ADVERTISEMENT

ചാലക്കുടി ∙ പട്ടണ നടുവിലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചതോടെ ചാലക്കുടിയിലും പുലിപ്പേടി ശക്തമായി. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ, ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണു പുലിയുടെ ദൃശ്യം പതിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പുലിയാണെന്നു സ്ഥിരീകരിച്ചു. ഇവരുടെ വീട്ടുമുറ്റത്തു കൂടി പുലി നടന്നു പോകുന്ന ദൃശ്യമാണു സിസിടിവിയിലുള്ളത്. ഇതോടെ ജനം ആശങ്കയിലാണ്.

ചാലക്കുടി ടൗണിൽ  വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ സിസിടിവി ദൃശ്യം
ചാലക്കുടി ടൗണിൽ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ സിസിടിവി ദൃശ്യം

ചാലക്കുടിയുടെ ചരിത്രത്തിൽ ആദ്യമായാണ് പുലി ടൗണിൽ എത്തുന്നതു സ്ഥിരീകരിക്കുന്നത്. പുലിയെ മയക്കുവെടി വച്ചു പിടികൂടണമെന്നു നഗരസഭയിൽ നടത്തിയ അടിയന്തര യോഗത്തിൽ ശുപാർശ ചെയ്തു. പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കും. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പുലി മനുഷ്യരെ ആക്രമിക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറയുന്നു. അതേ സമയം ജാഗ്രത പാലിക്കണമെന്നും അധികൃതർനിർദേശിച്ചു. നായ്ക്കളെയാണു പുലി പ്രധാനമായി പിടിച്ചു കൊണ്ടുപോകുക.

പുലിയെ കണ്ടത്തിയ ചാലക്കുടി കണ്ണമ്പുഴ റോഡിലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്.
പുലിയെ കണ്ടത്തിയ ചാലക്കുടി കണ്ണമ്പുഴ റോഡിലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്.

ചെറിയ കുട്ടികൾ ഒറ്റയ്ക്കു പുറത്തിറങ്ങരുത്. രാത്രി സമയത്തു തനിച്ചുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 14നു കൊരട്ടി ചിറങ്ങര മംഗലശേരി റോഡിലെ വീട്ടിൽ നിന്നു പുലി വളർത്തു നായയെ പിടികൂടി കൊണ്ടുപോയതോടെയാണു മേഖലയിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൃത്യം 10 ദിവസത്തിനു ശേഷം 24നു പുലർച്ചെ 4.53ഓടെയാണു നിരീക്ഷണ ക്യാമറയിൽ പുലി വീടിനു മുൻപിലെ മുറ്റത്തു കൂടി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞത്.ചിറങ്ങര മംഗലശേരി ഭാഗത്തു കണ്ട പുലി തന്നെയാണോ ചാലക്കുടിയിലും എത്തിയതെന്ന കാര്യം വ്യക്തമല്ല. ‌


ചാലക്കുടി നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നു നഗരസഭ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ പ്രസംഗിക്കുന്നു.
ചാലക്കുടി നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നു നഗരസഭ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ പ്രസംഗിക്കുന്നു.

ചാലക്കുടിയിൽ അടിയന്തര യോഗം: മയക്കുവെടി വയ്ക്കണം, കൂട് സ്ഥാപിക്കണം
ചാലക്കുടി ∙ നഗരപ്രദേശത്തു പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ നഗരസഭ അടിയന്തര വിളിച്ചു ചേർത്തു. പുലിക്കായി തിരച്ചിൽ വ്യാപകമാക്കാനും മയക്കുവെടി വയ്ക്കാനും യോഗം ശുപാർശ ചെയ്തു. പുലിയെ പിടികൂടാനായി സാങ്കേതിക നടപടികൾ പൂർത്തിയാക്കി കൂടു സ്ഥാപിക്കാൻ തീരുമാനിച്ചു. നിയമപരമായി സാധ്യമായ എല്ലാ നടപടികളും കാലത്താമസമില്ലാതെ നടത്തണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പ് ശക്തമായ ഇടപെടൽ നടത്തണമെന്നും സനീഷ്കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.

