സ്ക്രൈബിന്റെ സഹായം തേടിയില്ല, പരീക്ഷയുടെ തലേന്നു ഉത്തരവ്; ലാപ്ടോപ്പിനെ കൂട്ടുപിടിച്ചു കണ്ണഞ്ചിപ്പിക്കും ജയം
Mail This Article
തിരുവമ്പാടി (കോഴിക്കോട്) / ആലുവ ∙ കാഴ്ചപരിമിതരെങ്കിലും സ്ക്രൈബിന്റെ സഹായം തേടാതെ എസ്എസ്എൽസി പരീക്ഷ ലാപ്ടോപ്പിൽ സ്വയം എഴുതിയ 3 വിദ്യാർഥികൾക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ് എസിലെ ജുവൽ മനോജ്, ആലുവ കുട്ടമശേരി ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളായ ഐബിൻ സി.തോമസ്, ആർ.മനോജ് എന്നിവരാണു കണ്ണഞ്ചിപ്പിക്കും ജയം നേടിയത്. ചോദ്യക്കടലാസ് മറ്റൊരാൾ വായിച്ചുകൊടുക്കുമ്പോൾ ഇവർ ലാപ്ടോപ്പിൽ സാധാരണ കീബോർഡ് ഉപയോഗിച്ചു പരീക്ഷയെഴുതി. ബ്രെയിൽ ലിപിയിൽ അല്ല, ഇംഗ്ലിഷും ഹിന്ദിയും മലയാളവുമൊക്കെ അതതു ലിപികളിലാണു ടൈപ്പ് ചെയ്തത്.
പറഞ്ഞുകൊടുക്കുന്നതു കേട്ടെഴുതുന്ന സ്ക്രൈബിന്റെ സഹായത്തോടെയായിരുന്നു ജുവലിന്റെ മുൻ പരീക്ഷകളെല്ലാം. എന്നാൽ, എസ്എസ്എൽസി പരീക്ഷ സ്വയം എഴുതണമെന്ന ചിന്തയിൽ ലാപ്ടോപ്പിനെ കൂട്ടുപിടിച്ചു. പരീക്ഷയ്ക്കു തലേന്നാണു സർക്കാരിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചത്. തിരുവമ്പാടി പാറെക്കുടിയിൽ മനോജിന്റെയും അമ്പിളിയുടെയും മൂത്ത മകനാണ്. കീഴ്മാട് ചാത്തംകുഴിക്കൽ സി.എം.തോമസിന്റെയും ബിനി ഐപ്പിന്റെയും മകനാണ് ഐബിൻ. കീഴ്മാട് താമസിക്കുന്ന പാലക്കാട് സ്വദേശികളായ രമേശിന്റെയും സുധയുടെയും മകനാണ് മനോജ്.