കൊരട്ടിമുത്തിയുടെ തിരുനാൾ : 19നും 20നും എട്ടാമിടവും 26നും 27നും പതിനഞ്ചാമിടവും ആഘോഷിക്കും

Mail This Article
കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മുത്തിയുടെ തിരുനാളിനു തീർഥാടക പ്രവാഹം. പ്രധാന തിരുനാൾ ദിനങ്ങളായ ശനിയും ഇന്നലെയുമായി കേരളത്തിന് അകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിനു തീർഥാടകരാണ് എത്തിയത്. പുലർച്ചെ മുത്തിയുടെ രൂപം പുറത്തെടുത്ത ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. പുലർച്ചെ 4 മുതൽ പള്ളിയും പരിസരവും വിശ്വാസികളാൽ തിങ്ങിനിറഞ്ഞു. അൾത്താരയിൽ സൂക്ഷിച്ചിരുന്ന മുത്തിയുടെ രൂപം വികാരി ഫാ.ജോൺസൺ കക്കാട്ട് പുറത്തെടുത്ത് അലങ്കാരങ്ങൾ ചാർത്തി.

മദ്ബഹയിൽ പ്രതിഷ്ഠിച്ച ശേഷം കുർബാന നടത്തി. തുടർന്നു പള്ളിയുടെ പടിഞ്ഞാറേ നടയിലുള്ള രൂപപ്പുരയിലേക്കു രൂപം പൊതുവണക്കത്തിനു മാറ്റി. രൂപം കൊണ്ടു പോകുമ്പോൾ തൊട്ടു വണങ്ങാനായി വിശ്വാസികൾ തിക്കുംതിരക്കുമായി. പ്രധാന നേർച്ചകളായ പൂവൻകുല സമർപ്പണത്തിനും മുട്ടിലിഴയുന്നതിനും രാവിലെ മുതൽ തിരക്കനുഭവപ്പെട്ടു. രാത്രിയോടെ മുത്തിയുടെ മുത്തിയുടെ രൂപം അൾത്താരയിൽ തിരികെ വച്ചു. ഇന്നലെ തമിഴ്, സുറിയാനി ഭാഷകളിലുള്ള കുർബാനയും നടത്തി. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി കുർബാന നടത്തി.
പാട്ടുകുർബാന ഉണ്ടായിരുന്നു. ചടങ്ങുകൾക്കു ഫാ. ജെസ്റ്റിൻ കൈപ്രമ്പാടൻ, ഫാ.തോമസ് വൈക്കത്തുപറമ്പിൽ, ഫാ.റോക്കി കൊല്ലംകുടി, ഫാ.ആരോഗ്യദാസ്, ഫാ.പോൾ മോറേലി, ഫാ.പോൾസൺ പെരേപ്പാടൻ, ഫാ.ഷാജു കൂനത്താൻ എന്നിവർ കാർമികത്വം വഹിച്ചു. 2.30നുള്ള കുർബാനയ്ക്കു ശേഷം രൂപമേന്തി നാലങ്ങാടികളും ചുറ്റി പ്രദക്ഷിണം ഉണ്ടായിരുന്നു. പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കാളികളായി. പ്രദക്ഷിണം കിഴക്കേ അങ്ങാടി കപ്പേളയിൽ എത്തിയതോടെ അനുഷ്ഠാനപൂർണമുള്ള സാംബവ സമുദായത്തിന്റെ പാട്ടും കൊട്ടും മുടിയാട്ടവും നടന്നു.
ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കലക്ടർ അർജുൻ പാണ്ഡ്യൻ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു എന്നിവർ തിരുനാളിൽ പങ്കു ചേരാനെത്തിയിരുന്നു. തിരുനാൾ ചടങ്ങുകൾക്കു വികാരി ഫാ. ജോൺസൺ കക്കാട്ട്, ഫാ.പോൾ കല്ലൂക്കാരൻ, സഹ വികാരിമാരായ പ്രവീൺ വെള്ളാട്ടുപറമ്പിൽ, ഫാ.നിഖിൽ പള്ളിപ്പാടൻ, ഫാ. ആന്റണി കോടങ്കത്തിൽ, ട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, വി.ഡി.ജൂലിയസ്, വൈസ് ചെയർമാൻ ഡോ.ജോജോമോൻ നാലപ്പാട്ട്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ് എന്നിവർ നേതൃത്വം നൽകി.
പ്രത്യേക ബസ്, ട്രെയിൻ സൗകര്യം ഒരുക്കിയിരുന്നു. പാർക്കിങ്ങിനും വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയത്. പഞ്ചായത്ത്, പൊലീസ്, അഗ്നിരക്ഷാ സേന, കെഎസ്ഇബി, ജല അതോറിറ്റി, ആരോഗ്യ വിഭാഗം തുടങ്ങിയവ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങൾക്കാവശ്യമായ സജ്ജീകരണങ്ങളും സുരക്ഷയും ഏർപ്പെടുത്തി. വിവിധ ഘട്ടങ്ങളിൽ നടത്തിയ വിശകലന യോഗങ്ങളിലൂടെ മുന്നൊരുക്കങ്ങൾ പാളിച്ച കൂടാതെ നടത്താനുമായി. 19നും 20നും എട്ടാമിടവും 26നും 27നും പതിനഞ്ചാമിടവും ആഘോഷിക്കും.