ADVERTISEMENT

തിരുവനന്തപുരം∙ ഭക്തിനിർഭരമായ ആറാട്ടോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം സമാപിച്ചു. വൈകിട്ട് 4.30ന് ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡ വാഹനങ്ങളിൽ ശ്രീപത്മാനാഭനെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെയാണ് ആറാട്ട് ചടങ്ങുകൾക്കു തുടക്കമായത്. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി അകമ്പടി സേവിച്ചു.

തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും അനുഗമിച്ചു. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള  ആറാട്ട് വിഗ്രഹങ്ങളും പടിഞ്ഞാറേ നടയിൽ അണിനിരന്നു. സായുധ പൊലീസും കരസേനയുടെ മദ്രാസ് ബ്രിഗേഡും ആചാര ബഹുമതി നൽകി. വേൽക്കാർ, കുന്തക്കാർ, വാളേന്തിയവർ, പട്ടമേന്തിയ ബാലകർ, പൊലീസിന്റെ ബാൻഡ് സംഘം എന്നിവർ ഘോഷയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഘോഷയാത്ര പടിഞ്ഞാറേ കോട്ട വഴി വള്ളക്കടവിൽ എത്തി. അവിടെ നിന്നു വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര ശംഖുമുഖം കടപ്പുറത്ത്  എത്തിയത്.  ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്, പെരിയനമ്പി കെ.രാജേന്ദ്ര അരിമണിത്തായ, പഞ്ചഗവ്യത്തുനമ്പി  തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വിഗ്രഹങ്ങളെ ആറാടിച്ചു.  ആറാട്ട് കണ്ട് വണങ്ങാൻ ഒട്ടേറെ ഭക്തർ മണ്ഡപത്തിലെത്തി.

രാത്രിയോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു. ഇന്ന് രാവിലെ 9.30നു ക്ഷേത്രത്തിൽ ആറാട്ട് കലശം നടക്കും. ആറാട്ട് ഘോഷയാത്രയ്ക്ക് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, തുളസി ഭാസ്‌ക്കരൻ, കരമന ജയൻ, എക്സിക്യൂട്ടീവ് ഓഫിസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com