തൃപ്രയാർ ഏകാദശി ആഘോഷിച്ചു

Mail This Article
തൃപ്രയാർ∙ തൃപ്രയാർ എകാദശിക്ക് ആയിരങ്ങളെത്തി. രാവിലെ എട്ടരയോടെ ശിവേലി എഴുന്നള്ളിപ്പ് ആരംഭിച്ചു. തൃപ്രയാർ തേവർ സ്വർണക്കോലത്തിൽ എഴുന്നള്ളി. 24 ഗജവീരന്മാർ അണിനിരന്നു. ദേവസ്വം ശ്രീരാമൻ സ്വർണക്കോലമേറ്റി. തിരുവമ്പാടി ചന്ദ്രശേഖരൻ വലംകൂട്ടും പുതുപ്പുള്ളി സാധു ഇടം കൂട്ടുമായി. കിഴക്കൂട്ട് അനിയൻ മാരുടെ പ്രമാണത്തിൽ മേളകലാകാരന്മാർ പഞ്ചാരിയിൽ വാദ്യവിസ്മയം തീർത്തു. തുടർന്ന് കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരക്കച്ചേരിയായിരുന്നു. മണലൂർ ഗോപിനാഥ് സന്താനഗോപാലം ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.
ഉച്ചതിരിഞ്ഞ് 3 ന് കാഴ്ചശീവേലി തുടങ്ങി. 15 ഗജവീരന്മാർ അണിനിരന്നു. പുതുപ്പുള്ളി സാധു തിടമ്പേറ്റി. ഊട്ടോളി മഹാദേവൻ വലംകൂട്ടും വലിയപുരയ്ക്കൽ സൂര്യൻ ഇടംകൂട്ടുമായി. പെരുവനം സതീശൻമാരാരുടെ പ്രമാണത്തിൽ ധ്രുവമേളം അകമ്പടിയായി. .എടനാട് രാമചന്ദ്രനമ്പ്യാർ പാഠകം അവതരിപ്പിച്ചു. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തൃപ്രയാർ രമേശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അരങ്ങേറി. കാണിക്കയിടൽ പ്രധാനമായ വിളക്കിനെഴുന്നള്ളിപ്പ് മേളത്തിന്റെ അകമ്പടിയോടെ രാത്രി നടന്നു.
ഇന്നു പുലർച്ചെ 2 നു തൃപ്രയാർ രമേശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അവതരിപ്പിച്ചു.. തുടർന്ന് ദ്വാദശി സമർപ്പണം ആരംഭിച്ചു. നീലകണ്ഠൻ അടിതിരിപ്പാട്, വല്ലഭൻ അക്കിത്തിരിപ്പാട്, രാമാനുജൻ അക്കിതിരിപ്പാട്, ശ്രീകണ്ഠൻ സോമയാജിപ്പാട്, ശങ്കരനാരായണൻ അടിതിരിപ്പാട്, ഋഷികേശൻ സോമയാജിപ്പാട്, പരമേശ്വരൻ സോമയാജിപ്പാട്, വാസുദേവൻ അടിതിരിപ്പാട് എന്നിവർ ദ്വാദശിപ്പണം സ്വീകരിച്ചു. ഇന്നു രാവിലെ 8 നു ദ്വാദശി ഊട്ട് തുടങ്ങും. തുടർന്ന് നടയടക്കുന്നതോടെ ഏകാദശിക്ക് സമാപനമാകും. ഏകാദശി ഊട്ടിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു. ഇന്നലെ രാവിലെ എഴരയോടെയാണ് ഊട്ട് തുടങ്ങിയത്.