നീല നിറം വേണമെന്ന് എംഎൽഎ, മഞ്ഞ വേണമെന്ന് നാഷനൽ ഹെൽത്ത് മിഷന്; ആശുപത്രി കെട്ടിടം തുറന്നില്ല
Mail This Article
ഇലകമൺ∙ പെയിന്റിങ് നിറത്തിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി പണിത പുതിയ ഒപി ബ്ലോക്ക് കെട്ടിടം പൂട്ടിയതായി പരാതി. എംഎൽഎ ഫണ്ടിൽ നിർമിച്ച കെട്ടിടത്തിന്റെ പണികൾ ഏതാനും മാസം മുൻപ് പൂർത്തിയായിരുന്നു. പെയിന്റ് ചെയ്ത ഘട്ടത്തിലാണ് നിറം മാറിയതിനെതിരെ എതിർപ്പുമായി എംഎൽഎ രംഗത്ത് വന്നത്. നീല നിറത്തിനു പകരം മഞ്ഞ ഉപയോഗിച്ചതാണ് തർക്കത്തിനു കാരണം.
എംഎൽഎ ഫണ്ട് ആയതിനാൽ നീല നിറം വേണമെന്നാണ് എംഎൽഎയുടെ വാദം. എന്നാൽ നാഷനൽ ഹെൽത്ത് മിഷന്റെ നിർദേശം മാനിച്ചാണ് മഞ്ഞ അടിച്ചതെന്ന നിലപാടിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടയുള്ളവർ നിന്നു. കെട്ടിടത്തിന്റെ നിറം നീലയാക്കി എംഎൽഎയുടെ പേരും ഫണ്ടും എഴുതിച്ചേർത്തെങ്കിലും ഇതുവരെ കെട്ടിടം തുറന്നില്ല. നിർമാണ ചുമതലയുള്ള ആറ്റിങ്ങൽ മരാമത്ത് വിഭാഗം കെട്ടിടം ആരോഗ്യവിഭാഗത്തിനു കൈമാറിയിട്ടുമില്ല.
നാഷനൽ ഹെൽത്ത് മിഷൻ ഫണ്ട് ലഭിക്കണമെങ്കിൽ കെട്ടിടത്തിന്റെ നിറം മഞ്ഞയാകണം. അര നൂറ്റാണ്ടിനു മേൽ പഴക്കമുള്ള ആരോഗ്യ കേന്ദ്രത്തിൽ ഒരു കാലത്ത് ഇൻ പേഷ്യന്റ് സൗകര്യം വരെയുണ്ടായിരുന്നതാണ്. ശരാശരി 200–300 പേർ നിലവിൽ ഒപിയിൽ എത്തുന്നുണ്ടെങ്കിലും സ്റ്റാഫുകളുടെ പരിമിതി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന പരാതിയുണ്ട്. താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി.