ADVERTISEMENT

സ്‌മാർട്ട് വാച്ചുകൾ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം

∙ അന്വേഷണം

വൈറലായ ഒരു ഇൻസ്റ്റഗ്രാം വിഡിയോയിൽ, ആപ്പിൾ വാച്ചുകൾക്ക് നിങ്ങളെ കൊല്ലാൻ കഴിയുമെന്നാണ് അവകാശവാദം.സ്മാർട്ട് വാച്ചുകൾ, ആപ്പിൾ വാച്ചുകൾ ഉൾപ്പെടെയുള്ളവ, കാൻസർ, കരൾരോഗം, ദുർബലമായ പ്രതിരോധശേഷി, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിഡിയോയിൽ പറയുന്നത്.  "ഫോറെവർ കെമിക്കൽസ്" എന്നും അറിയപ്പെടുന്ന PFAS (പെർ- ആൻഡ് പോളിഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസസ്) ദിവസേന ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ കലർന്നുചേരുന്നു എന്നാണ് വിഡിയോയിൽ പറയുന്നത്.

സ്മാർട്ട് വാച്ചുകളിൽ "ഫോറെവർ കെമിക്കൽസ്" (PFAS) അടങ്ങിയിട്ടുണ്ടോ?

അതെ, ചിലതിൽ അടങ്ങിയിട്ടുണ്ട്. 2024 ഡിസംബറിലെ ഒരു പഠനം വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 22 സ്മാർട്ട് വാച്ച് ബാൻഡുകൾ പരിശോധിച്ചപ്പോൾ അതിൽ 15 എണ്ണത്തിലും ഉയർന്ന അളവിൽ ഫ്ലൂറൈൻ അടങ്ങിയിരുന്നു, ഇത് PFAS (പെർ- ആൻഡ് പോളിഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസസ്) ഉപയോഗിച്ച് നിർമിച്ച ഒരു തരം സിന്തറ്റിക് റബ്ബറായ ഫ്ലൂറോഇലാസ്റ്റോമറുകളുടെ സാന്നിധ്യമാണ് സൂചിപ്പിച്ചത്. കണ്ടെത്തിയ ഏറ്റവും സാധാരണമായ പെർഫ്ലൂറോഹെക്സനോയിക് ആസിഡ് (PFHxA) ആയിരുന്നു ഇത്.

ഫ്ലൂറോഇലാസ്റ്റോമറുകൾ വാച്ച് ബാൻഡുകളെ കൂടുതൽ കാലം ഈടുനിൽക്കാനും വിയർപ്പ് പ്രതിരോധിക്കാനും സഹായിക്കുന്നു. എന്നാൽ എല്ലാ സ്മാർട്ട് വാച്ച് ബാൻഡുകളിലും PFAS അടങ്ങിയിട്ടില്ല. സിലിക്കൺ, ലെതർ അല്ലെങ്കിൽ ഫാബ്രിക് പോലുള്ള PFAS-ഫ്രീ മെറ്റീരിയലുകളാൽ നിർമിച്ച നിരവധി ബാൻഡുകളുമുണ്ട്.

വാച്ച് ബാൻഡുകളിൽ നിന്നുള്ള PFAS ചർമ്മത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടോ?

ഹാനികരമാകാൻ സാധ്യതയില്ല. PFAS വലിയ അളവിൽ ഹാനികരമാകാം, എന്നാൽ  ഈ രാസവസ്തുക്കൾ ചർമ്മത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് പഠനങ്ങളിലൊന്നും തന്നെ സൂചിപ്പിച്ചിട്ടില്ല. മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കിൽ വായുവിലൂടെയാണ്  സാധാരണയായി PFAS-ന് ശരീരത്തിൽ കടക്കുന്നത്. ഒരു പഠനത്തിൽ വാച്ച് ബാൻഡുകളിൽ നിന്ന് PFHxA വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നുണ്ട് എന്നാൽ എത്ര അളവ് ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കിയിട്ടില്ല.

ഞങ്ങളുടെ അന്വേഷണത്തിനിടെ, PFAS-ന്റെ ചർമ്മ ആഗിരണത്തെക്കുറിച്ചുള്ള രണ്ട് പഠനങ്ങൾ ഞങ്ങൾ കണ്ടെത്തി: 2022 ലെ ഒരു പഠനം, ചർമ്മവുമായി സമ്പർക്കം പുലർത്തുന്ന ഉൽപ്പന്നങ്ങളിൽ PFAS കണ്ടെത്തി, എന്നാൽ എത്രത്തോളം ആഗിരണം ചെയ്യപ്പെടുന്നു എന്ന് വ്യക്തമല്ലെന്ന് പറയുന്നു. PFAS ചർമ്മ ആഗിരണത്തെക്കുറിച്ച് മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നു.

2024 ലെ ഒരു പഠനത്തിൽ ചർമ്മം വ്യത്യസ്ത അളവുകളിൽ PFAS ആഗിരണം ചെയ്യുമെന്ന് കണ്ടെത്തി. എന്നിരുന്നാലും, ചർമ്മ ആഗിരണം മന്ദഗതിയിലായിരുന്നു, കാലക്രമേണ ചെറിയ അളവ് മാത്രമാണ് രക്തത്തിലേക്ക് എത്തുകയുള്ളൂ.എന്നാൽ ഇത് അപകടകാരിയല്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

വൈറൽ വിഡിയോയിൽ പരാമർശിച്ച പഠനത്തിലെ ഗവേഷകരും PFHxA-യുടെ ചർമ്മ ആഗിരണത്തെ പൂർണമായി മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറയുന്നുണ്ട്.

