ഗുരുവായൂർ കേശവന് സ്മരണാഞ്ജലി
Mail This Article
ഗുരുവായൂർ ∙ അര നൂറ്റാണ്ടിലേറെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് പ്രശസ്തനായ ഗജരാജൻ ഗുരുവായൂർ കേശവന് ഭക്തരുടെയും ഗജവൃന്ദത്തിന്റെയും സ്മരണാഞ്ജലി. കാലത്ത് 6.30ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് 5 ആനകളുടെ ഘോഷയാത്ര ആരംഭിച്ചു. ഇന്ദ്രസെൻ, വിഷ്ണു, ബൽറാം, ശ്രീധരൻ, ദേവി എന്നീ ആനകൾ പങ്കെടുത്തു. ഹൈക്കോടതി നിർദേശം പാലിക്കാൻ ആനകളെ 3 മീറ്റർ അകലത്തിൽ ഒന്നിനു പിറകേ ഒന്നായി നിർത്തി. ആനകൾക്കു ചുറ്റും വടം പിടിച്ച് സുരക്ഷാ ജീവനക്കാർ ജനസമ്പർക്കം ഒഴിവാക്കി. പാർഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകി. കിഴക്കേ നടപ്പുരയിലേക്ക് എത്തുമ്പോൾ വിസിലും സൈറണും മുഴക്കിയും ജനങ്ങളെ മാറ്റി നിർത്തി.
ക്ഷേത്രപ്രദക്ഷിണം ചെയ്ത് കേശവന്റെ പ്രതിമയ്ക്കു മുന്നിൽ ആനകൾ എത്തി. കൊമ്പൻ ഇന്ദ്രസെൻ തുമ്പിക്കൈ ഉയർത്തി ആദരം അർപ്പിച്ചു. പ്രതിമയെ വലം വച്ചു. ഇന്ദ്രസെൻ ആദരം അർപ്പിക്കുമ്പോൾ നിയമം പാലിക്കാനായി ദേവസ്വം ഭരണസമിതി അംഗങ്ങൾ അടക്കം മാറി നിന്നു. ആന തിരിച്ചിറങ്ങിയ ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.െക.വിജയൻ പുഷ്പചക്രം അർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ മനോജ് ബി.നായർ, സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു. പ്രതിമയ്ക്കു മുന്നിലെ റോഡിൽ ദേവസ്വം ആനകളായ ദാമോദർദാസ്, അക്ഷയ് കൃഷ്ണൻ, ഗോപികണ്ണൻ, വിനായകൻ, പീതാംബരൻ എന്നിവർ നിരന്നു. ഹൈക്കോടതി നിർദേശം പാലിച്ച് 8.20ന് ചടങ്ങ് അവസാനിപ്പിച്ചു.