ADVERTISEMENT

പത്തുവർഷത്തെ കഠിനാധ്വാനത്തിന് കമ്പനി ഉടമയുടെ സമ്മാനം 70 ലക്ഷം രൂപ വിലവരുന്ന മെഴ്സിഡീസ് ബെൻസ്. കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ഐടി സ്ഥാപനത്തിന്റേതാണ് ഞെട്ടിക്കുന്ന നടപടി.  ബെൻസിന്റെ ആഡംബര സെഡാൻ സി–ക്ലാസാണ് ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണിക്ക് സമ്മാനമായി നൽകിയത്.  വെബ് ആൻഡ് ക്രാഫ്റ്റ്‌സ് കമ്പനി സിഇഒയും സ്ഥാപകനുമായ എബിൻ ജോസ് മേഴ്സിഡസ് ബെൻസിന്റെ താക്കോൽ കൈമാറുമ്പോൾ ക്ലിന്റ് ആന്റണിക്ക് അത് അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും നിമിഷങ്ങളായി. ഒരു പതിറ്റാണ്ടിന്റെ അംഗീകാരം ഇത്ര വിലമതിച്ചതാകുമ്പോൾ ഹൃദയം നിറഞ്ഞു തുളുമ്പി.

 

benz-gift-1
വെബ് ആൻഡ് ക്രാഫ്റ്റ്‌സ് കമ്പനി സിഇഒയും സ്ഥാപകനുമായ എബിൻ ജോസ് മേഴ്സിഡസ് ബെൻസ് ക്ലിന്റ് ആന്റണിക്ക് സമ്മാനിച്ചപ്പോൾ

മെഴ്സിഡീസ് ബെൻസിന്റെ ആഡംബര സെഡാനായ സി ക്ലാസിന്റെ ഡീസർ പതിപ്പ് സി 220 ഡിയാണ് സമ്മാനമായി നൽകിയത്. രണ്ടു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 200  ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. 

 

benz-gift-2
വെബ് ആൻഡ് ക്രാഫ്റ്റ്‌സ് കമ്പനി സിഇഒയും സ്ഥാപകനുമായ എബിൻ ജോസ് മേഴ്സിഡസ് ബെൻസ് ക്ലിന്റ് ആന്റണിക്ക് സമ്മാനിച്ചപ്പോൾ

ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശി ആന്റണിക്ക് വാഹനം കൈമാറിയത്. 2012ൽ "വെബ്  ആൻഡ്  ക്രാഫ്റ്റ്‌സ് "ആരംഭിച്ചതു മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് കമ്പനിയുടെ ആദ്യജീവനക്കാരൻ കൂടിയാണ്. നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തതെന്ന് സിഇഒ എബിൻ വ്യക്തമമാക്കി. "കഠിനാധ്വാനികളും ,  അർപ്പണബോധമുള്ളവരുമായ ഒരു മികച്ച  ടീമാണ് കമ്പനിയുടെ നട്ടെല്ല്. ദീർഘകാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനത്തിനും, വിശ്വസ്തതയ്ക്കുമാണ് ഈ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു.  

 

2012ൽ നാലു പേരുമായി ആരംഭിച്ച വെബ് ആൻഡ് ക്രാഫ്റ്റിനു നിലവിൽ 320ൽ അധികം ജീവനക്കാരുണ്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത്  ആൻഡ്  സൗത്ത്  അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള 650ൽ അധികം ക്ലയന്റുകൾക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകൾ, ഇ-കൊമേഴ്‌സ് ഡെവലപ്‌മെന്റ്, വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡൈനാമിക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ കമ്പനി നൽകുന്നു. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ വെബ്  ആൻഡ്  ക്രാഫ്റ്റ്‌സ് സേവനങ്ങൾ  നൽകുന്നുണ്ട്. കൂടാതെ "ഐകിയ" പോലുള്ള ആഗോള ഫോർച്യൂൺ 500 കമ്പനികളുമായും കേരളത്തിൽ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്,  സിന്തൈറ്റ്, കെഎസ്എഫ്ഇ,  തുടങ്ങിയവയ്ക്കും  വെബ് ആൻഡ്  ക്രാഫ്റ്റ്‌സ് സേവനങ്ങൾ നൽകി വരുന്നു.

 

ജീവനക്കാരുടെ കഠിനാധ്വാനവും സംഭാവനകളും അംഗീകരിക്കുന്നതിനാണ് നന്ദിപൂർവം അവരിൽ ഒരാൾക്ക് ഈ പ്രത്യേക സമ്മാനം നൽകുന്നതെന്ന് വാക് വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു. കമ്പനിയുടെ മൂല്യങ്ങളുടെയും ജീവനക്കാർക്കുള്ള അർപ്പണബോധത്തിന്റെയും തെളിവുകൂടിയാണ് ഈ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. 

 

19 വയസുള്ളപ്പോൾ സ്വന്തം സ്ഥാപനം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒയാണ് എബിൻ. എൻജിനീയറിങ് പഠനകാലത്ത് 40-ലധികം വെബ്‌സൈറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഐ‌ഐ‌എമ്മുകൾ പ്രസിദ്ധീകരിച്ച സ്‌മോൾ ബിഗ് ബാംഗ് എന്ന പുസ്തകത്തിലെ ഏറ്റവും പ്രതിഭാസമ്പന്നായ സംരംഭകരുടെ പട്ടികയിൽ ഇടം  നേടി. കൂടാതെ ലോസാഞ്ചൽസിൽ നടന്ന ഐസിഎഎൻഎന്നിന്റെ 51ാമത് പൊതുയോഗത്തിൽ യുഎസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കറുടെ ആഗോള അംഗീകാരവും  എബിൻ  കരസ്ഥമാക്കിയിട്ടുണ്ട്.

 

ഇൻഫോപാർക്ക് സി. ഇ. ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി. ഇ. ഒ -കെ ജി ഗിരീഷ് ബാബു, വെബ്  ആൻഡ് ക്രാഫ്റ്റ്‌സിന്റെ മെന്റർ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോർപ്പറേറ്റ് ട്രെയിനർ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

 

English Summary: Web and Crafts, IT Company In infopark Kochi Gifted Benz to Employee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com