ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന മെട്രോ റെയിൽവേയുടെ അലൈൻമെന്റിൽ വീണ്ടും മാറ്റം വരുത്താൻ സർക്കാർ നിർദേശം. അലൈൻമെന്റ് മാറ്റം വരുത്തി പുതിയ റൂട്ടിന്റെ സാധ്യത പരിശോധിച്ച് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഗതാഗത വകുപ്പ് കെഎംആർഎലിനു നിർദേശം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു (കെഎംആർഎൽ) വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തയാറാക്കിയ അലൈൻമെന്റ് പ്രകാരം കഴക്കൂട്ടം പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപത്താണ് മെട്രോ ടെർമിനൽ നിർമിക്കേണ്ടത്. 

എന്നാൽ, മെട്രോ നിർമാണം തുടങ്ങുമ്പോൾ ദേശീയപാത 66 നിർമാണം പൂർത്തിയാകുമെന്നതിനാൽ പള്ളിപ്പുറം – കഴക്കൂട്ടം ഭാഗത്തു ദേശീയപാതയുടെ മധ്യത്തിലൂടെ മെട്രോ ലൈനിന്റെ തൂണ് നിർമിക്കാൻ പ്രയാസമാകും. ഈ ഭാഗത്ത് മെട്രോ ലൈൻ കടന്നു പോകേണ്ട റോഡിൽ അഞ്ചു കിലോമീറ്ററോളം ദൂരം എലിവേറ്റഡ് പാതയായതിനാൽ അത്രയും ഉയരത്തിൽ തൂണുകൾ നിർമിക്കേണ്ടി വരും. 

ആറു വരിയിൽ പുതിയതായി നിർമിക്കുന്ന ദേശീയപാതയ്ക്ക് ദീർഘകാലത്തേക്കു തകരാർ ബാധ്യത (ഡിഫക്ട് ലയബിലിറ്റി) കാലാവധിയുള്ളതിനാൽ റോഡ് കുഴിച്ച് മെട്രോ തൂൺ നിർമിക്കാൻ ദേശീയപാതാ അതോറിറ്റി അനുവദിക്കാനിടയില്ല. റോഡ് നിർമാണം നടക്കുമ്പോൾ തന്നെ മെട്രോ നിർമാണം തുടങ്ങിയിരുന്നെങ്കിൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ, അലൈൻമെന്റ് സംബന്ധിച്ച തീരുമാനം പോലും ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ നിർദേശം ഇങ്ങനെ
കഴക്കൂട്ടം ടെക്നോപാർക്കിനു മുന്നിൽ മെട്രോ ലൈൻ ആരംഭിക്കണം. അതിനു സമീപത്തെ തരിശു ഭൂമിയിൽ മെട്രോ ടെർമിനലും ഷണ്ടിങ് യാഡും നിർമിക്കണം. മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ടെക്നോപാർക്ക് മുതൽ പുത്തരിക്കണ്ടം മൈതാനം വരെയാകണം. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, ടെക്നോപാർക്ക്, മെഡിക്കൽ കോളജ്, വൈദ്യുതി ഭവൻ, സെക്രട്ടേറിയറ്റ്, നിയമസഭ, യൂണിവേഴ്സിറ്റി കോളജ്, വിവിധ സർക്കാർ– സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാൽ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്.

നിർദേശിക്കുന്ന റൂട്ട് 
ടെക്നോപാർക്ക് – കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ് – ഉള്ളൂർ – മെഡിക്കൽ കോളജ് – മുറിഞ്ഞപാലം – പട്ടം – പിഎംജി – നിയമസഭയ്ക്കു മുന്നിലൂടെ പാളയം – ബേക്കറി ജംക്‌ഷൻ – തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ – തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ – പുത്തരിക്കണ്ടം മൈതാനം.

രണ്ടാം ഘട്ടം
നിലവിലെ ഒന്നാം ഘട്ടം അവസാനിക്കുന്നത് കിള്ളിപ്പാലത്താണ്. ഇവിടം മുതൽ മുതൽ നെയ്യാറ്റിൻകര വരെയാണ് രണ്ടാം ഘട്ടമായി നിർദേശിച്ചിരുന്നത്. ഇതിനു പകരം പാളയത്തു നിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാം ഘട്ടം നിർമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

English Summary:

he Kerala government is considering further alignment changes to the Thiruvananthapuram Metro Rail project. The transport department has requested KMRL to assess the feasibility of a new route and submit a report within two months. This development could significantly impact the project's timeline and scope.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com