306 കി.മീ റേഞ്ച്, കുറഞ്ഞ വില; ടിയാഗോ ഇലക്ട്രിക് സെപ്റ്റംബര് 28ന്
Mail This Article
ഇലക്ട്രിക് വാഹനവിപണിയിലേക്ക് ടാറ്റയുടെ മൂന്നാമത്തെ പോരാളി, ടിയാഗോ ഇവി അങ്കത്തിനു തയാറായിരിക്കുകയാണ്. ഈ വർഷത്തെ ലോക ഇലക്ട്രിക് വാഹന ദിനമായ സെപ്റ്റംബർ 28ന് വാഹനം വിപണിയിലെത്തുമെന്ന് ടാറ്റ ഉറപ്പു നൽകിയിരിക്കുകയാണ്. ടിഗോർ ഇലക്ട്രിക് കാറിന്റെ തൊട്ടുതാഴെയാണ് ടിയാഗോ ഇവിയുടെ സ്ഥാനം. ഇതോടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറായി ടിയാഗോ മാറും.
എന്നാൽ ഈ ഇലക്ട്രിക് വാഹനത്തിന്റെ യാതൊരുവിധ സ്പെസിഫിക്കേഷനും പുറത്തുവിടാൻ നിർമാതാക്കൾ തയാറായിട്ടില്ല. ടിഗോറിൽ ടാറ്റ നൽകിയ അതേ പവർട്രെയിനും പ്ലാറ്റ്ഫോമും തന്നെയായിരിക്കും ഇവി ഹാച്ചിലും ഉണ്ടായിരിക്കുകയെന്ന് പ്രതീക്ഷിക്കാം. ടിഗോറിൽ 2 മോട്ടർ ഓപ്ഷനുകളാണ് ടാറ്റ നൽകിയിരിക്കുന്നത്. സ്വകാര്യ കാറുകൾക്കും എക്സ്പ്രെസ് – ടി എന്ന മോഡൽ ടാക്സി വകഭേദങ്ങൾക്കുമെന്ന വിധത്തിലാണ് ഇത്. ഇവി ഹാച്ചിലും ഇങ്ങനെ തന്നെ പ്രതീക്ഷിക്കാം.
കുറഞ്ഞ മോഡലായി എത്തുന്ന ടിഗോർ എക്സ്പ്രെസ് – ടി എന്ന മോഡലിന് 41 എച്ച്പി കരുത്തും 105 എൻഎം ടോർക്കുമുള്ള 21.5 കെവി ബാറ്ററി പാക്കായിരിക്കും ലഭിക്കുന്നത്. 213 കിലോമീറ്റർ ദൂരം യാത്രാശേഷിയുള്ള ഈ വാഹനം 15 കെവിഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 2 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാകും.
75 എച്ച്പി – 170 എൻഎം കരുത്തുള്ള മോട്ടറും ടിയാഗോയിലുണ്ടാകുമെന്ന് സൂചനയുണ്ട്. 26 കെവി ലിഥിയം അയോൺ ബാറ്ററി പാക്ക് 306 കിലോമീറ്റർ ദൂരം യാത്രാശേഷി നൽകും. 1 മണിക്കൂർ കൊണ്ട് പൂർണമായി ചാർജ് ചെയ്യാൻ സാധിക്കുന്ന 25 കെവി ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനവും ഉണ്ടാകും.
കംബസ്റ്റ്യൻ എൻജിൻ വാഹനത്തിന്റെ അതേ ഡിസൈൻ പാറ്റേണിൽ വിപണിയിലെത്തുന്ന വാഹനത്തിന് നീല ഹെഡ്‌ലാംപുകൾ ടാറ്റ ഡിസൈനർമാർ നൽകിയേക്കാം. നെക്സോണിൽ ഇത്തരത്തിലുള്ളതാണ്. ടിഗോറിൽ ബാറ്ററി പാക്കിലൊന്ന് ബൂട്ടിനുള്ളിൽ സ്ഥാപിച്ചത് ടിയാഗോയിൽ എവിടെയാകുമെന്ന കൗതുകകരമായ ചോദ്യമാണ് വാഹനപ്രേമികൾ ചോദിക്കുന്നത്.
English Summary: Tata Tiago EV India's Most Affordable Electric Car On Sept 28