PFAS കാൻസറുമായും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടോ?

അതെ, വലിയ അളവിൽ, പക്ഷേ വാച്ച് ബാൻഡുകളിൽ നിന്നല്ല. PFOA, PFOS പോലുള്ള ചില PFAS (പെർ- ആൻഡ് പോളിഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസസ്)കൾക്ക് കാൻസർ, ഹോർമോൺ തകരാറ്, പ്രതിരോധശേഷി പ്രശ്നങ്ങൾ, കരൾ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധമുണ്ട്. ചില വ്യവസായ തൊഴിലാളികളെയോ മലിനമായ വെള്ളം കുടിക്കുന്നവരെയൊക്കെയാണ് PFAS കാര്യമായി ബാധിക്കുന്നത്.

അതേസമയം, വാച്ച് ബാൻഡുകളിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള PFAS-ന്റെ  അളവ് ഹാനികരമായ അപകടസാധ്യതയേക്കാൾ വളരെ കുറവാണ്. സ്മാർട്ട് വാച്ച് ധരിക്കുന്നത് ശരീരത്തിലെ PFAS-ന്റെ അളവ് വർദ്ധിപ്പിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിന് തെളിവുകൾ ലഭ്യമല്ല.

സാധ്യതയുള്ള അപകടസാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സിലിക്കണിൽ നിർമ്മിച്ച കുറഞ്ഞ വിലയുള്ള റസ്റ്റ് ബാൻഡുകൾ തിരഞ്ഞെടുക്കുക. ഉയർന്ന വിലയുള്ള ഓപ്ഷനുകളുടെ ഉൽപ്പന്ന വിവരണങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ഫ്ലൂറോഇലാസ്റ്റോമറുകളായി ലിസ്റ്റ് ചെയ്തിട്ടുള്ള മെറ്റീരിയലുകൾ ഒഴിവാക്കുക.

നോട്ട്രി ഡാം പഠനം യഥാർത്ഥത്തിൽ സ്മാർട്ട് വാച്ചുകൾ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പറയുന്നുണ്ടോ?

ഒരിക്കലുമില്ല. ചില വാച്ച് ബാൻഡുകളിൽ PFHxA-യുടെ സാന്നിധ്യം മാത്രമാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. സ്മാർട്ട് വാച്ച് ധരിക്കുന്നത് കാൻസർ, കരൾരോഗം അല്ലെങ്കിൽ വിഡിയോയിൽ പരാമർശിച്ച മറ്റ് അവസ്ഥകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ഈ പഠനം അവകാശപ്പെടുന്നില്ല. വിഡിയോയിലെ വ്യക്തി (രാജീവ് മഖ്നി) പഠനത്തിന്റെ യഥാർത്ഥ കണ്ടെത്തലുകളേക്കാൾ കൂടുതൽ വ്യാഖ്യാനിക്കുകയാണ്.

വിദഗ്ധ അഭിപ്രായം ലഭിക്കാൻ,  സെന്റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ, AIIMS, ന്യൂഡൽഹിയിലെ സീനിയർ കൺസൾട്ടന്റ്  ഡോ. സഞ്ജീവ് കുമാറുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം വിശദീകരിച്ചത്, "നോട്ട്രി ഡാം പഠനം ചില സ്മാർട്ട് വാച്ച് ബാൻഡുകളിൽ PFHxA-യുടെ സാന്നിധ്യം തിരിച്ചറിയുന്നു, പക്ഷേ ഈ ഉപകരണങ്ങൾ ധരിക്കുന്നത് കാൻസർ, കരൾരോഗം അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവകാശപ്പെടുന്നില്ല. ചർമ്മ സമ്പർക്കത്തിലൂടെയുള്ള PFHxA അപകടസാധ്യതയെക്കുറിച്ച്,  കൂടുതൽ ഗവേഷണം ആവശ്യമുണ്ടെന്ന് ഈ പഠനത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 

ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ആളുകൾ സ്മാർട്ട് വാച്ചുകൾ ധരിക്കുന്നത് അവസാനിപ്പിക്കണോ?

തീർച്ചയായും ഇല്ല. ഹൃദയമിടിപ്പ്, വ്യായാമം, ഉറക്കം എന്നിവ ട്രാക്ക് ചെയ്യുന്നതുപോലുള്ള ആരോഗ്യ ഗുണങ്ങൾ സ്മാർട്ട് വാച്ചുകൾ നൽകുന്നു. അവ ധരിക്കുന്നത് കാൻസർ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല.ആശങ്കയുണ്ടെങ്കിൽ സിലിക്കൺ, ലെതർ അല്ലെങ്കിൽ ഫാബ്രിക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബാൻഡുകൾ ഉപയോഗിക്കുക.അദ്ദേഹം പറഞ്ഞു.

∙ വാസ്തവം

സ്മാർട്ട് വാച്ചുകൾ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തിപ് മീഡിയ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Smartwatches do not cause cancer or other health problems. Recent studies show no correlation between smartwatch use and health risks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com