സബ്‌സിഡി കുറഞ്ഞു, ഓല സ്കൂട്ടറിന്റെ വില 15000 രൂപ വരെ വർധിച്ചു
Mail This Article
ബംഗളൂരു ആസ്ഥാനമായുള്ള വൈദ്യുത സ്‌കൂട്ടര്‍ കമ്പനിയായ ഓല ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു. വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്കുള്ള FAME II നിലവില്‍ വന്നതോടെ സബ്‌സിഡിയില്‍ കുറവു വന്നതാണ് വര്‍ധനവിന് പിന്നിൽ. ഏകദേശം 15,000 രൂപയാണ് ഓല വര്‍ധിപ്പിച്ചിരിക്കുന്നത്. വൈകാതെ മറ്റു വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളും ഓല ഇലക്ട്രിക്കിന്റെ പാത പിന്തുടരാനാണ് സാധ്യത.
കഴിഞ്ഞ മെയ് 21നാണ് പുതുക്കിയ FAME II നിബന്ധനകള്‍ പ്രകാരം കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വൈദ്യുത സ്‌കൂട്ടറുകള്‍ക്കുള്ള സബ്‌സിഡി കിലോവാട്ടിന് 15,000 രൂപയെന്നത് 10,000 രൂപയാക്കി കുറക്കുന്നത്. ഇതോടെ ഓല ഇലക്ട്രിക് ഓല എസ്1ന്റെ വില 1,14,999 രൂപയില്‍ നിന്നും 1,29,999 രൂപയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 84,999 രൂപയുണ്ടായിരുന്ന ഓല എസ്1എയറിന്റെ വില 99,999 രൂപയാക്കിയിട്ടുണ്ട്. എസ്1 സീരീസിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ഓല എസ്1 പ്രൊയുടെ വില 1,24,999 രൂപയില്‍ നിന്നും 1,39,999 രൂപയായും കൂട്ടി.
FAME II പദ്ധതി പ്രകാരം 4kWh ബാറ്ററിയുള്ള ഒല എസ്1 പ്രോക്ക് പരമാവധി 59,550 രൂപ സബ്‌സിഡിക്കാണ് അര്‍ഹതയുള്ളത്. വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയുടെ പരമാവധി 15% മാത്രമേ സബ്‌സിഡി നല്‍കാനാവൂ എന്ന പുതിയ ചട്ടമാണ് വൈദ്യുത സ്‌കൂട്ടറുകളുടെ വില കൂട്ടുന്നത്. നേരത്തെ ഇത് 40% ആയിരുന്നു. ഇതോടെ എസ്1ന് 44,700 രൂപ സബ്‌സിഡി ലഭിച്ചിരുന്നത് 20,678 രൂപയായി കുറയുകയായിരുന്നു.
മറ്റൊരു വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥറും വാഹനവിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഥറിന്റെ 450X ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് 32,500 രൂപയാണ് കൂട്ടിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ വിലവര്‍ധനവ് നിലവില്‍ വരും. ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്(വിഡ), ടി.വി.എസ് മോട്ടോഴ്‌സ്, ടോര്‍ക്ക് മോട്ടോഴ്‌സ് തുടങ്ങി വൈദ്യുത ഇരുചക്ര വാഹന രംഗത്തെ പ്രമുഖ കമ്പനികളും വൈകാതെ വിലവര്‍ധനവ് പ്രഖ്യാപിച്ചേക്കും.
English Summary: Fame-II subsidy: Ola S1 Electric Scooter Price Hiked By RS 15000