ഉടൻ വരും ഹോണ്ട സിറ്റി ബിഎസ് 6
Mail This Article
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരം പുലർത്തുന്ന സിറ്റിക്കുള്ള ബുക്കിങ്ങുകൾ പല ഹോണ്ട ഡീലർമാരും അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. ഇടത്തരം സെഡാനായ സിറ്റിയുടെ ബിഎസ്ആറ് പതിപ്പിന്റെ ഔദ്യോഗിക അരങ്ങേറ്റവും വില പ്രഖ്യാപനവുമൊക്കെ വരും ആഴ്ചകളിലുണ്ടാവുമെന്നാണു പ്രതീക്ഷ. ബിഎസ്ആറ് പെട്രോൾ എൻജിനുള്ള സിറ്റിയുടെ വിൽപന അടുത്ത മാസത്തോടെ തുടങ്ങാനുള്ള സാധ്യതയുമേറെയാണ്. സിറ്റിയിലെ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള പെട്രോൾ എൻജിന് അടുത്തയിടെയാണു ഹോണ്ട അംഗീകാരം നേടിയത്. ഇതോടെ ഹോണ്ട ശ്രേണിയിൽ ബി എസ് ആറ് എൻജിനോടെ വിൽപ്പനയ്ക്കെത്തുന്ന ആദ്യ കാറായും സിറ്റി മാറും. അതേസമയം സിറ്റിയുടെ പ്രധാന എതിരാളിയായ മാരുതി സുസുക്കി സിയാസ് ഏതാനും മാസമായി ബി എസ് ആറ് നിലവാരം പാലിക്കുന്ന പെട്രോൾ എൻജിനോടെയാണു വിൽപ്പനയ്ക്കെത്തുന്നത്.
നിലവാരം ബിഎസ്ആറിലേക്ക് ഉയരുമ്പോഴും സിറ്റിയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന്റെ പ്രകടനക്ഷമതയിൽ കാര്യമായ മാറ്റമില്ല. ബിഎസ് നാലിലെന്ന പോലെ 119 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. തുടക്കത്തിൽ മാനുവൽ ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ. കാറിൽ സിവിടി ഗീയർബോക്സ് ഇടംപിടിക്കുന്നതു സംബന്ധിച്ചു സൂചനയൊന്നുമില്ല. ബി എസ് നാലു മോഡലിനെ അപേക്ഷിച്ചു ബിഎസ്ആറ് എൻജിനോടെയെത്തുന്ന സിറ്റിയുടെ വിലയിൽ 35,000 – 40,000 രൂപ വർധനയും പ്രതീക്ഷിക്കാം. ബിഎസ് നാലിലുണ്ടായിരുന്ന വകഭേദങ്ങളോടെ തന്നെയാവും സിറ്റിയുടെ ബിഎസ്ആറ് പതിപ്പും വിൽപനയ്ക്കെത്തുകയെന്നാണു സൂചന. മാനുവൽ ട്രാൻസ്മിഷനുള്ള പെട്രോൾ സിറ്റി, എസ്‌വി, വി, വി എക്സ്, സെഡ് എക്സ് വകഭേദങ്ങളിലാണു ലഭ്യമാവുക.
അടിസ്ഥാന മോഡലായ എസ്‌വിയിൽ ഇരട്ട എയർബാഗ്, എബിഎസ്, പിന്നിൽ പാർക്കിങ് സെൻസർ, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, 15 ഇഞ്ച് അലോയ് വീൽ, റിമോട്ട് ലോക്കിങ്, പവർ വിങ് മിററും വിൻഡോകളും, ഓട്ടമാറ്റിക് എയർകണ്ടീഷനർ, ബ്ലൂടൂത്ത് കംപാറ്റിബിലിറ്റിയോടെ ഓഡിയോ സംവിധാനം, ക്രൂസ് കൺട്രോൾ തുടങ്ങിയവ ലഭിക്കും. ഇടത്തരം വകഭേദമായ ‘സിറ്റി വി’യിൽ ഏഴ് ഇഞ്ച് ടച് സ്ക്രീൻ, കീരഹിത എൻട്രി, റിയർ കാമറ തുടങ്ങിയവ കൂടിയുണ്ടാവും. ബിഎസ് ആറ് നിലവാരമുള്ള ഡീസൽ എൻജിൻ സഹിതം സിറ്റി അടുത്ത ഏപ്രിലോടെ വിൽപ്പനയ്ക്കെത്തുമെന്നാണു കരുതുന്നത്. ഒപ്പം ഈ മാസം തായ്‌ലൻഡിൽ അരങ്ങേറ്റം കുറിക്കുന്ന പുത്തൻ സിറ്റിയും അടുത്ത വർഷം മധ്യത്തോടെ ഇന്ത്യയിൽ വിൽപനയ്ക്കെത്തിയേക്കും.