വിഷഗ്രന്ഥിയുള്ള ഏക ഉഭയജീവി; യുഎസിൽ കണ്ടെത്തിയത് വിചിത്ര ഇഴജന്തുവിനെ!
Mail This Article
ചില ജീവികളുടെ ചിത്രങ്ങളും അവയുടെ രൂപവുമൊക്കെ കാണുമ്പോള്‍ ഇവ പുരാതന കാലത്തുനിന്ന് ഇറങ്ങി വന്നതാണെന്ന തോന്നലുണ്ടാകും. ഇത്തരത്തില്‍ ഒരു ജീവിയാണ് കസീലിയന് എന്ന ഉഭയജീവി. നൂറ് കണക്കിന് മില്യണ്‍ വര്‍ഷങ്ങളായി ഭൂമിയില്‍ ജീവിക്കുന്ന ഈ ജീവിവര്‍ഗത്തെ ഇതാദ്യമായി ഇപ്പോള്‍ യുഎസില്‍ കണ്ടെത്തിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ പാമ്പാണെന്ന് തോന്നുമെങ്കിലും കാലുകളില്ലാത്ത ശരീരമുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് വലിയ സാമ്യതകളൊന്നും പാമ്പുകളുമായി ഇവയ്ക്കില്ല.
അമേരിക്കയിലെത്തിയ വിദേശ ഉഭയജീവി
ഫ്ലോറിഡയിലെ റിയോ കാക്കുവ കനാലില്‍ നിന്നാണ് ടൈഫോലക്റ്റ്നസ് നഫാന്സ് എന്ന ശാസ്ത്രീയ നാമമുള്ള ഈ ജീവിയെ കണ്ടെത്തിയത്. 2019ല്‍ ഒരു അരുവിക്ക് സമീപത്തു നിന്നാണ് ഈ ജീവിയെ ഗവേഷകര്‍ കണ്ടെടുത്തത്. അതുവരെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വെനസ്വേലയിലും കൊളംബിയയിലും മാത്രമാണ് ഈ ജീവിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ രണ്ട് രാജ്യങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടാറുമുണ്ട്. അതേസമയം വടക്കേ അമേരിക്കയില്‍ ഈ ജീവിയുടെ സാന്നിധ്യം ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഫ്ലോറിഡയിലെ ജീവി കസീലിയന് വിഭാഗത്തില്‍ പെടുന്നവയാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഏതാണ്ട് അര മീറ്ററോളം നീളമുള്ള ജീവിയെയാണ് ഫ്ലോറിഡയില്‍ നിന്ന് ഗവേഷകര്‍ക്ക് രണ്ട് വര്‍ഷം മുന്‍പ് ലഭിച്ചത്. ഈ ജീവികളുടെ ശരാശരി നീളവും ഏതാണ്ട് 1 മീറ്ററാണ്. ഒന്നര മീറ്റര്‍ വരെ നീളമുള്ള ജീവികളെയും വെനസ്വേലയില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ഫ്ലോറിഡയില്‍ നിന്ന് കണ്ടെത്തിയ ജീവി ചത്തുപോയി. ഇപ്പോള്‍ ഫ്ലോറിഡ സര്‍വകലാശാലയിലെ സുവോളജി വിഭാഗത്തിന്റെ ലാബിലാണ് ഈ ജീവിയുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം ജീവികളെ കുറിച്ച് ഇപ്പോഴും ശാസ്ത്രത്തിന് അറിയാവുന്ന് വളരെ കുറച്ച് മാത്രമാണെന്നും അതേസമയം ഇവ അപകടകാരികളോ, വലിയ വേട്ടക്കാരോ അല്ല എന്നത് വ്യക്തമാണെന്നും ഫ്ലോറിഡ സര്‍വകലാശാല ഗവേഷകനായ കോള്മാന് വ്യക്തമാക്കുന്നു.
