ADVERTISEMENT

പഴയകാല പ്രീമിയം ആഡംബര കാറായിരുന്ന കോണ്ടസയുടെ (Contessa) ബ്രാൻഡ് നാമം വിൽക്കാൻ ഒരുങ്ങി ഹിന്ദുസ്ഥാൻ മോട്ടോഴ്സ് (Hindustan Motors). കോണ്ടസാ (Contessa) എന്ന  ബ്രാൻഡ് നാമം എസ്ജി കോർപറേറ്റ് മൊബിലിറ്റി എന്ന കമ്പനിക്ക് നൽകാനുള്ള ധാരണാപത്രം ഒപ്പുവച്ചു എന്നാണ് വാർത്തകൾ. എത്ര രൂപയ്ക്കാണ് കോണ്ടസ എന്ന പേര് വിൽക്കുന്നതെന്ന് വ്യക്തമല്ല. നേരത്തെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഉടമകളായ സികെ ബിർള ഗ്രൂപ്പ് (CK Brila Group) അംബാസിഡർ ബ്രാൻഡ് നാമം 80 കോടി രൂപയ്ക്ക് പിഎസ്എ ഗ്രൂപ്പിന് വിറ്റിരുന്നു.

 

പിഎസ്എ ഗ്രൂപ്പ് (PSA Group) സികെ ബിർളയും ചേർന്ന് അംബാസിഡർ വീണ്ടും വിപണിയിലെത്തിക്കുകയാണ് എന്ന വാർത്തകളും പുറത്തുവന്നിരിന്നു. എന്നാൽ കോണ്ടസയുടെ ഭാവിയെപ്പറ്റി ഇതുവരെ വ്യക്തതയില്ല. ആ പേരിൽ തന്നെ പുതിയ വാഹനം പുറത്തിറക്കാനാണോ എസ്ജി കോർപറേറ്റ് മൊബിലിറ്റി ബ്രാൻഡ് നാമം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

 

കോണ്ടസ, സെഡാനുകളുടെ ഓൾഡ് കിങ്

 

അക്കാലത്ത് കോണ്ടസയായിരുന്നു കുലീനൻ. ഓട്ടക്കീശയും വില്ലനോടുള്ള പ്രതികാരദാഹവുമായി നാടുവിട്ട് പണക്കാരനായി തിരിച്ചെത്തുന്ന നായകനും പ്രതാപിയായ വില്ലനും മുതലാളിയുമൊക്കെ വെള്ളിത്തിരയിൽ വന്നിറങ്ങിയതു കോണ്ടസയിലായിരുന്നു. ഉച്ചിയിൽ ചുവന്ന ലൈറ്റും കത്തിച്ചു നമ്മുടെ മന്ത്രിമാർ കാറ്റിനും മുമ്പേ പറക്കാൻ കൂട്ടുപിടിച്ചതും പണക്കാരും ബിസിനസുകാരുമൊക്കെ അന്തസ്സിന്റെ അടയാളമായി കൊണ്ടുനടന്നതും കോണ്ടസയായിരുന്നു.

 

അതിനുംമുമ്പ്, അംബാസിഡര്‍ കാറുകള്‍ ഇന്ത്യയില്‍ രാജാവായി വാണിരുന്ന കാലം. കാാാര്‍ എന്നാല്‍ അംബാസിഡര്‍, മറ്റെല്ലാം വെറും കാറുകള്‍ മാത്രം. അംബാസിഡറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് മറ്റൊരു കാർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

 

1958 മുതൽ കമ്പനിയുടെ മുഖമുദ്രയായി മാറിയ അംബാസിഡറിനെ കൂടാതെ ഒരു കാര്‍ കൂടി വേണമെന്ന ചിന്ത എച്ച്എമ്മിനു തോന്നിത്തുടങ്ങിയിട്ടു കാലം കുറച്ചായിരുന്നു. 1970 ല്‍ തുടങ്ങിയ അന്വേഷണം ചെന്നുനിന്നത് സ്‌കോട്ടിഷ് കമ്പനിയായ വോക്‌സ്‌ഹെല്‍ വിക്ടര്‍ വി എക്‌സിലായിരുന്നു. 1976 മുതല്‍ 1978 വരെ വോക്‌സ്‌ഹെല്‍ പുറത്തിറക്കിയിരുന്ന ഒരു കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവകാശം എച്ച്എം സ്വന്തമാക്കി. 

