ADVERTISEMENT

പ്രതീക്ഷിച്ച വിൽപനയും സ്വീകരണവും ലഭിക്കാതിരുന്നതിനാൽ ഹാർലി ഡേവിഡ്സൺ ഇന്ത്യ വിട്ടതു കഴിഞ്ഞ സെപ്റ്റംബറിലാണ്. പിന്നീട് ഹീറോ മോട്ടോകോർപുമായി ചേർന്നു തിരിച്ചുവരവു നടത്തുമെന്നു കമ്പനി പ്രഖ്യാപിച്ചു. തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പതുക്കെയാണു പുരോഗമിക്കുന്നതെന്നതിനാൽ ഇപ്പോഴും ഡീലർമാരുടെ പക്കൽ പുതിയ ഹാർലി ബൈക്കുകൾ എത്തിത്തുടങ്ങിയിട്ടില്ല.

സമാനമായ അവസ്ഥയിലേക്കു നീങ്ങിയിരിക്കുകയാണ് പൂണെ ആസ്ഥാനമായ കൈനറ്റിക് മോട്ടോറോയെൽ. അഞ്ചു സൂപ്പർ ബൈക്ക് ബ്രാൻഡുകളുടെ ഇന്ത്യയിലെ വിതരണക്കാർ ആയിരുന്ന മോട്ടോറോയെലിന് ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കിയതാണു തിരിച്ചടിയായത്. നിലവിൽ ഒരു ബൈക്ക് പോലും ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടം പാലിച്ചു പുറത്തിറക്കാൻ സാധിക്കാത്ത കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. 

norton-v4ss
Norton V4SS

എംവി അഗസ്റ്റ (ഇറ്റലി), നോർട്ടൻ (യുകെ), എഫ്ബി മോണ്ടിയൽ (ഇറ്റലി), എസ്ഡബ്യൂഎം (ഇറ്റലി), ഹ്യോസങ് (ദക്ഷിണ കൊറിയ) എന്നീ ബ്രാൻഡുകളുടെ സൂപ്പർ ബൈക്കുകൾ ആണ് മോട്ടോറോയെൽ ഇന്ത്യയിൽ വിറ്റിരുന്നത്.  മികച്ച മോഡലുകൾ കയ്യിലുണ്ടായിരുന്നിട്ടും ഡീലർ ശൃംഘല വിപുലീകരിക്കുന്നതിനായി കൂടുതൽ നിക്ഷേപകരെ ലഭിക്കാതിരുന്നതാണു കമ്പനി നേരിട്ട ആദ്യത്തെ തിരിച്ചടി. ഇതിനു പിന്നാലെ ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടം രാജ്യത്തു കർശനമാകുകയും ചെയ്തു. 

നോർട്ടൻ ബ്രാൻഡ് ടിവിഎസ് വാങ്ങിയതും കരാർ പ്രശ്നങ്ങളുടെ പേരിൽ എംവി അഗസ്റ്റ സംയുക്ത സംരംഭത്തിൽ നിന്നു പിൻമാറിയതും മോട്ടോറോയലിന്റെ നില കഴിഞ്ഞ വർഷം തന്നെ പരുങ്ങലിലാക്കിയിരുന്നു. 

mondial-hps-300
Mondial HPS 300

മറ്റു മൂന്നു ബ്രാൻഡുകളിൽ ഹ്യോസങ് വില സംബന്ധമായ ഒത്തുതീർപ്പുകൾക്കു തയാറായിരുന്നുമില്ല. പൂണെ ആസ്ഥാനമായ ഡിഎസ്കെ മോട്ടോവീൽസ് പാപ്പരായതിനു ശേഷം ആണ് ഹ്യോസങ് മോട്ടോറോയലുമായി കൈകോർത്തത്. അങ്ങനെ കൊച്ചിയിലേത് അടക്കമുള്ള പല ഹ്യോസങ് ഡീലർഷിപ്പുകളും മോട്ടോറോയൽ ഡീലർമാരായി മാറിയിരുന്നു. എന്നാൽ, വേണ്ടത്ര പ്രചാരണം നടത്താൻ കഴിയാതിരുന്ന പ്രതികൂല അവസ്ഥയെ ഈ അനുകൂല ഘടകം കൊണ്ടു മറികടക്കാൻ കമ്പനിക്കു സാധിച്ചതുമില്ല. പല ബ്രാൻഡുകളുടെയും തദ്ദേശീയമായ ഗവേഷണ പ്രവർത്തനങ്ങളും മോട്ടോറോയലിന്റെ ചുമതലയായിരുന്നു. അതും മുടങ്ങി. എഫ്ബി മോണ്ടിയൽ, എസ്ഡബ്യൂഎം എന്നീ ബ്രാൻഡുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ ഇടയിൽ വേണ്ടത്ര പ്രചാരം ഉള്ളതും ആയിരുന്നില്ല. നിലവിൽ പുതിയ ബൈക്കുകളൊന്നും പുറത്തിറക്കാൻ കമ്പനിക്കു പദ്ധതിയില്ലെന്നു മോട്ടോറോയെൽ വൃത്തങ്ങൾ വ്യക്തമാക്കി. 

മോട്ടോറോയെൽ ഇന്ത്യൻ നിരത്തിലെത്തിച്ച സൂപ്പർ ബൈക്കുകൾ:

എംവി അഗസ്റ്റ ബ്രൂട്ടേൽ 800

എംവി അഗസ്റ്റ ബ്രൂട്ടേൽ 800 ആർആർ

എംവി അഗസ്റ്റ ബ്രൂട്ടേൽ 800 ആർആർ അമേരിക്ക

എംവി അഗസ്റ്റ എഫ്3 800

ഹ്യോസങ് ജിടി 250

ഹ്യോസങ് അക്വില പ്രോ 650

എസ്ഡബ്യൂഎം സൂപ്പർഡ്യൂവൽ ടി

എഫ്ബി മോണ്ടിയൽ എച്പിഎസ് 300

English Summary: Kinetic Motoroyale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com