വയനാടിന്റെ ജീവനാഡിയായ കബനിയിൽ അലിയണം; കെ.ജെ.ബേബിയുടെ അന്ത്യാഭിലാഷം
Mail This Article
നടവയൽ ∙ വയനാടിന്റെ ജീവനാഡിയായ കബനി നദിയിൽ തന്റെ ചിതാഭസ്മം ഒഴുക്കണമെന്നതാണ് കെ.ജെ.ബേബിയുടെ ജീവിതാഭിലാഷം. 8 കത്തുകളാണ് ഉറ്റവർക്കും സുഹൃത്തുക്കൾക്കും കനവിലെ ശിഷ്യർക്കും ബാങ്ക്–പൊലീസ് അധികൃതർക്കുമായി ബേബി എഴുതിവച്ചത്. ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ അതിൽ അക്കമിട്ടു പറയുന്നു. മാനസികമായും ശാരീരികമായും ജീവിതം തുടരാൻ താൽപര്യമില്ലെന്നും കത്തിലെഴുതിവച്ചു. ഏറെനാളായി കാഴ്ചക്കുറവും മറ്റു പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. സാമൂഹിക–രാഷ്ട്രീയ സംഭവവികാസങ്ങളിലും അസ്വസ്ഥനായിരുന്നത് അടുപ്പക്കാരോടു പങ്കുവച്ചിട്ടുണ്ട്. ജീവിതപങ്കാളി ഷേർളിയുടെ വിയോഗം അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു. രാവിലെ നേരത്തെ വരണമെന്നും കളരിയിൽ കാണാമെന്നും ജോലിക്കാരോടു പറഞ്ഞ ശേഷമാണ് അദ്ദേഹം ശനിയാഴ്ച ഉറങ്ങാൻ പോയത്.
കനവ് ബേബിയുടെ ജീവിതം തന്നെ വലിയൊരു വിപ്ലവ പ്രവർത്തനമായിരുന്നു. ബദൽ സാമൂഹിക ബന്ധങ്ങളെക്കുറിച്ചു പറയുന്നതെല്ലാം അദ്ദേഹം പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരികയും ചെയ്തു. വയനാട്ടിൽനിന്നു മുംബൈയിലേക്കു (അന്നത്തെ ബോംബെ) പഠനത്തിനായി പോയ ബേബി വൈകാതെ പഠനം ഉപേക്ഷിച്ചു തിരിച്ചെത്തി. ഗോത്രവിഭാഗക്കാർക്കിടയിലായിരുന്നു പ്രവർത്തനം.
ഗോത്രസമൂഹത്തിന്റെ കഥ പറയുന്ന അപൂർണ എന്ന നാടകം ആദ്യകൃതിയായി. പാട്ടും കഥയും നാടകവും പറച്ചിലും യാത്രകളുമെല്ലാമായി അടിമുടി കലാകാരനായിരുന്നു ബേബി. 1984ൽ സാമ്പ്രദായിക ചട്ടക്കൂടുകൾ പൊളിച്ചെറിഞ്ഞ ബേബി–ഷേർളി വിവാഹം നടന്നു. അവസാന നാളുകളിൽ സാമൂഹിക ഇടപെടലുകളിൽ കുറവുണ്ടായെങ്കിലും ഫെബ്രുവരിയിൽ പനമരം ജിവിഎച്ച്എസ്എസിൽ മലയാള മനോരമ നല്ലപാഠം അക്ഷരക്കൂട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ ബേബി എത്തിയിരുന്നു.
