ജീപ്പ് കമാൻഡർ അഥവാ മെറിഡിയൻ, ഇത് കോംപസിന്റെ ഏഴു സീറ്റ് പതിപ്പ്
Mail This Article
കോംപസ് അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി കമാൻഡറിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ജീപ്പ്. ബ്രസീലിയൻ വിപണിക്കായി എത്തുന്ന കമാൻഡറിന്റെ ചിത്രങ്ങളാണ് ജീപ്പ് ബ്രസീൽ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മെറിഡിയൻ എന്ന് പേരിലായിരിക്കും വാഹനം എത്തുക. അടുത്ത വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപനയ്ക്കെത്തിക്കാൻ ആണ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലി(എഫ്സിഎ)ന്റെ പദ്ധതി. മൂന്നു നിര സീറ്റോടെ, വിദേശ വിപണികളിൽ കമാൻഡർ എന്ന പേരിൽ വിൽപനയ്ക്കെത്തുന്ന ജീപ്പാണ് ഇന്ത്യയിൽ മെറിഡിയൻ ആയി അവതരിക്കുക.
മെറിഡിയൻ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽ നിന്നു കടം കൊണ്ടവയാകും; ബി പില്ലറിനു പിന്നിലേക്കാണ് കോംപസും മെറിഡിയനുമായി പ്രധാന വ്യത്യാസം. പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ എൽ, ഗ്രാൻഡ് വാഗണീർ എന്നിവയിലെ പോലെ നീളമേറിയ വാതിലുകളാണ് ‘മെറിഡിയനി’ലുമുള്ളത്. പിൻ ടെയിൽ ഗേറ്റിൽ തിരഛീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാപുകളുമുണ്ട്.
ശീതീകരിച്ച സീറ്റ്, പനോരമിക് സൺറൂഫ്, വലുപ്പമേറിയ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമായിട്ടാവും മെറിഡിയന്റെയും വരവ്. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും മെറിഡിയനിലെ അകത്തളത്തിന്റെ രൂപകൽപന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമേ ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിലും ഏഴും യാത്രക്കാർക്ക് മെറിഡിയ’നിൽ ഇടമുണ്ടാവും.
ബ്രസിലിയൻ വിപണിയിലെത്തുന്ന വാഹനത്തിന്റെ എൻജിൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോംപസിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനിൽ ഇടംപിടിക്കുക എന്നാണ് പ്രതീക്ഷ. കോംപസിലെ 170 ബിഎച്ച്പിക്കു പകരം 200 ബിഎച്ച്പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എൻജിന്റെ ട്യൂണിങ് എന്നാണു പ്രതീക്ഷ. ഒൻപതു സ്പീഡ്, ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത.
മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ(ബി എസ് ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്സ് എന്ന കോഡ് നാമത്തിലാണ് എസ്‌യുവിയെ വികസിപ്പിച്ചത്.
ഇന്ത്യയിൽ ഫോക്സ്‌വാഗന്റെ ‘ടിഗ്വൻ ഓൾസ്പേസ്’, സ്കോഡ ‘കൊഡിയാക്’ തുടങ്ങിയവയാവും ‘മെറിഡിയ’ന്റെ പ്രധാന എതിരാളികൾ. ഓഫ് റോഡിങ് ക്ഷമത പരിഗണിച്ചാൽ ‘മെറിഡിയന്റെ മത്സരം ലാഡർ ഫ്രെയിം എസ്‌യുവികളായ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോഡ് ‘എൻഡേവർ’ എന്നിവയോടും നീളും.
English Summary: New Jeep Commander (Meridian) Revealed