ആഡംബരത്തിന് പുതിയ നിലവാരം; ലെക്സസ് എൻഎക്സ് 350 എച്ച് ബുക്കിങ്ങിനു തുടക്കം
Mail This Article
പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ എൻഎക്സ് 350 എച്ചിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമായ ലെക്സസ് ഇന്ത്യ. സ്വയമറിവുള്ള സാങ്കേതികവിദ്യയ്ക്കൊപ്പം പ്രകടനക്ഷമതയുടെയും രൂപകൽപനയുടെയും വൈദ്യുതീകരണത്തിന്റെയുമൊക്കെ സമന്വയമായാണു ലെക്സസ് എൻ എക്സ് 350 എച്ച് അവതരിപ്പിക്കുന്നത്. എക്സ്ക്വിസിറ്റ്, ലക്ഷ്വറി, എഫ് – സ്പോർട് വകഭേദങ്ങളിലാണ് ‘എൻ എക്സ് 350 എച്ച്’ ലഭ്യമാവുക. ലെക്സസ് ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററുകൾ മുഖേന കാർ ബുക്ക് ചെയ്യാനാവും.
ടാസുണ കൺസപ്റ്റ് സഹിതമെത്തുന്ന ഭാവി ലെക്സസ് മോഡലുകൾക്കുള്ള വ്യാപാരനാമമായാണ് എൻ എക്സ് ഉപയോഗിക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. 2018ലാണ് ലെക്സസ് എൻ എക്സ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 2020ൽ എൻ എക്സ് 300 എച്ച് എക്സ്ക്വിസിറ്റ് അവതരിപ്പിച്ച് ലെക്സസ് ഈ ശ്രേണി വിപുലീകരിച്ചു.
സ്ഥലസൗകര്യവും സംവിധാനങ്ങളിലെ മികവും സ്പോർട്ടിനെസുമൊക്കെയായി ഇന്ത്യക്കാരുടെ ഇഷ്ട മോഡലായി മാറാൻ എൻ എക്സിനു സാധിച്ചതായി ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി അഭിപ്രായപ്പെട്ടു. പുതുതായി അവതരിപ്പിക്കുന്ന എൻഎക്സ് 350 എച്ചിന് ആഡംബര കാർ വിപണിയിൽ പുതിയ നിലവാരം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
English Summary: New Lexus NX 350h SUV bookings open