പഞ്ചായത്ത് ടാങ്കിൽ വെള്ളം വറ്റി; ശുദ്ധജലം മുട്ടി ചൂരൽമല നീലിക്കാപ്പ് നിവാസികൾ

Mail This Article
ചൂരൽമല ∙ പഞ്ചായത്ത് ടാങ്കിൽ വെള്ളം വറ്റിയതോടെ ശുദ്ധജലം മുട്ടി ചൂരൽമല നീലിക്കാപ്പ് നിവാസികൾ. ദുരന്തത്തിനു ശേഷവും പ്രദേശത്ത് തുടരുന്ന 22 കുടുംബങ്ങളാണ് പഞ്ചായത്ത് ടാങ്കിൽനിന്നു ശുദ്ധജലമില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ വേതനം മുടങ്ങിയതിനാൽ ഓപ്പറേറ്റർ ജോലി നിർത്തിപ്പോയതാണു ശുദ്ധജലവിതരണം മുടങ്ങാൻ കാരണം. പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ 4 ടാങ്കുകളാണു പഞ്ചായത്ത് നിർമിച്ചത്. അത്തിച്ചോട് ഭാഗത്തുള്ള കുളത്തിൽ നിന്നു മോട്ടർ ഉപയോഗിച്ച് വെള്ളം ടാങ്കുകളിലേക്ക് നിറച്ചതിന് ശേഷമാണ് വിതരണം ചെയ്യുന്നത്.
ദുരന്തത്തിനു മുൻപ് അൻപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതിയായിരുന്നു ഇത്. ഗുണഭോക്താക്കൾ തന്നെ കമ്മിറ്റി രൂപീകരിച്ച് പിരിവെടുത്താണ് വൈദ്യുത ബില്ലും മോട്ടർ ഓപ്പറേറ്റർക്കുള്ള മാസ വേതനവും നൽകിയിരുന്നത്. ദുരന്തത്തിനു ശേഷം പകുതിയോളം ആളുകൾ വാടക വീടുകളിലേക്ക് മാറുകയും അവശേഷിക്കുന്നവർക്കു സ്ഥിര വരുമാനം പോലും നിലയ്ക്കുകയും ചെ യ്തതോടെ ഓപ്പറേറ്റർക്കുള്ള വേതനവും വൈദ്യുത ബില്ലും കുടിശികയായി. കമ്മിറ്റിയുടെ പ്രവർത്തനവും നിലച്ചു. അതോടെയാണ് ഓപ്പറേറ്റർമാർ ജോലി നിർത്തിയത്. സ്വന്തം കയ്യിൽ നിന്നു വൈദ്യുതി ബില്ലടക്കമുള്ള തുക അടച്ച് പ്രശ്നപരിഹാരത്തിനു ശ്രമിച്ചിരുന്നുവെന്ന് വാർഡ് അംഗം സി.കെ.നൂറുദ്ദീൻ പറയുന്നു.