സൂചിമുനയുടെ മൂർച്ചയുള്ള 100 പല്ലുകൾ; നായയെന്നു കരുതി പാവയെ ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്

Mail This Article
വിഷമുള്ളവയല്ലെങ്കിലും പെരുമ്പാമ്പുകൾ അപകടകാരികളാണ്. ഇരയെ ഒത്തു കിട്ടിയാൽ നിമിഷങ്ങൾക്കുള്ളിൽ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ചു കൊല്ലാൻ അവയ്ക്കാവും. മനുഷ്യർക്ക് വലിയ ഭീഷണിയല്ലെങ്കിലും താരതമ്യേന ചെറിയ വളർത്തു മൃഗങ്ങളെ അവ വളരെ വേഗം പിടികൂടും. എന്നാൽ ഇപ്പോൾ വളർത്തുനായയെന്ന് കരുതി നായയുടെ രൂപത്തിലുള്ള ഒരു കളിപ്പാവയെ ചുറ്റിവരയുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്. സൺഷൈൻ കോസ്റ്റിലുള്ള ഒരു വീട്ടിൽ പാമ്പു കയറിയയെന്നറിഞ്ഞ് അതിനെ പിടികൂടാനെത്തിയ റയാൻ ഫുള്ളർ എന്ന പാമ്പുപിടുത്ത വിദഗ്ധനാണ് ഈ പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
പ്രദേശത്തെ ഒരു വീട്ടിൽ കയറിയ പാമ്പ് കിടപ്പുമുറിക്കുള്ളിലാണ് ഒളിക്കാൻ ഇടം കണ്ടെത്തിയത്. വീട്ടുടമയുടെ മകൻ പാമ്പിനെ കണ്ടതോടെ ഭയന്നുപോയ വീട്ടുകാർ ഉടൻതന്നെ റയാനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പാണ് വീടിനുള്ളിൽ കയറിയതെന്ന് തിരിച്ചറിഞ്ഞത്. സൺഷൈൻ കോസ്റ്റിൽ ഏറ്റവും അധികം കാണപ്പെടുന്ന പാമ്പുകളിൽ ഒന്നാണ് കാർപെറ്റ് പൈതണുകൾ.
ജീവനുള്ള നായയാണെന്ന് കരുതിയാവാം പെരുമ്പാമ്പ് കളിപ്പാവയെ ചുറ്റിവരിഞ്ഞതെന്ന് റയാൻ പറയുന്നു. ഈ കാഴ്ച കണ്ട് ഏറെ രസകരമായി തോന്നിയതിനാലാണ് അദ്ദേഹം അതിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അത്ര സാധാരണമല്ലാത്ത കാഴ്ചയല്ലാത്തതിനാൽ പാമ്പിന്റെ ചിത്രങ്ങൾ വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുകയും ചെയ്തു. പാമ്പിനു പറ്റിയ അബദ്ധം എന്ന നിലയിലാണ് അതിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നതെങ്കിലും മറ്റു ചില കാര്യങ്ങൾ കൂടി ഈ സംഭവം ഓർമിപ്പിക്കുന്നുണ്ട്. പെരുമ്പാമ്പുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വളർത്തു നായകളെയും മറ്റു വളർത്തുമൃഗങ്ങളെയും എത്രത്തോളം സുരക്ഷിതരാക്കണമെന്നാണത്.
പെരുമ്പാമ്പുകളെ കണ്ടാൽ അവ വിഷമുള്ളവയല്ലെന്ന് കരുതി ആരും സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്ന് റയാൻ പറയുന്നു. അവ വീടിനുള്ളിൽ കയറിയാൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും എത്രയും വേഗം സുരക്ഷിതരാക്കിയ ശേഷം പാമ്പുപിടുത്ത വിദഗ്ധരെ വിവരം അറിയിക്കണമെന്നാണ് അദ്ദേഹം നൽകുന്ന നിർദ്ദേശം. സൂചി മുനയുടെ മൂർച്ഛയുള്ള നൂറു പല്ലുകളാണ് കാർപെറ്റ് പൈതണുകൾക്ക് സാധാരണയായുള്ളത്.അതായത് അവയുടെ കടിയേറ്റാൽ അത്ര ശക്തമായ വേദന അനുഭവപ്പെടുമെന്ന് സാരം. വീടിനു പുറത്താണ് അവയെ കണ്ടെത്തുന്നതെങ്കിൽ ശല്യപ്പെടുത്താതിരിക്കുകയാണ് ഏറ്റവും ഉചിതമായ മാർഗമെന്നും റയാൻ ഓർമിപ്പിക്കുന്നു.
English Summary: Snake With '100 Needle-Sharp Teeth' Found Squeezing Toy Dog in Family Home