്യബന്ധനമല്ലാത്ത ഒരു തൊഴിൽ ഉറപ്പുവരുത്തുന്നതു ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ. രണ്ടര വർഷത്തിനുള്ളിൽ പുനർഗേഹം–ലൈഫ്മിഷൻ പദ്ധതിയിൽ വാസയോഗ്യമായ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആഴാകുളത്ത് ഫിഷറീസ് വകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ മത്സ്യവിഭവ റസ്റ്ററന്റ് –'കേരള സീ ഫുഡ് കഫേ' – ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. കഫേ പൊതുജനങ്ങൾക്കായി തുറന്നു. കേരളമാകെ ഇത്തരം റസ്റ്ററന്റുകൾ തുടങ്ങുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തിൽ പ്രധാന ടൗൺ ഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
വിഴിഞ്ഞത്ത് സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങളും നല്ല ഭക്ഷണവും ലഭ്യമാക്കുകയാണ് സീ ഫുഡ് റസ്റ്ററന്റുകൾ ലക്ഷ്യമാക്കുന്നത്. പൂന്തുറയിൽ പരീക്ഷണാർഥം നടപ്പാക്കുന്ന തീരസംരക്ഷണ പദ്ധതി വിജയിച്ചാൽ കേരളത്തിലെ 600 കിലോമീറ്റർ ദൂരമുള്ള തീരം ചെലവു കുറച്ചു സംരക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധനത്തിനിടെ മരിച്ച ലീല കൃഷ്ണന്റെ ആശ്രിതർക്ക് മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ.പി. സഹദേവൻ, കെഎസ് സിഎഡിസി മാനേജിങ് ഡയറക്ടർ പി.ഐ.ഷേഖ് പരീത് മത്സ്യഫെഡ് ഭരണസമിതി അംഗം ആർ.ജറാൾഡ്, ജനറൽ മാനേജർ എം.എസ്.ഇർഷാദ് എന്നിവർ പ്രസംഗിച്ചു.