പിഴുതെടുത്താൽ കരയും, കരച്ചിൽ കേൾക്കുന്നവരെല്ലാം മരിക്കും; ‘മാൻഡ്രേക്ക്’ ചെടി മാന്ത്രിക സസ്യമോ? യാഥാർഥ്യം
Mail This Article
ദിനപത്രങ്ങളിലൂടെ വന്ന കാർട്ടൂൺ സ്ട്രിപ്പുകളിലൂടെയാണ് മാൻഡ്രേക്ക് ദ മജീഷ്യൻ എന്ന കഥാപാത്രം വളരെ പ്രശസ്തനായത്. ഫാന്റം എന്ന സൂപ്പർഹിറ്റ് കാർട്ടൂൺ സൃഷ്ടിച്ച ഫിൽ ഡേവിസായിരുന്നു അതിനു മുൻപ് 1934ൽ മാൻഡ്രേക്കിനു ജന്മം കൊടുത്തത്. ഈ കാർട്ടൂൺ കഥാപാത്രത്തിന്റെ വിചിത്രപേരായ മാൻഡ്രേക്ക് എവിടെനിന്നു വന്നു. ഉത്തരം ഒരു ചെടിയിൽനിന്നു വന്നെന്നാണ്. മാൻഡ്രേക് എന്നാണ് ഈ ചെടിയുടെ പേര്, ആൻട്രോപോമോർഫോൻ എന്ന പേരാണു പൈതഗോറസ് മാൻഡ്രേക് ചെടിയെ വിളിച്ചത്. മനുഷ്യനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വേരുകൾ പിണഞ്ഞിരുന്നതിനാലാണ് ഇത്.എന്നാൽ മാൻഡ്രേക് ചെടിയുടെ വേരുകൾക്ക് മനുഷ്യരൂപമാണെന്ന രീതിയിൽ പിന്നീട് പ്രചാരണമുണ്ടായി. ചില തട്ടിപ്പുകാർ കൊത്തുപണികളിലൂടെയും മറ്റും വേരുകൾക്കു മനുഷ്യരൂപം നൽകാനും ശ്രമം തുടങ്ങി.
ദീർഘകാലം നിൽക്കുന്ന ഒരു സസ്യമാണ് മാൻഡ്രേക്. സോലനാഷ്യെ എന്ന സസ്യകുടുംബത്തിലെ മാൻഡ്രഗോറ എന്ന ജനുസ്സിൽപെട്ട ഇവ മെഡിറ്ററേനിയൻ, മധ്യേഷ്യൻ മേഖലകളിൽ സാധാരണയായി കാണപ്പെടുന്നു.മാന്ത്രിക സസ്യം എന്നറിയപ്പെട്ടിരുന്ന മാൻഡ്രേക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും നിലനിന്നിരുന്നു. വിവിധ ഈജിപ്ഷ്യൻ കല്ലറകളിൽ ഇതുപയോഗിച്ചിരുന്നു. വൈദ്യശാസ്ത്രപരമായി ഈ ചെടിക്കു കുറേ ഗുണമുള്ളത് ആദിമകാല ജനതയുടെ ശ്രദ്ധ നേടാൻ ഉപകരിച്ചു. 1500 ബിസിയിൽ ഈജിപ്തിൽ രചിച്ച എബർ പാപ്പിറസിലും മറ്റും ഇതെക്കുറിച്ച് എഴുതിയിട്ടുണ്ട്. ലൈംഗിക ഉത്തേജന ഔഷധമായും വന്ധ്യത മാറ്റാനുമൊക്കെയാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്.
എന്നാൽ എഡി ഒന്നാം നൂറ്റാണ്ടു മുതൽ മാൻഡ്രേക്ക് ചെടി ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്ക് വേദനഹാരിയെന്ന നിലയിൽ നൽകിത്തുടങ്ങി.പ്രശസ്ത ഭിഷഗ്വരരായ പ്ലൈനി, ഡിയോസ്കോറിഡ്സ് തുടങ്ങിയവർ ഈ ചെടിയുടെ വേരുകൾ തങ്ങളുടെ രോഗികൾക്കു ചവയ്ക്കാൻ കൊടുക്കുകയും വൈൻ ഉണ്ടാക്കിക്കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. വിഷാംശമുള്ള സ്കോപോലമിൻ, ആട്രോഫൈൻ, മാൻഡ്രഗോറിൻ, ഹ്യോസ്ക്യാമിൻ തുടങ്ങിയ രാസവസ്തുക്കൾ കാരണമാണ് മാൻഡ്രേക്കിന് ഈ സവിശേഷതകൾ കിട്ടിയത്. ഇന്നും കുടൽപ്രശ്നങ്ങളും പാർക്കിൻസൺസ് രോഗവുമൊക്കെ ചികിത്സിക്കാനായി ഹ്യോസ്ക്യാമിനും സ്കോപോലമിനും ഉപയോഗിക്കാറുണ്ട്.
പിൽക്കാലത്ത് അറബികൾ ഒരു പ്രത്യേകതരം കൂട്ടുണ്ടാക്കി അതിൽ സ്പോഞ്ച് മുക്കി രോഗികളുടെ മൂക്കിൽ വയ്ക്കാൻ തുടങ്ങി. ശസ്ത്രക്രിയകൾക്കും മറ്റുമായി രോഗികളെ ഉറക്കാനായിരുന്നു ഇത്. ആസ്ത്മ, വാതം, മുറിവുകൾ, അൾസർ തുടങ്ങിവയ്ക്കും ചികിത്സയായി മാൻഡ്രേക്ക് ഉപയോഗിക്കാൻ തുടങ്ങി.മാന്ത്രികത നിറഞ്ഞ സസ്യമായിട്ടാണ് ചരിത്രകാല ജനത മാൻഡ്രേക്കിനെ കരുതിയത്. മന്ത്രവാദിനികൾ പറക്കാനുപയോഗിക്കുന്ന കുഴമ്പിൽ ഇതുപയോഗിക്കുന്നുണ്ടെന്നായിരുന്നു യൂറോപ്യർ കരുതിയിരുന്നത്.
അന്നത്തെ വിശ്വാസം മാൻഡ്രേക്ക് ചെടി മണ്ണിൽ നിന്ന് പിഴുതെടുത്താൽ അത് ഉയർന്ന ശബ്ദത്തിൽ കരയുമെന്നായിരുന്നു. ഈ കരച്ചിൽ കേൾക്കുന്നവരെല്ലാം മരിക്കും. ഈ വിശ്വാസം ശക്തമായി നിലനിന്നതിനാൽ മാൻഡ്രേക്കു ചെടി പറിച്ചെടുക്കുന്നത് വലിയ ഒരു ചടങ്ങായിരുന്നു. ഒരു നായയെ ചെടിയുടെ തണ്ടിലേക്കു കെട്ടിയിട്ട് അതിന്റെ മുന്നിലായി ഭക്ഷണം വയ്ക്കും. ആ ഭക്ഷണം എടുക്കാനായി നായ ചാടുമ്പോൾ തണ്ട് വലിഞ്ഞ് മാൻഡ്രേക്കിന്റെ വേരുകൾ പുറത്തെത്തും. ഉടനടി തന്നെ നായ ചത്തുപോകുമെന്നും യൂറോപ്യർ വിശ്വസിച്ചു.
English Summary: Mandrake – The Scream of Death