പാമ്പിന് പെഡസ്റ്റൽ ഫാൻ, ഹിമാലയൻ കരടിക്കു ഐസ് പഴങ്ങൾ, കാണ്ടാമൃഗത്തിന് ഷവർ...

Mail This Article
തിരുവനന്തപുരം ∙ പാമ്പിന് പെഡസ്റ്റൽ ഫാൻ വച്ചു, ഹിമാലയൻ കരടിക്കു തണുപ്പിച്ച് ഐസ് രൂപത്തിലാക്കി പഴങ്ങൾ, കാണ്ടാമൃഗത്തിന് കുളിക്കാൻ മുഴുവൻ സമയവും ഷവർ. തണ്ണിമത്തനും വെള്ളരിയും ഇടയ്ക്ക് കൊടുത്തുകൊണ്ടിരിക്കും. ചൂട് മൃഗശാലയിലെ ‘താമസക്കാർക്കു’ കാര്യമായി കരുതലാണ് നൽകുന്നത്. കടുവയ്ക്കു സിംഹത്തിനുമൊക്കെ മെനുവിൽ ബീഫിനൊപ്പം സ്ട്രെസ് കുറയ്ക്കുന്ന സപ്ലിമെന്റുകൾ നൽകി തുടങ്ങി.
മാനുകൾക്ക് പ്രത്യേക ചെളിക്കുളങ്ങൾ ഉണ്ടാക്കി നൽകി. എല്ലാ മൃഗങ്ങളുടെ കൂടുകളിലേക്കും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വെള്ളം സ്പ്രേ ചെയ്യുന്നു. മൃഗങ്ങൾക്ക് സൂര്യാഘാത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്നു ചികിത്സ നൽകാൻ മൃഗശാലയിലെ ആശുപത്രിയിൽ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മൃഗശാലയിലെ മെഡിക്കൽ വിഭാഗം മേധാവി ഡോ. നികേഷ് കിരൺ പറഞ്ഞു.
പാമ്പുകൾക്കാണ് ചൂട് കൂടുതൽ പ്രശ്നം. ഓരോ കൂട്ടിലും ഫാനുകൾ സ്ഥാപിച്ചാണ് ഇവരെ തണുപ്പിക്കുന്നത്. ഒട്ടകപ്പക്ഷികൾക്ക് ഓലയും മറ്റും കൊണ്ട് മറയുണ്ടാക്കി. കുരങ്ങുകൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം കുറയാതെ നോക്കുന്നു. ഹിമക്കരടികൾക്ക് പഴവർഗങ്ങളെല്ലാം ഫ്രീസ് ചെയ്ത് ഐസിൽ പൊതിഞ്ഞാണ് നൽകുന്നത്. ചൂട് കൂടിയാൽ മറ്റു സ്ഥലങ്ങളിലേക്ക് ദേശാടനം ചെയ്യുന്ന പക്ഷികളും ഇഷ്ടം പോലെയുണ്ട്. ഇവരുടെ കൂടുകളിലേക്ക് വെള്ളം സ്പ്രേ ചെയ്തുകൊണ്ടിരിക്കും.