സ്വന്തമായി അച്ചടിച്ച് മാവേലിമൻറം; പ്രതിഭ തിരിച്ചറിഞ്ഞത് ഏറെ വൈകി
കൽപറ്റ ∙ ‘എട്ട് ഉറുപ്പികയ്ക്കാണ് കൈപ്പാടൻ എന്ന അടിമയെ അമ്പുനായർ എന്ന ഉടമ സുബ്ബരായപട്ടർക്ക് പണയം വച്ചത്’. കെ.ജെ. ബേബിയുടെ മാവേലിമൻറം എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്. ആദിവാസികളുടെ ചരിത്രം തേടിയുള്ള യാത്രയിലാണ് കൈപ്പാടൻ എന്ന ആദിവാസിയെ പണയം വച്ചതുമായി ബന്ധപ്പെട്ട വയനാട് തുക്കിടി മുൻസിഫ് കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ആ ചരിത്ര സംഭവത്തെ ആധാരമാക്കിയാണ് തമ്പുരാക്കന്മാർ തങ്ങളുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരെ കന്നുകാലികളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന അടിമക്കാലത്തേക്കു ബേബി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
തമ്പുരാക്കന്മാരുടെ കൊടും പീഡനങ്ങൾക്കിടയിലും എല്ലുമുറിയെ പണിയെടുക്കേണ്ടി വരുന്ന അടിമകൾ ജാതിയും മതവും ഉച്ചനീചത്വങ്ങളൊന്നുമില്ലാത്ത പഴയകാലം തിരിച്ചു കിട്ടുമെന്ന പ്രത്യാശ കൈവെടിയുന്നില്ല. തമ്പുരാക്കളുടെ കണ്ണും കാതും എത്താത്ത സ്ഥലം. നല്ലൊരു പുഴത്തീരം, ജീവിക്കാനായി മാത്രം കൃഷി, തമ്പുരാക്കൾക്കായി കുഞ്ഞുങ്ങളെ നൊന്തുപെറേണ്ടിവരുന്ന കാലത്തിനറുതി, ഈ ജന്മം മുഴുവൻ എന്തു ചെയ്യണമെന്നു സ്വന്തമായി തീരുമാനിക്കാൻ പറ്റുന്നൊരു ലോകം. അതായിരുന്നു അവരുടെ വലിയ മോഹം. ആ മോഹ സാക്ഷാത്കാരത്തിനു വേണ്ടിയാണ് നോവലിലെ കൈപ്പാടനും ഈരയും തമ്പുരാക്കളുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടിയത്. ജീവനും കൊണ്ട് ഒളിച്ചോടി എത്തുന്നതു സ്വന്തക്കാരുടെ അടുത്തുതന്നെ. നൊമ്പരങ്ങളെല്ലാം പാട്ടിൽ ലയിപ്പിച്ച് നഷ്ട സൗഭാഗ്യങ്ങളെല്ലാം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിൽ അവർ തുടി കൊട്ടിപ്പാടുകയാണ്.
ആ പാട്ടുകളും കഥകളുമാണ് മാവേലിമൻറത്തെ വികാര നിർഭരമാക്കുന്നത്. രാത്രി ആദിവാസിക്കുടിലുകളിൽ നിന്ന് ഉയർന്നുകേട്ടിരുന്ന തുടികൊട്ടുകൾ അന്വേഷിച്ചുപോയപ്പോൾ കിട്ടിയ വിസ്മയ കഥകളെയും ചരിത്രങ്ങളെയും കോർത്തിണക്കിയാണു ബേബിയുടെ രചനകളേറെയും. അതിൽ പ്രധാനം മാവേലിമൻറം തന്നെ. പണ്ടു നമുക്കും ഒരു കാലമുണ്ടായിരുന്നു. നമ്മളാരും അടിമകളല്ലാതിരുന്ന കാലം. മാവേലിമന്റുവിന്റെ കാലമായിരുന്നു അതെന്ന ആദിവാസി മനസ്സിലിരുപ്പാണു നോവലിസ്റ്റ് വിവരിക്കുന്ന മാവേലിമൻറ സങ്കൽപം.
ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന സമ്പന്നമായ ഒരു പൈതൃകത്തെ ശക്തി വൈവിധ്യങ്ങളോടെ ആവിഷ്കരിച്ച മാവേലിമൻറം ആരും പ്രസിദ്ധീകരിക്കാൻ തയാറാകാത്തതിനാൽ നോവലിസ്റ്റ് തന്നെ സ്വന്തമായി അച്ചടിച്ചു നടന്നുവിൽക്കുകയായിരുന്നു. ഏറെ വൈകിയാണ് സാഹിത്യലോകം ബേബിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അംഗീകരിച്ചത്. ഭാഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, തനിമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ആഗോളപൗരൻ എന്ന പുതിയ ഒരടിമയിലേക്കു കുതിക്കുന്ന നമുക്കിടയിൽ കൈപ്പാടന്റെയും ഈരയുടെയും കഥയ്ക്കു വലിയ പ്രസക്തിയുണ്ടെന്ന കൽപറ്റ നാരായണന്റെ വിലയിരുത്തൽ അംഗീകാരത്തിന്റെ തുടക്കമായിരുന്നു. പിന്നീട് മാവേലിമൻറത്തിന് ഒട്ടേറെ വായനക്കാരുണ്ടായി.