തീരദേശത്ത് അനധികൃത മണ്ണെണ്ണ വിൽപന വ്യാപകം
Mail This Article
കൊടുങ്ങല്ലൂർ ∙ തീരദേശത്ത് അനധികൃത മണ്ണെണ്ണ വിൽപന വ്യാപകം. തമിഴ്നാട്ടിൽ നിന്നു എത്തിക്കുന്ന മണ്ണെണ്ണ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കടകൾക്കു മുൻപിലും വീടുകളിലും സ്റ്റോക്ക് ചെയ്താണു മണ്ണെണ്ണ വിൽപന. തീരദേശത്തെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ബ്ലാക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വാങ്ങുന്നത്. മൂടുവെട്ടി, ഡപ്പ വള്ളങ്ങളിലെ തൊഴിലാളികളാണു മണ്ണെണ്ണ ആശ്രയിക്കുന്നത്. ഇവർക്കു ഒരു ദിവസം 40 ലീറ്റർ മണ്ണെണ്ണ വരെ വേണ്ടി വരും. മത്സ്യഫെഡ് മുഖേന ലഭിക്കുന്നത് പെർമിറ്റ് ഒന്നിന് 128 മുതൽ 190 ലീറ്റർ വരെ ആണ്. ഇതാണ് മത്സ്യത്തൊഴിലാളികൾ അനധികൃത മണ്ണെണ്ണ വിൽപനയെ ആശ്രയിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ആവശ്യത്തിനു മണ്ണെണ്ണ ലഭിക്കാതെ ആയതോടെ വിൽപന തകൃതിയായത്. അഴീക്കോട്, പേബസാർ, പി.വെമ്പല്ലൂർ, കഴിമ്പ്രം എന്നിവിടങ്ങളിൽ എല്ലാം അനധികൃത വിൽപനയുണ്ട്. ലീറ്ററിന് 100 രൂപയാണ് തമിഴ്നാട്ടിൽ നിന്നു എത്തിക്കുന്ന മണ്ണെണ്ണ വില. ചിലയിടങ്ങളിൽ 85 രൂപയ്ക്കും നൽകുന്നുണ്ട്. മത്സ്യ ഫെഡിൽ നിന്നു സബ്സിഡി നിരക്കിൽ 75 രൂപയ്ക്കു മണ്ണെണ്ണ ലഭിക്കുമെങ്കിലും തൊഴിലാളികൾ ഭൂരിഭാഗവും അനധികൃത മണ്ണെണ്ണയാണ് ആശ്രയിക്കുന്നത്.
സബ്സിഡി ലഭിക്കാൻ കാലതാമസം നേരിടുമെന്നാണു തൊഴിലാളികൾ പറയുന്നത്. എന്നാൽ, അതതു മാസം സബ്സിഡി വിതരണം ചെയ്യാറുണ്ടെന്നു മത്സ്യ ഫെഡ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അനധികൃത മണ്ണെണ്ണ വിൽപന തടയേണ്ടതും കേസ് എടുക്കേണ്ടതും താലൂക്ക് സപ്ലൈ അധികൃതരാണ്. എന്നാൽ, കൊടുങ്ങല്ലൂരിൽ ഇതു സംബന്ധിച്ച് അന്വേഷണമോ പരിശോധനയോ ഒന്നും ഇല്ല. സുരക്ഷ ഒരുക്കാതെ മണ്ണെണ്ണ അനധികൃതമായി സൂക്ഷിക്കുന്നതു കുറ്റകരമാണ്. അപകടം വരും മുൻപേ അനധികൃത മണ്ണെണ്ണ വിൽപന തടയണമെന്നാണു ജനകീയ ആവശ്യം.