മൃഗശാലയിൽ നായ കയറി; ഭക്ഷണം കഴിക്കുകയായിരുന്ന ‘റാണി’ പേടിച്ചോടി, ചരിഞ്ഞു
Mail This Article
യുഎസിലെ മിസോറി സെന്റ് ലൂയിസ് മൃഗശാലയിൽ നായ കയറിയതിനുപിന്നാലെ പേടിച്ചോടിയ ഏഷ്യൻ ആന ചരിഞ്ഞു. റാണി എന്ന 27 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. 20 വർഷമായി മൃഗശാലയിലെ താരമായി ജീവിച്ചിരുന്ന ആനയുടെ വിയോഗം മൃഗശാല അധികൃതരെ ദുഃഖത്തിലാഴ്ത്തി.
ഒക്ടോബർ 13നാണ് സംഭവം നടന്നത്. എന്നാൽ 17 വരെ ഇക്കാര്യം മൃഗശാല അധികൃതർ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരം 3.40 ഓടെയാണ് മൃഗശാലയിലെ ആനകളെ പാർപ്പിച്ചിരിക്കുന്നിടത്ത് നായ എത്തിയത്. ഇത് ആനകൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കി. നായയെ അവിടെനിന്ന് തുരത്താനും ആനകളെ ശാന്തരാക്കാനും മൃഗശാല അധികൃതർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ സമയത്ത് റാണി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നതിനാൽ നായയെ കണ്ടില്ല. എന്നാൽ മറ്റ് ആനകളുടെ ബഹളം കേട്ട് റാണി പരിഭ്രാന്തയായി. ഉടൻതന്നെ ചുറ്റും ഓടുകയും വീഴുകയും ചെയ്തു. ഉടൻതന്നെ റാണിയെ എമർജൻസി കെയറിലേക്ക് മാറ്റിയെങ്കിലും 4 മണിയോടെ ചരിയുകയായിരുന്നു.
സർവീസ് നായകൾക്ക് മാത്രമാണ് മൃഗശാലയിൽ പ്രവേശനമുള്ളത്. എന്നാൽ ഈ നായ എങ്ങനെ അകത്തേക്ക് കയറിയെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു. റാണിയുടെ വിയോഗം തങ്ങളെ തകർത്തി. മൃഗസംരക്ഷണ സംഘം ആവശ്യമായതെല്ലാം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഈ സമയം ജനങ്ങളുടെ പിന്തുണ തങ്ങൾക്ക് ആവശ്യമാണെന്ന് മൃഗശാല അധികൃതർ മൈക്കൽ മാസെക് പറഞ്ഞു.
2001 ജൂലൈയിലാണ് ഏഷ്യൻ ആനയായ റാണിയെയും അമ്മയെയും സെന്റ് ലൂയിസ് മൃഗശാലയിലേക്ക് കൊണ്ടുവന്നത്. അന്ന് 5 വയസായിരുന്നു പ്രായം. 52 വയസുകാരിയായ അമ്മയാന മൃഗശാലയിൽ ഉണ്ട്. ഇതേ പ്രായത്തിൽ മറ്റ് രണ്ട് ഏഷ്യൻ ആനകളും മൃഗശാലയിലുണ്ട്.