സൗത്ത് ഫ്ലോറിഡയിലെ ഇവ കണ്ടെത്തിയ മേഖലയില്‍ സമാന വര്‍ഗത്തിലുള്ള മറ്റ് ജീവികളെ കണ്ടെത്താനായിട്ടില്ല. സ്വാഭാവികമായും ഇവ പ്രാദേശികമായി കാണപ്പെടുന്ന ജീവികളല്ല എന്ന നിഗമനത്തില്‍ തന്നെയാണ് ഗവേഷകര്‍ ഇപ്പോഴുമുള്ളത്. കൗതുകത്തിന്റെ പേരിലോ മറ്റോ ആരെങ്കിലും തെക്കേ അമേരിക്കയില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവന്ന ശേഷം ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. അപകടകാരികളായ ഫ്ലോറിഡ മേഖലയിലെ മറ്റ് കടന്നുകയറ്റ ജീവികളെ പോലെയല്ല ഈ പുരാതന ജീവിയെന്നും ഗവേഷകര്‍ പറയുന്നു. ചെറു ജീവികളെ ഭക്ഷിച്ചും, വലിയ ജീവികള്‍ക്ക് ഭക്ഷണമായും ജീവിക്കുന്ന ഇവ, ഇനി എണ്ണത്തില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയാലും അത് പ്രാദേശിക ജൈവവ്യവസ്ഥയ്ക്ക് ഭീഷണിയാകില്ലെന്നും ഗവേഷകര്‍ ഉറപ്പു പറയുന്നു.
ശാസ്ത്രീയമായി സ്ഥിരികീരിക്കുകയോ, ഗവേഷകര്‍ കണ്ടെത്തുകയോ ചെയ്തിട്ടില്ലെങ്കിലും ഈ ഉഭയജീവികള്‍ക്ക് സമാനമായ ജീവികളെ ഫ്ലോറിഡയില്‍ കണ്ടെത്തിയതായി പലരും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആദ്യ കസീലയന് ജീവിയെ ലഭിച്ച സി 4 എന്ന കനാല്‍ മേഖലയില്‍ തന്നെ കൂടുതല്‍ വിശദമായ പഠനം നടത്താനും ഗവേഷകര്‍ പദ്ധതിയിടുന്നുണ്ട്. അതിന് ശേഷം മാത്രമെ ഇവയെ പ്രതിരോധിക്കേണ്ട ആവശ്യമുണ്ടോയെന്നത് തീരുമാനിക്കൂ.
വിഷഗ്രന്ഥിയുള്ള ഏക ഉഭയജീവി
ഇഴഞ്ഞു നടക്കുന്നു എന്നതിന് പുറമെ പാമ്പുമായുള്ള ഈ ജീവികളുടെ മറ്റൊരു സാമ്യം ഇവയ്ക്ക് വിഷഗ്രന്ഥിയുണ്ട് എന്നുള്ളതാണ്. മാരകമായ വിഷമൊന്നുമല്ലെങ്കിലും ചെറു ജീവികളെ എളുപ്പത്തില്‍ കീഴടക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ് ഇവയുടെ വിഷം. വിഷഗ്രന്ഥി കണ്ടെത്തിയിട്ടുള്ള ഏക ഉഭയജീവി കൂടിയണ് കസീലിയനുകള്. ഒരു പക്ഷേ വിഷഗ്രന്ഥിയുളള ഏറ്റവും പുരാതന ജീവിയും കസീലിയനുകളായാരിക്കാമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
അതേസമയം ഈ ജീവികള്‍ വടക്കേ അമേരിക്കയില്‍ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് സാങ്കേതികമായി പൂര്‍ണമായും ശരിയല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതാണ്ട് 160 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കേ അമേരിക്കന്‍ മേഖലയില്‍ ജീവിച്ചിരുന്ന സമാന ജീവി വര്‍ഗത്തിന്റെ ഫോസിലുകള്‍ മുന്‍പേ ലഭിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ അമേരിക്കയില്‍ നിന്ന് ലഭിച്ച ഈ ഫോസിലുകളല്ലാതെ സമീപകാലത്തൊന്നും ഈ ജീവികളുടെ സാന്നിധ്യം യുഎസില്‍ റിപ്പോര്‍ട്ട് ചെ്യപ്പെട്ടിട്ടില്ല. യുഎസിന് തെക്ക് സ്ഥിതി ചെയ്യുന്ന മെക്സിക്കോയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
English Summary: Bizarre, Limbless Amphibians Discovered in The US For The First Time