 

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ കൊല്‍ക്കത്തയിലെ നിര്‍മാണശാലയിലായിരുന്നു ഇന്ത്യയുടെ സ്വന്തം ലക്ഷ്വറി കാറായ കോണ്ടസയുടെ ജനനം. 1982 ല്‍ ടെസ്റ്റ് കാറുകള്‍ പുറത്തിറക്കിയ കമ്പനി 1984 ല്‍ കോണ്ടസയെ നിരത്തിലെത്തിച്ചു. അംബാസിഡറും പ്രീമിയര്‍ പത്മിനിയും ഉൾപ്പെടെ കുറച്ചു കാറുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ നിരത്തിലെ ആദ്യകാല ലക്ഷ്വറി കാറുകളിലൊന്നായി കോണ്ടസ. ലക്ഷ്വറി കാറുകള്‍ അധികമില്ലാതിരുന്ന കാലത്ത് അത് ആഡംബരത്തിനു പുതിയ മാനങ്ങള്‍ നല്‍കി. തുടക്കത്തില്‍ 50 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ എന്‍ജിനായിരുന്നു കാറില്‍. നാല് സ്പീഡ് ഗിയര്‍ബോക്‌സുള്ള കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററും. ഏകദേശം 83500 രൂപയായിരുന്നു പുറത്തിറങ്ങിയ കാലത്ത് ഈ ലക്ഷ്വറി മസില്‍ കാറിന്റെ വില.

 

കാറിന്റെ ലക്ഷ്വറി സൗകര്യങ്ങള്‍ ഉപഭോക്താവിന്റെ മനം കവര്‍ന്നെങ്കിലും കരുത്തു കുറഞ്ഞ ചെറിയ എന്‍ജിന്‍ ഒരു പോരായ്മയായിരുന്നു. എണ്‍പതുകളുടെ അവസാനത്തോടെ ജപ്പാനിലെ ഇസൂസു കമ്പനിയുമായുള്ള സഹകരണത്തെത്തുടര്‍ന്ന് 1.8 ലീറ്റര്‍ എന്‍ജിനും അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുമായി കോണ്ടസ ക്ലാസിക് പുറത്തിറങ്ങി. പിന്നീടു കോണ്ടസയുടെ സുവര്‍ണ കാലമായിരുന്നു. അക്കാലത്തെ പണക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും മറ്റും ഇഷ്ട കാറായി മാറി കോണ്ടസ. 5000 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി കരുത്തും 3000 ആര്‍പിഎമ്മില്‍ 13.8 കെജിഎം കരുത്തുമുണ്ടായിരുന്നു 1.8 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്. തുടര്‍ന്ന് 2000 ല്‍ 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും പുറത്തിറങ്ങി. 

 

25 വര്‍ഷത്തോളം ഇന്ത്യൻ ആഡംബര കാർ വിപണിയിലെ രാജാവായിരുന്നു കോണ്ടസ. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനത്തിൽ വിദേശ ആഡംബര കാറുകൾ ഇന്ത്യയിലേക്കെത്തിയതോടെയാണ് കോണ്ടസയുടെ പ്രതാപകാലത്തിന് അവസാനമായത്. ലക്ഷ്വറിക്കു പുതിയ നിർവചനങ്ങൾ നൽകിക്കൊണ്ട് വിദേശ നിർമാതാക്കളും അവരുടെ പുതിയ നിര കാറുകളും ഇന്ത്യൻ നിരത്തുകളും കാർപ്രേമികളുടെ മനസ്സും കയ്യടക്കിയപ്പോൾ കോണ്ടസ പിന്നിലായിപ്പോയി. 2002 ല്‍ നിര്‍മാണം അവസാനിപ്പിക്കുമ്പോള്‍ 1.8 ലീറ്റര്‍ പെട്രോള്‍, 2.0 ലീറ്റര്‍ ഡീസല്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ വിപണിയിലുണ്ടായിരുന്നു.

 

ഒരൊറ്റപ്പാട്ടു തീരുമ്പോഴേക്കും കോടീശ്വരന്മാരാകുന്ന നായകന്മാരും അകമ്പടിക്കാറുകളുടെ വ്യൂഹത്തിൽ വന്നിറങ്ങുന്ന അധോലോക രാജാക്കന്മാരും വെള്ളിത്തിരയിൽ കോണ്ടസയെ കയ്യൊഴിഞ്ഞുകളഞ്ഞു. മന്ത്രിമാരും വമ്പൻ പണക്കാരും അന്തസ്സും സുരക്ഷയുമൊക്കെ സൂക്ഷിക്കാൻ സ്കോഡയും മെഴ്സിഡീസും ഔഡിയും ബിഎംഡബ്ല്യുവുമൊക്കെ ശീലമാക്കി. എങ്കിലും ഗൃഹാതുരതയുടെ ഓരത്തൊരിടത്ത് ഓരോ വാഹനപ്രേമിയും ആ നീളൻ കാർ പാർക്ക് ചെയ്തിട്ടുണ്ട്; മൺമറഞ്ഞൊരു രാജാവിന്റെ കുലീനമായ ഓർമ പോലെ... 

 

English Summary: Hindustan Motors to sell 'Contessa' brand to SG Corporate Mobility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com