അടവു തെറ്റാതെ ഉണ്ണി ഗുരുക്കൾ; നവതിയിൽ പുരസ്കാര നിറവ്
Mail This Article
ചാവക്കാട് ∙ കളരി ഗുരുക്കളായി 74 വർഷം പിന്നിട്ട ഉണ്ണി ഗുരുക്കൾക്ക് ലഭിച്ച കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം കളരിപ്പയറ്റിനുള്ള അംഗീകാരമായി. നവതി നിറവിൽ നിൽക്കുമ്പോഴാണ് 2019 ലെ പുരസ്കാരം ഗുരുക്കൾക്കു ലഭിക്കുന്നത്. ലോകത്തിന്റെ നാനാതുറകളിലായി അനേകായിരം ശിഷ്യന്മാരുള്ള ഗുരുക്കളുടെ നേട്ടം പ്രദേശത്തിനാകെ അഭിമാനമായി. ചാവക്കാട് വല്ലഭട്ടാ കളരിയിൽ 90–ാം വയസ്സിലും മുറ തെറ്റാത്ത കളരിച്ചുവടുകളുമായി ഉണ്ണി ഗുരുക്കളുണ്ട്. മുടവങ്ങാട്ടിൽ സി. ശങ്കരനാരായണ മേനോൻ ആറാം വയസിലാണ് അച്ഛൻ ശങ്കുണ്ണി പണിക്കരിൽ നിന്ന് കളരി പഠിക്കാൻ തുടങ്ങിയത്. 16–ാം വയസിൽ ഗുരുക്കളായി. ശങ്കരനാരായണ മേനോനെ ശിഷ്യരും നാട്ടുകാരും സ്നേഹത്തോടെ ഉണ്ണി ഗുരുക്കളെന്ന് വിളിച്ചു.
കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റിനെ കടൽകടത്തിയ ഗുരുക്കൾ ഫ്രാൻസിലും ബെൽജിയത്തിലും ഉൾപ്പെടെ കളരിയുടെ ശാഖകൾ തുടങ്ങി. അൻപതോളം ലോകരാഷ്ട്രങ്ങളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുബായ് യാത്രയിലും വല്ലഭട്ടാ സംഘം കളരിപ്പയറ്റ് അവതരിപ്പിച്ചിരുന്നു. 1953 ൽ തുടങ്ങിയ വല്ലഭട്ടാ കളരിയിൽ ഗുരുക്കൾ ചുവടുകൾ പഠിപ്പിച്ചുവിട്ടത് ആയിരങ്ങളെയാണ്. കേരള കലാമണ്ഡലം സിൽവർ ജൂബിലി അവാർഡ്, നെഹ്റു യുവകേന്ദ്ര അവാർഡ്, സുവർണമുദ്ര അവാർഡ്, ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷൻ ആജീവനാന്ത ബഹുമതി തുടങ്ങി ഒട്ടേറെ ബഹുമതികളും ഗുരുക്കളെ തേടിയെത്തി. മക്കളായ കൃഷ്ണദാസ് ഗുരുക്കൾ, രാജൻ ഗുരുക്കൾ, ദിനേശൻ ഗുരുക്കൾ എന്നിവരും വല്ലഭട്ടാ കളരിയിൽ ഗുരുക്കളുടെ ശിഷ്യരായുണ്ട്.