ADVERTISEMENT

ഖാസി വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സമസ്‍ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ യത്തീംഖാന മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് മുക്കം മുസ്‌ലിം  യത്തീംഖാന മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് ഉമ്മർ ഫൈസിയെ പുറത്താക്കിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ ആരോപണത്തിൽ മുക്കം ഉമർ ഫൈസിയോട് സമസ്‌ത വിശദീകരണം തേടിയിരുന്നു. എടവണ്ണപ്പാറയിലെ മിലാദ് സമ്മേളനത്തിൽ ഉമർ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമർ ഫൈസി നടത്തിയ പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമർശനം. സാദിഖലി തങ്ങളെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ച ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉമര്‍ ഫൈസിയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.വാസ്ത‌വമറിയാം.

∙ അന്വേഷണം

'പാണക്കാട് വിരുദ്ധ പ്രഭാഷണം നടത്തിയ കുപ്രസിദ്ധ പ്രഭാഷകൻ മുക്കം ഉമർ മൗലവിയെ സ്വന്തം നാട്ടുകാർ പിടിച്ചു പുറത്തേക്ക് ഇട്ടിരിക്കുന്നു' എന്ന എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഒരു വാർത്താ കാർഡ് രൂപത്തിലാണ് ചിത്രം പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രം ഒരു വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ഏതെങ്കിലും ചാനലിന്റെ ലോഗോയോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ല. 20/11/2024 എന്ന തീയതി ചിത്രത്തില്‍ കാണാം. ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ഒരു വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.

ഉമര്‍ ഫൈസിയെ മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് തീരുമാനം നവംബര്‍ 28ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

നിലവില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന സൂചന ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി മുക്കം മുസ്‌ലിം ഓര്‍ഫനേജ് സെക്രട്ടറി അബ്‌ദുല്ലക്കോയയുമായി ഫോണില്‍ സംസാരിച്ചു.  “നിലവില്‍ ഉമര്‍ ഫൈസിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. അദ്ദേഹം 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. മാനേജ്മെന്റ് കമ്മിറ്റി എന്നൊരു സംവിധാനമില്ല. എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ മാത്രമാണ് അദ്ദേഹം നിലവില്‍ അംഗമായിരിക്കുന്നത്. നവംബര്‍ 28ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഒരുപക്ഷേ അദ്ദേഹം തുടരുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാം. അത് അദ്ദേഹത്തിന്റെ രാജിയോ അല്ലെങ്കില്‍ മറ്റ് നടപടികളോ ആവാം. ഇക്കാര്യത്തിലൊന്നും ഇപ്പോള്‍ പ്രതികരിക്കുക സാധ്യമല്ല. നിലവില്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രചരിക്കുന്ന കാര്‍ഡ് ആരോ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതില്‍ പൊലീസില്‍ പരാതി നൽ‌കുന്നതിന്റെ സാധ്യതകളും തേടുന്നുണ്ട്.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

എടവണ്ണപ്പാറയിൽ സമസ്‌തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച ‘ഗ്രാൻഡ് മിലാദ് കോൺഫറൻസിൽ’ മുസ്‌ലിം ലീഗ്‌ പ്രസിഡന്റിന്റെ പേര്‌ പരാമർശിക്കാതെയായിരുന്നു ഫൈസിയുടെ വിമർശനം.

പാണക്കാട് സാദിഖലി തങ്ങൾ നിലവിൽ ആയിരത്തോളം മഹല്ലുകളിലെ ഖാസിയാണ്. പാണക്കാട് തങ്ങൾ കുടുംബാംഗങ്ങൾ ഖാസിമാരായ മഹല്ലുകളുടെ ഏകോപനത്തിനായി അടുത്തിടെ പാണക്കാട് ഖാസി ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച്ചിരുന്നു. സമസ്തയിൽ ലീഗുകാരുമായി ചേർന്നു നിൽക്കുന്ന നേതാക്കളാണ് ഇതിനു നേതൃത്വം നൽകുന്നത്. ഖാസി ഫൗണ്ടേഷൻ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന പരാതി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാത്തിനുണ്ട്. ഇതിന്റെ തുടർച്ചയായിരുന്നു ഉമർ ഫൈസിയുടെ വിമർശനം.

ലഭ്യമായ വിവരങ്ങളിൽ നിന്ന്  പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുക്കം ഉമര്‍ ഫൈസിക്കെതിരെ നിലവില്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും വ്യക്തമായി.

∙ വസ്തുത

പ്രചാരണം അടിസ്ഥാനരഹിതമാണ്. ഉമര്‍ ഫൈസിയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: Mukkam Umar Faizi has not yet been expelled from the Yatimkhana Management Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com