സ്വന്തം സംരംഭം തുടങ്ങാനാണോ ആഗ്രഹം? സ്വദേശത്തും വിദേശത്തും സാധ്യതയുള്ള കോസ്‌മെറ്റോളജി പഠിക്കാം
Mail This Article
കോവിഡിനു ശേഷം, സൗന്ദര്യവർധക കോഴ്‌സായ കോസ്‌മെറ്റോളജിക്കു ചേരാൻ വിദ്യാർഥികൾ കൂടുതലായി താൽപര്യം പ്രകടിപ്പിക്കാറുണ്ട്. കോസ്‌മെറ്റോളജിക്ക് രാജ്യത്തും വിദേശത്തും വിവിധ തലങ്ങളിലുള്ള ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സ്കിൽ വികസന കോഴ്സുകളുണ്ട്. പ്ലസ്ടുവിനു ശേഷം വിദ്യാർഥികൾക്കു ചേരാൻ നിരവധി ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലങ്ങളിലുള്ള സ്കിൽ വികസന പ്രോഗ്രാമുകളുമുണ്ട്.
സിംബയോസിസ് യൂണിവേഴ്സിറ്റിയിൽ ബിഎസ്‌സി ബ്യൂട്ടി ആൻഡ് വെൽനെസ് പ്രോഗ്രാമുണ്ട്. കോസ്‌മെറ്റോളജിയുടെ വിവിധ ബ്രാഞ്ചുകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേസർ ആൻഡ് എസ്തെറ്റിക് മെഡിസിൻ, പേൾ അക്കാദമി, പുണെ ഭാരതീയ വിദ്യാപീഠം, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള IGMPI ഫാക്കൽറ്റി ഓഫ് കോസ്മെറ്റിക് ടെക്നോളജി, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്മെറ്റിക് സർജറി ആൻഡ് എസ്തെറ്റിക് മെഡിസിൻ എന്നിവയിൽ മെഡിക്കൽ കോസ്‌മെറ്റോളജി കോഴ്സുകളുമുണ്ട്. അംഗീകാരമില്ലാത്ത നിരവധി വ്യാജ സ്ഥാപനങ്ങൾ ഈ മേഖലയിലുണ്ട്. സന്ദീപ് യൂണിവേഴ്സിറ്റിയിൽ ബിഎസ്‌സി, എംഎസ്‌സി ബ്യൂട്ടി കോസ്‌മെറ്റോളജി കോഴ്സുണ്ട്. ബിരുദാനന്തര തലത്തിൽ ഫേഷ്യൽ ആൻഡ് ബോഡി കോസ്മെറ്റിക്സുണ്ട്. കേരളത്തിൽ അസാപ്, VLCC കോസ്‌മെറ്റോളജി, ബ്യൂട്ടി തെറാപ്പി പ്രോഗ്രാമുകളുണ്ട്.
അഡ്വാൻസ്ഡ് കോസ്മെറ്റിക് സയൻസ്, കോസ്മെറ്റിക് ഫോർമുലേഷൻ ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ, വെൽനെസ്സ്, സ്‌പാ സർവീസ് ഡിസൈൻ ആൻഡ് മാനേജ്മെന്റ്, കോസ്‌മെറ്റോളജി എന്നിവ യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള പ്രധാനപ്പെട്ട ബിരുദാനന്തര പ്രോഗ്രാമുകളാണ്. സ്പെയിൻ, സ്വീഡൻ, പോളണ്ട്, അമേരിക്ക, കാനഡ, അയർലൻഡ്, സ്കോട്‌ലൻഡ്, ഓസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി, എസ്തോണിയ, യുകെ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മികച്ച കോസ്‌മെറ്റോളജി പ്രോഗ്രാമുകളുണ്ട്. മെഡിക്കൽ കോസ്‌മെറ്റോളജിയിൽ എംഡി ഡെർമറ്റോളജി പഠിച്ചവർക്ക് മാത്രമേ നാഷനൽ മെഡിക്കൽ കമ്മിഷന്റെ നിബന്ധനപ്രകാരം പ്രാക്ടീസ് ചെയ്യാൻ സാധിക്കൂ.
പ്രഫഷനൽ മേക്കപ്പ്, ബ്യൂട്ടികൾച്ചർ, എസ്തെറ്റിക്സ്, ബ്യൂട്ടി ആൻഡ് സ്‌പാ മാനേജ്‌മന്റ്, ഹെയർ ഡിസൈനിങ്, കോസ്മെറ്റിക് ടെക്നോളജി കോഴ്സുകൾ വിദേശത്തുണ്ട്. കോസ്മെറ്റിക് ടെക്നോളജിയിൽ ഡിപ്ലോമ, ബി.ടെക്, എം.ടെക് പ്രോഗ്രാമുകളുമുണ്ട്. രാജ്യത്തിനകത്തും വിദേശത്തും കോഴ്സ് പൂർത്തിയാക്കിയവർക്ക് അവസരങ്ങളേറെയുണ്ട്. സംരംഭകത്വ സാധ്യതയുമുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നു മികച്ച സ്കൈലോടുകൂടി കോഴ്സ് പൂർത്തിയാക്കാൻ ശ്രമിക്കണം. പ്ലസ്ടു പൂർത്തിയാക്കിയവർക്കും ബിരുദധാരികൾക്കുമുള്ള വിവിധ പ്രോഗ്രാമുകളുണ്ട്. ഏതു വിഷയം പഠിച്ചവർക്കും കോസ്‌മെറ്റോളജി പ്രോഗ്രാമിന് ചേരാം.