ഡിഎഫ്ഒ എം.വെങ്കിടശേരൻ, നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി, മുൻ നഗരസഭാധ്യക്ഷരായ വി.ഒ.പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു, എസ്ഐ സിജുമോൻ, കൗൺസിലർമാരായ ബിജു എസ്.ചിറയത്ത്, എം.എം.അനിൽകുമാർ, ടി.ഡി.എലിസബത്ത്, വി.ജെ.ജോജി, വത്സൻ ചമ്പക്കര, ദീപു ദിനേശ്, സിന്ധു ലോജു, നീത പോൾ, സൂസി സുനിൽ, സുധ ഭാസ്കരൻ, കെ.എസ്.സുനോജ്, ബിന്ദു ശശികുമാർ, ജോർജ് തോമസ്, നഗരസഭാ സെക്രട്ടറി കെ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.

നഗരസഭാ പ്രദേശത്തെ മുഴുവൻ വാർഡുകളിലെയും സിസിടിവികൾ പരിശോധിക്കാനും റാപ്പിഡ് റെസ്പോൺസ് ടീമിനെ (ആർആർടി) നിയോഗിച്ചു നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ഏതെങ്കിലും ഭാഗങ്ങളിൽ വളർത്തു നായ്ക്കളുടെയോ തെരുവുനായ്ക്കളുടെയോ എണ്ണം കുറഞ്ഞതു ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും നഗരസഭാധികൃതർ നിർദേശിച്ചു. 

മനുഷ്യ– വന്യജീവി സംഘർഷം; 20 ഇന പദ്ധതികൾ എങ്ങുമെത്തിയില്ല:  ജോസഫ് ടാജറ്റ്
തൃശൂർ ∙ ചാലക്കുടി നഗരത്തിനു സമീപത്തു വരെ പുലിയെത്തിയെന്ന് സ്ഥിരീകരിക്കുമ്പോഴും വനംവകുപ്പ് 2 വർഷം മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞ 20 ഇന പദ്ധതികൾ എങ്ങുമെത്തിയില്ല. മനുഷ്യ– വന്യജീവി സംഘർഷം കുറയ്ക്കാനാണ് 20 ഇന പദ്ധതികൾ സമർപ്പിച്ചത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു വനംവകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എത്രയും വേഗം നടപടി സ്വീകരിക്കാൻ കോടതി പറഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും വകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. 

കുതിരാൻ മുതൽ അതിരപ്പിള്ളി വരെയുള്ള ഭാഗത്തെ വേലി നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. അതിർത്തിയിൽ കിടങ്ങ് നിർമിക്കലാണ് മറ്റൊരു പോംവഴി. ഒരു കിലോ മീറ്റർ കിടങ്ങ് നിർമിക്കാൻ 12 മുതൽ 15 ലക്ഷം വരെയാണ് ചെലവ്. എന്നിട്ടും ഇതും പൂർത്തിയാക്കാത്ത നിലയിലാണ്. ഇതോടൊപ്പം അലാം സിസ്റ്റം, വേലി, മൃഗം വനം വിട്ട് പുറത്ത് ഇറങ്ങാതിരിക്കാനുള്ള അന്തരീക്ഷം ഒരുക്കൽ, ദ്രുതകർമ സേന എന്നിവ അടക്കമുള്ള നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്. എന്നാൽ ഒന്നും നടപ്പിലായില്ലെന്ന് ഹർജിക്കാരൻ പറയുന്നു.

പുലിയെ കണ്ടത് കണ്ണമ്പുഴ റോഡിൽ
നഗരസഭ ബസ് സ്റ്റാൻഡിനും ഡി സിനിമാസ് തിയറ്ററിനും പിന്നിലായി കണ്ണമ്പുഴ റോഡിലാണ് പട്ടണ നടുവിൽ പുലിയെ കണ്ടെത്തിയത്. ശങ്കരനാരായണന്റെയും സഹോദരൻ രാമനാരായണന്റെയും വീടുകൾ ഒരേ വളപ്പിലാണ്. ചിത്രശാല എന്ന ചിത്രകലാ സ്ഥാപനവും ഇതേ വളപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടങ്ങളുടെയെല്ലാം ഇടയിലൂടെയാണു പുലി കടന്നു പോകുന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തം. പൊളിഞ്ഞു കിടക്കുന്ന മതിൽ കടന്നു തെക്കേടത്തു മനയുടെ വളപ്പിലേക്കു പുലി കടന്നിട്ടുണ്ടാകാമെന്നാണ് അനുമാനം.

