ക്രൂര റാഗിങ്: തുപ്പിയ വെള്ളം നിർബന്ധിച്ചു കുടിപ്പിച്ചു, വളഞ്ഞിട്ടു മർദിച്ചു; ‘വെറും പീഡനമെന്ന്’ പൊലീസ്

Mail This Article
തിരുവനന്തപുരം ∙ ജില്ലയിൽ 3 വിദ്യാലയങ്ങളിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായതായി പരാതി. റാഗിങ്ങല്ല, മർദനമാണെന്നാണു പൊലീസിന്റെ നിലപാട്.
ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർഥി
പാലോട് ജവാഹർ നവോദയ വിദ്യാലയത്തിൽ ഹരിയാന നവോദയ വിദ്യാലയത്തിൽനിന്ന് മൈഗ്രേഷൻ പദ്ധതിയിൽ വന്ന വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് 9–ാം ക്ലാസ് വിദ്യാർഥി ക്ലാസ്മുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. മറ്റു വിദ്യാർഥികളാണു രക്ഷപ്പെടുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം. റാഗിങ്ങാണു കാരണമെന്നു രക്ഷിതാക്കൾ പറയുമ്പോൾ പൊലീസും സ്കൂൾ അധികൃതരും അതു നിഷേധിച്ചു. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണു കാരണമെന്ന് പ്രിൻസിപ്പൽ മീനാകുമാരിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി പാലോട് എസ്എച്ച്ഒ എസ്.അനീഷ്കുമാറും പറഞ്ഞു. എന്നാൽ, റാഗിങ്ങിന് തെളിവുണ്ടെന്നു രക്ഷിതാക്കൾ പറയുന്നു. .
പരാതി നൽകിയതിന് ക്രൂരമർദനം
പാറശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളജിലാണ് സംഭവം. മൂന്നാം വർഷ നിയമ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ താമസസ്ഥലത്തെത്തി ആക്രമിച്ചു. പരുക്കേറ്റ വിദ്യാർഥി നെടുമങ്ങാട് തെക്കതുവിള രേവതിയിൽ ബി.എസ്.അഭിറാം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം വർഷ വിദ്യാർഥികളായ അഖിൽ, ശ്രീജിത്ത്, ബെനോ, വിജിൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അഭിറാമിന്റെ നിലവിളികേട്ടു സമീപവീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് പ്രതികൾ പിന്തിരിഞ്ഞത്. തലയ്ക്കു സാരമായി പരുക്കേറ്റു.
കാര്യവട്ടത്തും റാഗിങ്
കാര്യവട്ടം ഗവ.കോളജിൽ 2 ജൂനിയർ വിദ്യാർഥികൾക്കു റാഗിങ് നേരിടേണ്ടിവന്നുവെന്നാണു പരാതി.ഇരുകൂട്ടരും പൊലീസിനും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസ് (21), ഒന്നാം വർഷ ബയോ കെമിസ്ട്രി വിദ്യാർഥി അഭിഷേക് (21) എന്നിവർക്കാണു മർദനം ഏറ്റത്. സീനിയർ വിദ്യാർഥികളായ 7 പേർക്കെതിരെ കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.
അഭിഷേകിനെ യൂണിയൻ ഓഫിസിലെത്തിച്ചായിരുന്നു മർദിച്ചത്. ബിൻസ് ജോസിനോടു മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിർത്തി. തളർന്ന ബിൻസ് വെള്ളം വേണം എന്നു ചോദിച്ചപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. തുടർന്ന് വളഞ്ഞിട്ടു മർദിച്ചു. അവസാന വർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.