ബുള്ളറ്റ് ചരിത്രത്തിലെ പുതിയ അധ്യായം, പാരമ്പര്യവും ആധുനികതയും ഒത്തുചേർന്ന എസ്ജി 650
Mail This Article
റോയൽ എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നു എസ്ജി 650 കൺസെപ്റ്റ്. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ) എസ്ജി 650 കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം നടത്തിയത്.
ഉടൻ എൽഫീൽഡ് ലൈനപ്പിന്റെ ഭാഗമാകുന്ന ബൈക്കിന് പാരമ്പര്യവും ആധുനികതയും ഒത്തു ചേർന്ന ഡിസൈനാണ്. ഇനി പുറത്തിറങ്ങുന്ന എൻഫീൽഡ് ബൈക്കുകൾക്ക് ഈ കൺസെപ്റ്റിൽ തുടങ്ങിയ പുതിയ ഡിസൈൻ ഭാഷ്യമായിരിക്കുമെന്നും എൻഫീൽഡ് പറയുന്നു.
രാജ്യാന്തര ക്രൂസ് ബൈക്കുകളുടെ രൂപഭംഗിയാണ് കണ്‍സെപ്റ്റിന്. ബ്രഷ്ഡ് അലുമിനിയം ഫിനിഷിലാണ് മുൻഭാഗം. ഹാൻഡിൽ പിടിയിൽ നിന്ന് താഴത്തേയ്ക്കാണ് മിററുകളുടെ സ്ഥാനം. സ്റ്റാർട്ടർ സ്വിച്ച് ഇന്റർസെപ്റ്ററിന് സമാനം.
എൻഫീൽഡിന്റെ പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കുന്ന ഇന്ധന ടാങ്കാണ്, ഉരുണ്ട ഹെഡ്‌ലാംപിനോട് ചേർന്ന് തന്നെയാണ് ഇൻഡിക്കേറ്ററുകളുടെ സ്ഥാനം. യുഎസ്‍ഡി ഫോർക്കും ട്വിൻ ഷോക്ക് അബ്സോർബർ സെറ്റപ്പുമുണ്ട്. സിഎൻസി ബില്ലെറ്റ് മെഷിൻഡ് സോളിഡ് അലുമിനിയം ബ്ലോക്കുകൊണ്ട് നിർമിച്ചതാണ് ടാങ്കും വീലുകളും.
ബ്രഷ്ഡ് അലുമിനിയവും കറുപ്പും ചേർന്നതാണ് മുൻ മഡ്ഗാർഡുകൾ. സിംഗിൾ സീറ്റാണ് നൽകിയിരിക്കുന്നത്. പിൻ മഡ്ഗാർഡിനും സൈലൻസറിനും ബ്ലാക്ക് ഫിനിഷാണ്. പിൻ മഡ്ഗാർഡിന് മുകളിലാണ് ചെറിയ ടെയിൽ ലാംപിന്റെ സ്ഥാനം. കൺസെപ്റ്റാണെങ്കിലും ഉടൻ പുറത്തിറങ്ങുന്ന പുതിയ ക്രൂസറിനും ഇതേ രൂപം തന്നെയായിരിക്കും.
ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിൻ തന്നെയാണ് കൺസെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക്കുമുണ്ട്. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
English Summary: Royal Enfield SG650 concept revealed at EICMA 2021