എന്നാൽ, ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതു 2 ദിവസം കഴിഞ്ഞാണെന്നതിനാൽ പുലി മറ്റേതെങ്കിലും പ്രദേശത്തേക്കു കടന്നിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നഗരസഭാ പ്രദേശത്തു കാടു പിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ ധാരാളമുള്ളതു പുലിക്ക് ഒളിത്താവളമാകുമെന്ന ആശങ്കയും ജനത്തിനുണ്ട്. പുലിയിറങ്ങിയ കണ്ണമ്പുഴ റോഡിൽ 4 ദിവസത്തോളം തെരുവുനായ്ക്കൾ അപ്രത്യക്ഷമായിരുന്നെന്നു നാട്ടുകാർ പറയുന്നു.

പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ നായ്ക്കൾ കൂട്ടത്തോടെ സ്ഥലം വിടാനുള്ള സാധ്യതയുണ്ടത്രേ. സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി, നഗരസഭാ കൗൺസിലർമാരായ ടി.ഡി.എലിസബത്ത്, വി.ജെ.ജോജി, ദീപു ദിനേശ് എന്നിവർ സ്ഥലത്തെത്തി. ചിറങ്ങര മംഗലശേരിയിലും കൊരട്ടി റെയിൽവേ സ്റ്റേഷനു സമീപവും പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളിലായി 2 കൂടുകൾ നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും പുലി കെണിയിൽ കുടുങ്ങിയിരുന്നില്ല.  കൂടുകൾക്ക് അകത്ത് ഇരയായി ആടുകളെ കെട്ടിയിരുന്നു. ചാലക്കുടിയിൽ നേരത്തെ തന്നെ മുള്ളൻപന്നി, കുറുനരി, മയിൽ, കുരങ്ങ്, മലയണ്ണാൻ എന്നീ വന്യജീവികളെ ധാരാളമായി കണ്ടിരുന്നു. 

വേണമെങ്കിൽ പുലി പുഴയും കടക്കും
ദേശീയപാതയും പുഴയും റെയിൽവേ ലൈനും അടക്കമുള്ളവ കടന്നു പുലിയെത്താനും സാധ്യതയുണ്ടെന്നാണ് ടൗണിലെ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ വ്യക്തമാകുന്നത്. വനമേഖലയിൽ നിന്ന് 17 കിലോമീറ്ററോളം അകലെയാണ് പുലി ഇറങ്ങിയതായി പറയുന്ന ചാലക്കുടി ടൗൺ.  ശങ്കരനാരായണന്റെ ദുബായിയിലുള്ള മകൻ ഗോപാലകൃഷ്ണൻ അവിടെയിരുന്നു വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു ഒരു ജീവി മുറ്റത്തു കൂടി പോകുന്നതു കണ്ടത്.

ഉടൻ ഇതിന്റെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുകയും വനംവകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കാൻ നിർദേശിക്കുകയുമായിരുന്നു.  എന്നാൽ, വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകളൊന്നും കണ്ടെത്താനായില്ല. മഴ പെയ്തു കുതിർന്നു കിടന്ന മണ്ണായിട്ടും കാൽപാടുകൾ കാണാനായില്ല. മുറ്റം അടിച്ചു വൃത്തിയാക്കിയപ്പോൾ മാഞ്ഞു പോയതാകാമെന്നാണു കരുതുന്നത്.

അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാം
പുലിയെ കാണുകയോ എന്തെങ്കിലും 
വിവരങ്ങൾ പങ്കുവയ്ക്കുകയോ 
ചെയ്യാനുണ്ടെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുമായി  ബന്ധപ്പെടാമെന്നു ഡിഎഫ്ഒ 
എം.വെങ്കടേശ്വരൻ അറിയിച്ചു. 
ഫോൺ: 9188407529.

പുലി: ആശങ്ക മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് എംഎൽഎയുടെ കത്ത്
കൊരട്ടി ∙ ജനവാസമേഖലയായ ചിറങ്ങര, മംഗലശേരി ഭാഗത്തു പുലിയിറങ്ങിയതായി സ്ഥിരീകരിച്ചിട്ടു 10 ദിവസം പിന്നിട്ട സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വനമേഖലയിൽ നിന്നു 17 കിലോമീറ്ററോളം ദൂരമുള്ള ജനവാസ മേഖലയിലേക്കു പുലി എത്തിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്ന് എംഎൽഎ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രന് എംഎൽഎ കത്ത് നൽകി. 

English Summary:

Chalakudy tiger sightings have caused widespread fear among residents. Authorities are working to capture the tiger and have implemented safety measures like setting traps and utilizing tranquilizer guns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com