ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തും

Mail This Article
ചാലക്കുടി ∙ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ കാപ്പ ചുമത്തി 6 മാസത്തേക്കു നാടു കടത്താൻ ഡിഐജി എസ്. അജിതാബീഗം ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായി 54 ദിവസത്തെ ജയിൽവാസത്തിനുശേഷം ഫെബ്രുവരി 13നാണു നിധിന് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബർ 22നാണ് കേസിന് ആസ്പദമായ സംഭവം. ഗവ. ഐടിഐയിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിധിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറി ജീപ്പ് തകർത്തുവെന്നാണ് കേസ്.
അന്നുതന്നെ കസ്റ്റഡിയിലെടുത്ത നിധിനെ സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തിൽ പ്രവർത്തകർ മോചിപ്പിച്ചിരുന്നു. ബലമായി മോചിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും അശോകൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ല. എസ്ഐ എം.അഫ്സൽ അടക്കം 5 പൊലീസ് ഉദ്യോഗസ്ഥരുമായി ഓടിക്കൊണ്ടിരുന്ന ജീപ്പാണ് ആക്രമിച്ചത്. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട നിധിൻ പിറ്റേന്ന് ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണു പിടിയിലായത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണു നിധിനെതിരെ ചുമത്തിയിട്ടുള്ളത്.