ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ശക്തമായ മത്സരം നടക്കുന്ന വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി കെ.കെ.ശൈലജ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നും പാതി മീശ വടിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വാർത്താ കാർഡിന്റെ രൂപത്തിലാണ് പ്രചാരണം. എൽഡിഎഫിനെയും സിപിഎമ്മിനെയും പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്.

∙ അന്വേഷണം

പ്രചരിക്കുന്ന വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണെന്നും ഇ.പി.ജയരാജൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലാണ് കാർഡ് പ്രചരിക്കുന്നത്. വൈറൽ കാർഡിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടാണ് ചിത്രം വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായത്. ഇത് ഏഷ്യാനെറ്റിന്റെ ഔദ്യോഗിക ഫോണ്ടല്ല. ഒപ്പം വാക്യഘടനയും മറ്റും ഒരു മുഖ്യധാരാ മാധ്യമത്തിന്റേതല്ലെന്നും പ്രകടമാണ്. തുടർന്ന് കാർഡിൽ നൽകിയിരിക്കുന്ന തിയതിയിൽ ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച മുഴുവൻ വാർത്താ കാർഡുകളും പരിശോധിച്ചെങ്കിലും ഈ കാർഡ് കണ്ടെത്താനായില്ല.

എന്നാൽ പിന്നീട് ഇ.പി.ജയരാജന്റെ ചിത്രങ്ങളുപയോഗിച്ച പഴയ കാർഡുകൾ പരിശോധിച്ചതോടെ വ്യാജ കാർഡ് തയ്യാറാക്കാൻ ഉപയോഗിച്ച യഥാർഥ കാർഡ് കണ്ടെത്തി. 2024 ഫെബ്രുവരി 14 ന് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കാർഡിൽ ലീഗിന്റെ യുഡിഎഫ് സഖ്യവുമായി ബന്ധപ്പെട്ടാണ് പ്രസ്താവന. 

ലീഗ് ഒറ്റയ്ക്ക് മൽസരിച്ചാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനാവില്ലെന്നായിരുന്നു അന്ന് ഇ.പി നടത്തിയ പ്രസ്താവന

തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മറ്റ് പ്രസ്താവനകളൊന്നും ഇ.പി. ജയരാജൻ നടത്തിയതായി കണ്ടെത്താനായില്ല.

∙ വസ്തുത

വടകരയിൽ LDF സ്ഥാനാർത്ഥി കെ.കെ. ശൈലജ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നോ പാതി മീശ വടിക്കുമെന്നോ ഇ.പി.ജയരാജൻ പറഞ്ഞിട്ടില്ല. എഡിറ്റ് ചെയ്ത് നിർമിച്ച വ്യാജ കാർഡാണ് പ്രചരിക്കുന്നത്.

English Summary: EP Jayarajan has not said that he will shave his head or half his mustache if LDF candidate KK Shailaja loses in Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com